കേന്ദ്ര ഐടി ചട്ടങ്ങൾക്ക് എതിരായ 20 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്‌സ്ആപ്പ്


ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾക്ക് എതിരായ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് വാട്‌സ്ആപ്പ്. മെയ് 15 മുതൽ ജൂൺ 15 വരെ 20 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. കേന്ദ്ര ഐടി നിയമങ്ങൾ പ്രകാരം തയ്യാറാക്കിയ പ്രതിമാസ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ഓട്ടോമേറ്റഡ് ടെക്കനോളജി ഉപയോഗിച്ചാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.

ഒരു മാസത്തിനിടെ ലോകത്ത് 80 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് വിലക്കിയത്. നിരന്തരമായി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി ടെക്നോളജിയിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് ഫേസ്ബുക്ക് നിയന്ത്രണത്തിലുളള കമ്പനിയായ വാട്‌സ്ആപ്പ് അറിയിച്ചു. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയുകയാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നത് കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അതിനാലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകൾ വിലക്കിയതെന്നും വാട്‌സ്ആപ്പ് പറഞ്ഞു.

ഇന്ത്യയിൽ മാത്രം 530 മില്യൺ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് ഒരു മാസത്തിനിടെ 345 പരാതികളാണ് ലഭിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ പ്ലാറ്റ്‌ഫോമുകൾക്കും ഐടി ചട്ടങ്ങൾ ബാധകമാണ്. ഇത് പ്രകാരം മൂന്ന് കോടിയോളം പോസ്റ്റുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്. ഇൻസ്റ്റഗ്രാം 20 ലക്ഷം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചു.

ഓൺലൈൻ അധിക്ഷേപങ്ങൾ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഏർപ്പെടുത്തുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ പുതുക്കിയ ഐടി ചട്ടങ്ങൾ പുറത്തിറക്കിയത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകൾ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിന്റെ പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കണമെന്നും ഐടി ചട്ടങ്ങൾ നിർദ്ദേശിക്കുന്നു.

You might also like

Most Viewed