പ്രശസ്ത അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു


മുംബൈ: പ്രശസ്ത അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സുരേഖ 1978ൽ കിസ കുർസി ഹേ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമസ്(1986), മാമ്മോ (1995), ബധായി ഹോ (2019) എന്നി ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കി.

1998ൽ പുറത്തിറങ്ങിയ ജന്മദിനം എന്ന മലയാള ചിത്രത്തിലും സുരേഖ അഭിനയിച്ചു. 1990 കള്‍ മുതല്‍ ടെലിവിഷന്‍ രംഗത്തും സുരേഖ സജീവമായിരുന്നു. "ബാലിക വധു' എന്ന സീരിയയിലെ കല്യാണി ദേവിയായി നിറഞ്ഞാടി കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി. 2008 മുതൽ 2016 വരെ സീരിയലിൽ അഭിനയിച്ചു. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം. 1989ൽ സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. പിതാവ് വ്യോമസേന ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമായിരുന്നു. പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭര്‍ത്താവ്. ഒരു മകനുണ്ട്. പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരിയാണ്.

You might also like

Most Viewed