ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന് ഐഎംഎ


നിലവിലെ സാഹചര്യത്തിൽ‍ കേരളത്തിൽ അടച്ചിടൽ‍ പോലെയുള്ള നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ‍ അസോസിയേഷൻ‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനൽ‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർ‍ദ്ധിക്കും. എന്നാൽ‍ രോഗം തീവ്രമാകാൻ സാധ്യത കുറവാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ‍ കോശി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

2−3 ആഴ്ചത്തെ രോഗ വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമായ നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്താം. മൂന്നാം തരംഗം മുൻ‍നിർ‍ത്തി ഐഎംഎ സർ‍ക്കാരിന് നിർ‍ദേശങ്ങൾ‍ സമർ‍പ്പിക്കും. നിലവിൽ‍ വിവിധ ആശുപത്രികളിൽ‍ ആരോഗ്യ പ്രവർ‍ത്തകരുടെ എണ്ണം അപര്യാപ്തമാണ്. കൂടുതൽ‍ ആരോഗ്യപ്രവർ‍ത്തകരെ നിയമിക്കുന്ന കാര്യവും സർ‍ക്കാർ‍ പരിഗണിക്കണമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

സംസ്ഥാനത്തെ കൊവിഡ് ഒമിക്രോൺ വ്യാപന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30ന് ഓൺലൈനായാണ് യോഗം. നിലവിലെ സാഹചര്യത്തിൽ‍ സംസ്ഥാനത്ത് ഏർ‍പ്പെടുത്തേണ്ടതായ നിയന്ത്രണങ്ങളെ പറ്റി യോഗം ചർ‍ച്ച ചെയ്യും.

കേസുകൾ‍ വർ‍ധിക്കുന്ന സാഹചര്യത്തിൽ‍ കൊവിഡ് വാക്‌സിനേഷനും പരിശോധനകളും ഊർ‍ജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിർ‍ദ്ദേശം നൽ‍കും. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സാഹചര്യം യോഗം പ്രത്യേകം വിലയിരുത്തും. അന്താരാഷ്ട്ര യാത്രക്കാരുടെ നിർ‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കും. സന്പർ‍ക്ക രോഗികൾ‍ വർ‍ദ്ധിക്കുന്നതിനാൽ‍ ആൾ‍ക്കൂട്ട നിയന്ത്രണത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങളും സർ‍ക്കാർ‍ ആലോചിക്കുന്നുണ്ട്.

You might also like

Most Viewed