റിക്രൂട്ട്മെന്റ് നടത്തുന്നതിനിടെ എച്ച്.ആർ മാനേജറെ പുറത്താക്കി ഗൂഗ്ൾ

റിക്രൂട്ട്മെന്റ് നടത്തുന്നതിനിടെ എച്ച്.ആർ മാനേജറെ പുറത്താക്കി ഗൂഗ്ൾ. കമ്പനിയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യു നടക്കുന്നതിനിടെയാണ് എച്ച്.ആറിനെ തന്നെ പുറത്താക്കിയുള്ള അറിയിപ്പ് പുറത്തിറങ്ങിയത്. എച്ച്.ആർ മാനേജർ ഡാൻ ലാനിഗൻ റയാനെയാണ് പുറത്താക്കിയത്.കമ്പനിയിലെ ആറ് ശതമാനം തൊഴിലാളികളെ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. കരാർ അടിസ്ഥാനത്തിൽ നവംബർ 2021ലാണ് ഡാൻ ലാനിഗൻ റയാൻ ഗൂഗ്ളിൽ ചേരുന്നത്. സ്വപ്നതുല്യമായ ജോലിയിൽ നിന്നും ഇങ്ങനെയൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് റയാൻ ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഒരു വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിച്ചിരുന്നു. അതോടൊപ്പം ക്ലൗഡ് സെയിൽസിലെ റിക്രൂട്ട്മെന്റ് ടീമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച സന്‍റ്പള വർധനവിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇത് അസ്വാഭാവിക നടപടിയായാണ് കമ്പനി കണ്ടത്.
അതേസമയം, തന്റെ കൂടെ ജോലി ചെയ്തവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. അടുത്ത ജോലിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയെന്നും റയാൻ കൂട്ടിച്ചേർത്തു.മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാർക്ക് പിന്നാലെയാണ് ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത്. ഇതുവഴി 12000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമാണെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ തൊഴിലാളികൾക്ക് അയച്ച ഇ−മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു. ആഗോളതലത്തിലുള്ള പിരിച്ചുവിടൽ ആദ്യം ബാധിക്കുക, യു.എസിലെ ജീവനക്കാരെയാണ്. മറ്റ് രാജ്യങ്ങളിൽ അവിടുത്തെ നിയമങ്ങൾക്കനുസൃതമായാകും നടപടിയെടുക്കുക. അതേസമയം, പിരിച്ചുവിട്ടവർക്ക് ഗൂഗിൾ പലതരത്തിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
fhdh