76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുഎസിലെ ഇന്ത്യൻ- അമേരിക്കൻ സമൂഹം തങ്ങളുടെ രാജ്യത്തെ കൂടുതൽ നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്നും ബൈഡൻ പറഞ്ഞു. "ലോകമെമ്പാടുമുള്ള, ഏകദേശം നാല് ദശലക്ഷം ഇന്ത്യൻ -അമേരിക്കക്കാർ ഉൾപ്പെടെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 76ആം വാർഷികം ഓഗസ്റ്റ് 15ന് ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ സത്യത്തിന്‍റെയും അഹിംസയുടെയും ശാശ്വത സന്ദേശത്താൽ നയിക്കപ്പെടുന്ന അതിന്‍റെ ജനാധിപത്യ യാത്രയെ ബഹുമാനിക്കാൻ അമേരിക്ക ഇന്ത്യയിലെ ജനങ്ങളോടൊപ്പം ചേരുന്നു.'- ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇന്ത്യയും യുഎസും നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ പങ്കാളിത്തത്തിൽ വിശ്വാസം പ്രകടിപ്പിച്ച ജോ ബൈഡൻ, നിയമങ്ങൾ സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് പറഞ്ഞു.