2021−22ൽ ബൈജൂസിന്റെ വരുമാനം മുൻവർഷത്തേക്കാൾ നാലിരട്ടി; അഭ്യൂഹങ്ങൾ തള്ളി ബൈജു രവീന്ദ്രൻ

2021 സാമ്പത്തിക വർഷത്തിൽ 4564 കോടി രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തെ മുന്‍നിര ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിന് ഉണ്ടായി എന്നത് കേരളത്തിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. അതിനെ തുടർന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കവേ ജീവനക്കാർക്ക് കത്തെഴുതി ബൈജൂസ് സ്ഥാപകനും സിഇഓയുമായി ബൈജു രവീന്ദ്രൻ. ബൈജൂസ് 200 കോടി ഡോളറിന്റെ വരുമാന വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബൈജു രവീന്ദ്രൻ കത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കിന്റർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെയുള്ള ശ്രേണിയിലുള്ള തൊട്ടടുത്ത രണ്ട് പ്രതിയോഗികളെക്കാൾ 20 മടങ്ങു വലുതാണിത്, വിൽപനയാണിത്. 2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിര വളർച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2020−21ലെ പ്രവർത്തനഫലം പുറത്തുവിടാൻ വൈകിയതാണ് കമ്പനിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിക്കാൻ ഇടയാക്കിയത്. 17 മാസം വൈകിയാണ് ഫലം പുറത്തുവിട്ടത്. അതിനെ കുറിച്ചും ബൈജു കത്തിൽ വിശദമാക്കി.
ഉൽപന്നങ്ങൾ, ബിസിനസ് മാതൃകകൾ, ഉപഭോക്താക്കളുടെ ശ്രേണി തുടങ്ങി എല്ലാ മേഖലയിലുമായി കമ്പനി വളർന്നതിനനുസരിച്ച് ഓഡിറ്റ് കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജമായിരുന്നില്ല. ഒട്ടേറെ ഏറ്റെടുക്കലുകളും ഓഡിറ്റ് വൈകാനിടയാക്കി. അതേസമയം തന്നെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. 2021−22ൽ 10,000 കോടി രൂപയായി വരുമാനം വളർന്നിട്ടുണ്ട്. മുൻവർഷത്തേക്കാൾ നാലിരട്ടിയാണിത്. ബൈജൂസിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം കൂടിയാണിത്. 2022−23ൽ ഇതിലും നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
jhhjy