ഹൃസ്വദൃഷ്ടി + മറവി = ഫാസിസം


വിഷം ശരീരത്തിൽ പ്രവേശിച്ചാൽ അത് ഓരോ അവയവത്തെയും എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് ആയുർവേദം വിശദീകരിക്കുന്നുണ്ട്. വിഷങ്ങളെ പല  ഗണങ്ങളാക്കി തിരിച്ച് അവയോരൊന്നും ഏതേതു അവയവങ്ങളെ എങ്ങനെയൊക്കെ ബാധിക്കും എന്ന് ആയുർവേദം വിശദീകരിക്കുന്നത് കേവലമായ ആരോഗ്യശാസ്ത്രം എന്ന നിലയിലല്ല. 

എല്ലാ വിഷങ്ങൾക്കും ഒരു പ്രാപഞ്ചിക ദൗത്യവും നീതി ശാസ്ത്രവുമൊക്കെയുണ്ടെന്ന് ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്. ഏതു വിഷവും മൂർദ്ധാവിൽ എത്തുന്നതോടെ ഉച്ഛസ്ഥായിലാകും. പിന്നെ എന്ത് എങ്ങനെയൊക്കെ എന്നത് സമാന്യ തത്വങ്ങൾ കൊണ്ട് വിശദീകരിക്കാനാവില്ല. എന്തായാലും അത് വിഷത്തിന്റെ  ദൗത്യം പൂർത്തീകരിക്കാനുള്ള അവസാന ചുവടുവെപ്പുകളിലായിരിക്കും.

മുതലാളിത്തത്തിന്റെ   ഉച്ഛസ്ഥായിയാണോ  ഉദാരവൽക്കരണം? അത് സമൂഹത്തിന്റെ മൂർദ്ധാവിൽ എത്തിക്കഴിഞ്ഞോ? ഇതോടെ എല്ലാത്തിന്റെയും അവസാനമായിരിക്കുമോ? അതോ അത്ഭുതങ്ങൾ സംഭവിപ്പിച്ച് അതിജീവനത്തിന്റെ പുതിയപാതകളിലൂടെ  മനുഷ്യ സമൂഹം മുന്നേറുമോ? ആർക്കറിയാം. ഏതായാലും ഒന്ന് ഉറപ്പിച്ചു പറയാം. കാൽനൂറ്റാണ്ട് പൂർത്തീകരിച്ച നവ ഉദാരവൽക്കരണം അത്ര നിസ്സാരമായ ഒന്നല്ല. മനുഷ്യ രാശിയുടെ മൂർദ്ധാവിൽ വിഷം തീണ്ടിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങളൊക്കെ പ്രകടമാണ്. അപാരമായ മാന്ത്രിക സിദ്ധികൾ ഉള്ളതാണ് നവ ഉദാരവൽക്കരണം. അത് മനുഷ്യകുലത്തെ ആകെ ഹൃസ്വദൃഷ്ടികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഭൂമുഖത്ത് മനുഷ്യരാശി ഉടലെടുത്തതിന് ശേഷമുള്ള സുദീർഘവും ത്യാഗസുരഭിലവുമായ ചരിത്രം അസാമാന്യ കൈയടക്കത്തോടെ തമസ്കരിക്കാൻ അതിന് കഴിയുന്നു. വർത്തമാനത്തിൽ ആടിത്തിമർക്കുന്ന പുതുതലമുറ തന്റെ പിന്നാന്പുറങ്ങളിലേക്ക് നോക്കുകയോ അത് അറിയാൻ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അവരുടെ മുന്നിൽ ‘ഇന്ന്’ എന്നതേയുള്ളൂ. അടിച്ചുപൊളിച്ച് അർമാദിക്കാനുള്ള ഇന്ന്, നാളെയെന്നത് തന്റെ സ്വന്തം നാളെയാണ്. തനിക്കപ്പുറമുള്ള ഒന്നിന്റെയും നാളെയെക്കുറിച്ച്‌ അവർ ഓർക്കുക പോലുമില്ല. തന്റെ തന്നെ നാളെ എന്നത് തനിക്കു മുന്നിലുള്ള ഏതാനും ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ മാത്രമാണ്. പത്തുവർഷത്തിനപ്പുറമുള്ള തന്നെക്കുറിച്ചോ തന്റെ അടുത്ത തലമുറയെക്കുറിച്ചോ ഭൂമിയെക്കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ ഒന്നും അവർ അന്വേഷിക്കുന്നില്ല. അറിയുന്നില്ല. അല്ലെങ്കിൽ അറിയാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് നവ ഉദാരവൽക്കരണകാലത്ത് ജീവിക്കുന്ന മനുഷ്യരാകെ ഹൃസ്വദൃഷ്ടികളായി തീർന്നിരിക്കുന്നു എന്ന് പറയപ്പെടുന്നത്‌. മൂക്കിന് മുട്ടിനിൽക്കുന്നത് മാത്രമാണ് നാളെ. അടുത്ത നിമിഷത്തിൽ തന്റെ സുഖഭോഗങ്ങൾ; അതിനു വേണ്ടി ഉപയോഗിച്ച് വലിച്ചെറിയാനുള്ളതാണ് സഹജീവികളും ജൈവ മണ്ധലവും മണ്ണും പ്രകൃതിയുമൊക്കെ. അതിനപ്പുറത്തേയ്ക്ക് ഏതാനും പതിറ്റാണ്ടുകൾ മാത്രം ആയുസ്സുള്ള മനുഷ്യൻ എന്തിന് അന്വേഷിക്കുന്നു എന്നത് നവ ഉദാരവൽക്കരണം ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം തന്നെയാണ്. ഈ നിമിഷത്തിൽ മുതലിറക്കുന്ന പണം അടുത്ത മണിക്കൂറുകളിൽ പല മടങ്ങായി തിരിച്ചു വരണം. എന്തും കുത്തിക്കവർന്ന് എല്ലാ മൂല്യങ്ങളും ചവിട്ടിമെതിച്ച് അത് നിർവ്വഹിക്കുന്നതാണ് കോർപ്പറേറ്റ് ബലതന്ത്രം. ഇതൊക്കെ കൈയടക്കാനുള്ള ഉപകരണമാണ് രാഷ്ട്രീയം; അധികാരം. അധികാരം കൈയിലുള്ളപ്പോൾ മറ്റെല്ലാം പൈഡ് പൈപ്പറുടെ കുഴൽ വിളിക്ക് പിന്നാലെ എലികൾ നൃത്തം ചെയ്തു വന്നത് പോലെ തനിയെ വന്നോളും.

രാഷ്ട്രീയ പാർട്ടികൾക്ക് പണ്ട് അടിയന്തിര കടമകളും സുദീർഘമായ കാലത്തേക്കുള്ള കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാർ അതിനെ ‘അടവും തന്ത്രവും’ എന്ന് വിളിച്ചു. വർത്തമാനകാല പരിസരത്ത് താൽക്കാലികമായ ജനന്മക്കായി സ്വീകരിക്കുന്ന നടപടികളാണ് അടവുകൾ. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ അന്തിമ ലക്ഷ്യങ്ങളെ നിഹനിക്കാത്തതും അതിലേക്കുള്ള പ്രയാണം അനായാസമാക്കിത്തീർക്കാനുമുള്ളതാണ് അടവുകൾ. അടവ് നയം എന്നൊക്കെയാണ് അത് വിശേഷിപ്പിക്കപ്പെടുക.  ജനാധിപത്യവൽക്കരണവും സോഷ്യലിസവും ആ വഴി കമ്യൂണിസവുമൊക്കെ സ്ഥാപിക്കലാണ് ‘തന്ത്രം’ അഥവാ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തി വിദൂരമായ സാദ്ധ്യതയായിരിക്കാം. എന്നാലും അതിന് സഹായകമല്ലാത്ത, അതിലേക്കുള്ള മുന്നേറ്റത്തിന് തടസ്സങ്ങളുണ്ടാക്കുന്ന ഒരു അടവും സ്വീകാര്യമല്ല. ആത്യന്തിക ലക്ഷ്യമാണ്‌ പരമപ്രധാനം.  

ഇങ്ങനെ അടവെന്നും തന്ത്രമെന്നുമൊക്കെ വിശദീകരിക്കുന്നില്ലെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം കാഴ്ച്ചപ്പാടുകളൊക്കെ രേഖപ്പെടുത്തിയ കിത്താബുകളുണ്ട്. എന്തിനധികം പറയുന്നു കേരളാ കോൺഗ്രസ്സിനു പോലും ഇതൊക്കെയുണ്ട്. ജോസ് കെ മാണി ഉണ്ണാവ്രതം അനുഷ്ഠിച്ചതെന്തിനെന്നു ചോദിച്ചാൽ ഉത്തരം റെഡി, റബ്ബർ കർഷകരുടെ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി. ഇനി കെ.എം. മാണി അമിത് ഷായെ കണ്ട് ചർച്ച നടത്താനുള്ള നീക്കം നടത്തിയതോ, സംശയമുണ്ടോ? റബ്ബർ വിലക്കുറവിനെക്കുറിച്ചു സംസാരിക്കാനും അമിത് ഷാ വഴി കേന്ദ്ര സർക്കാരിലിടപെട്ട് റബ്ബർ കർഷകരെ രക്ഷിക്കാനുമാണ്. ദോഷൈകദൃക്കുകളായ മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത് പോലെ ഇതൊന്നും ഉമ്മൻ ചാണ്ടിയുമായി വിലപേശാനോ, ബാർ കോഴയുടെ ചളിപ്പ്‌ മാറ്റാനോ ഒന്നുമല്ല. ഇതൊക്കെ തങ്ങളുടെ താൽക്കാലിക ലക്ഷ്യങ്ങളാണ്. ഇനി അൽപ്പം നീണ്ട കാലയളവിലേക്കാണെങ്കിലും പൂർത്തീകരിക്കേണ്ട ആത്യന്തിക ലക്ഷ്യമുണ്ട് അവർക്ക്. അതല്ലേ മാണിയുടെ ‘അദ്ധ്വാനവർഗ്ഗ സിദ്ധാന്തം’. അത് പൂർത്തിയാക്കാനുള്ള വെപ്രാളത്തിലാണ് ഇന്നീ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളൊക്കെ. അല്ലാതെ മാണിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചു വരാനുള്ള തിടുക്കമോ ആർത്തിയോ അത്യാർത്തിയോ ഒന്നുമില്ല. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനമെന്നും അവർക്ക് അജണ്ടയിൽ പോലുമില്ല. ഇതുപോലെയൊക്കെയാണ് സോഷ്യലിസ്റ്റുകളും. താൽക്കാലികമായി സോഷ്യലിസ്റ്റ് പരിവാർ രൂപീകരിച്ച് പരിശ്രമിക്കുന്നത്, സംഘപരിവാറിനെ നേരിടാനാണ്. അതിനിടയിൽ ബീഹാറിലും മറ്റും ഭരണം കൈവന്നാൽ എന്ത് എന്നത് വേറെ കാര്യമാണ്. ആത്യന്തിക ലക്ഷ്യം സോഷ്യലിസം തന്നെ. കോൺഗ്രസിനുമതെ, പടിപടിയായി ജനാധിപത്യ സോഷ്യലിസം സ്ഥാപിക്കുകയാണ് അവരുടെയും ലക്ഷ്യം. 1955 ൽ തന്നെ അവഡിയിൽ വച്ചു സാക്ഷാൽ നെഹ്റു തന്നെ അത് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജനങ്ങൾക്ക്‌ താൽക്കാലികമായി ആശ്വാസം പകരാനാണ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമൊക്കെ അധികാരത്തിൽ വരാൻ ശ്രമിക്കുന്നത്. കോൺഗ്രസ്‌ പക്ഷെ മറ്റ് പാർട്ടികളെപ്പോലെയല്ല. അധികാരമില്ലാതെ ജന സേവനമൊന്നും അവർ ശീലിച്ചിട്ടില്ല. ഇപ്പോൾ അത് വേണ്ടി വരും എന്ന നിലയായിട്ടുണ്ട്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും മറ്റും ചില കർഷക കുടിലുകളിൽ അന്തിയുറങ്ങാൻ പോകുന്നതും ഹൈദരാബാദ് സർവ്വകലാശാലയിൽ രോഹിത് വെമുലയുടെ മരണത്തെ തുടർന്നുണ്ടായ സമരത്തിൽ ചെന്ന് സത്യാഗ്രഹമിരിക്കുന്നതുമൊക്കെ. അത് മാത്രമല്ല കോഴിക്കോട്ടെ ഹോട്ടലിൽ കയറി പൊറോട്ട തിന്നുന്നതും വഴിയരികെ പെട്ടിക്കടയിൽ കയറി ചായ കുടിച്ചു നോക്കുന്നതുമൊക്കെ. ഇതൊക്കെ അധികാരത്തിന് വേണ്ടിയുള്ള ഗിമ്മിക്കുകളാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവരെ ‘ദോഷൈക ദൃക്കുകൾ’ എന്നല്ലാതെ എന്ത് പറയാനാണ്.

അതവിടെ നിൽക്കട്ടെ ‘നവ ഉദാരവൽക്കരണം’ മനുഷ്യകുലത്തെയാകെ ഹൃസ്വദൃഷ്ടികളാക്കി മാറ്റിയപ്പോൾ രാഷ്ട്രീയ പാർട്ടികളെയും അത് നന്നായി സ്വാധീനിച്ചിട്ടുണ്ട്. ദീർഘമായ ലക്ഷ്യങ്ങളൊക്കെ ഇപ്പോൾ കിത്താബുകളിൽ മാത്രമേയുള്ളൂ. അതെക്കുറിച്ചൊന്നും ഇപ്പോൾ ആരും വ്യാകുലപ്പെടുന്നില്ല. അത്തരം ദീർഘകാല ലക്ഷ്യങ്ങളൊക്കെ ഉണ്ടെന്ന് അറിയുന്ന അനുയായികളും ഇപ്പോൾ വിരളം. 

എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം ആസന്നമായ തിരഞ്ഞെടുപ്പും ആ വഴി അധികാരാരോഹണവുമാണ്. നടക്കാനിരിക്കുന്നത് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. 140 പേർ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെടും. 4 കോടി മലയാളികളിൽ നിന്ന് 140 പേർക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമോർത്ത് എല്ലാവരും ആവേശം കൊള്ളേണ്ടതുണ്ടോ എന്നത് പ്രസക്തമായ ചോദ്യം തന്നെ. പക്ഷെ കാര്യങ്ങൾ ഇക്കണക്കിനൊന്നുമല്ല, തിരഞ്ഞെടുപ്പ് ഒരു ചാകരയാണ്. പിരിവും ബഹളവും ആഘോഷവുമൊക്കെയായി മൊത്തം അർമാദിച്ചുനടക്കാനുള്ള അവസരം ഒരുക്കും. അത് മാത്രമല്ല വാർഡ്‌ നേതാവ് മാത്രമാണെങ്കിലും ഭരണം തന്റെ പാർട്ടിക്ക് കൈവന്നാൽ ഭരണകക്ഷി നേതാവായി വിലസാൻ അത് അവസരമൊരുക്കും. അത്യാവശ്യം പകിടികളൊക്കെ തടഞ്ഞെന്നും വരും. ഒന്നുമില്ലെങ്കിലും ഒരു പോലീസ് േസ്റ്റഷനിലും മറ്റും ചില ശുപാർശകൾക്ക് അവസരം കൈവരും. അങ്ങനെ അധികാരത്തിന്റെ ഒരു പരിവേഷം കൂടെയുണ്ടാകും. 

വാർഡ്‌ നേതാവ് മുതൽ അഖിലേന്ത്യാ നേതാവ് വരെ ഉള്ളവർക്ക് അവരവരുടെ നിലയും വിലയുമനുസരിച്ച് പങ്കു ലഭിക്കും. ഹൃസ്വ ദൃഷ്ടി ബാധിച്ച ഇത്തരം കാഴ്ചക്കപ്പുറത്ത്, രാഷ്ട്രീയ പ്രവർത്തനത്തെ ഗൗരവമായി കാണുന്ന എത്രപേർ ഇന്ന് നമുക്കിടയിലുണ്ട്? മഹത്തായ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമൊക്കെ താലോലിക്കുന്നവർ എത്ര പേർ ബാക്കി കാണും?.

നവ ഉദാരവൽക്കരണം സൃഷ്ടിച്ച സാംസ്കാരിക പരിസരമാണ് ഹൃസ്വദൃഷ്ടികളുടെതായി നമ്മുടെ രാഷ്ട്രീയ മണ്ധലത്തെ സ്ഥാപനവൽക്കരിച്ചത്. എന്തും തങ്ങളുടെ താത്കാലിക രാഷ്ട്രീയ ആവശ്യങ്ങൾക്കോ എതിരാളിയുടെ പരാജയം ഉറപ്പ് വരുത്തുന്നതിനോ ഉള്ള ഉപകരണങ്ങൾ മാത്രമായി തീരുന്നു. ആർ.എസ്.പി എം.എൽ.എ നിയമസഭാ കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസം മാത്രം അവശേഷിക്കുന്പോൾ രാജി വെച്ചത് ആർ.എസ്.പിയുടെ ആത്യന്തിക ലക്ഷ്യമായ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വേണ്ടിയാണെന്ന് കരുതാൻ നിർവ്വാഹമില്ലല്ലോ. 15 വർഷമായി താൻ അനുഭവിക്കുന്ന എം.എൽ.എയുടെ പ്രത്യേക പ്രിവിലേജ് അടുത്ത തിരഞ്ഞെടുപ്പിലും നിലനിർത്തണമെങ്കിൽ ഇപ്പോൾ വിജയസാധ്യതയുള്ള ഒരു ബർത്ത് കാലേക്കൂട്ടി തരപ്പെടുത്തലാണ് എന്ന കുശാഗ്ര ബുദ്ധിയാണത്. സോളാ‍ർ വിവാദവും ബാർകോഴയും സരിതയുടെ വെളിപ്പെടുത്തലുമൊക്കെ ചില‍ർക്ക് തിരഞ്ഞെടുപ്പ് സാധ്യതകൾ ഇല്ലാതാക്കുന്നതും മറ്റുചിലർക്ക് അത്തരം സാധ്യതകൾ ഉണ്ടാക്കുന്നതും മാത്രമായി ന്യൂനീകരിക്കപ്പെടുന്നു. ആ നിലയിൽ മാത്രം അവ പൊതുസമൂഹത്തിന്റെ മുന്നിൽ ഉന്നയിക്കപ്പെടുന്നു. ചില രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകൾ മരണവീടുകൾ പോലെ മ്ലാനമാകുന്പോൾ ചിലയിടത്ത് ആഘോഷങ്ങളുടെ പ്രഭാപൂരമാണ്. സരിതയുടെ വെളിപ്പെടുത്തലുകൾ ചില‍ർക്ക് കോഴിക്കോടൻ ഹലുവയുടെ മധുരം നൽകുന്പോൾ ‘10 കോടി വാഗ്ദാന’ത്തിന്റെ വെളിപ്പെടുത്തലുപയോഗിച്ച് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന പരി്രശമത്തിലാണ് എതിർവിഭാഗം.

ഇതിനിടയിൽ ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. രാഷ്ട്രീയപാർട്ടികളിലും നേതാക്കളിലും ഭരണസംവിധാനങ്ങളിലുമൊക്കെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് അടിസ്ഥാനപരമായി ജനങ്ങളിൽ സംഭവിക്കുന്നത്. സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലൂടെ, ദേശീയപ്രസ്ഥാനത്തിലൂടെ ഇന്ത്യൻ സമൂഹത്തിൽ വേരുറപ്പിച്ച ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനിക മൂല്യങ്ങൾ വലിയ തോതിൽ വെല്ലുവിളിക്കപ്പെടുന്നു. നമ്മുടെ പാർലമെന്ററി ജനാധിപത്യസംവിധാനങ്ങൾ പോലും അസംബന്ധ നാടകങ്ങളാണ് എന്ന അപകടകരമായ വിലയിരുത്തലിൽ ജനങ്ങൾ എത്തിച്ചേരുന്നു. തങ്ങൾക്ക് മുന്പിൽ മറ്റ് വഴികളില്ലാത്തതു കൊണ്ട് മാറിയും മറിഞ്ഞും  വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ അവർ അധികാരമേൽപ്പിക്കുന്നുണ്ടാവും. പക്ഷേ അത് യഥാർത്ഥ ജനഹിതമായി തെറ്റിദ്ധരിക്കരുത്. മറ്റെന്തെങ്കിലും ബദൽ മാർഗ്ഗങ്ങൾ അവലംബിക്കാൻ അവസരം ലഭിക്കുന്നിടത്തൊക്കെ ജനങ്ങൾ അതിന്റെ പിറകെ പോകുന്നുമുണ്ട്. അതുകൊണ്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ‘നോട്ട’യ്ക്ക് പോലും ഇന്ന് മാന്യമായ പദവി കൈവരുന്നത്. അവസാന രക്ഷാ കേന്ദ്രമായ ജ്യുഡീഷ്യറി പോലും രാഷ്ട്രീയമായ പക്ഷം പിടിക്കുന്നു എന്ന തോന്നൽ ഉളവാക്കുന്നു. കോടതി വിധികൾ തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുക്കാൻ ഇടപെടലുകൾ ഉണ്ടാകുന്നു. തന്റെ വിശ്വസ്തരെ വെച്ച്, കോടതിയെ പേപ്പട്ടിയെപ്പോലെ കടിച്ചു കീറുന്ന മുഖ്യമന്ത്രി തന്നെ കോടതി തനിക്കനുകൂലമായ വിധി പ്രസ്താവിക്കുന്പോൾ സാത്വിക പ്രഭാഷണങ്ങൾ നടത്തുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട ബെഞ്ചുകൾ തന്നെ കേസു കേൾക്കണം എന്ന ആവശ്യത്തിന് കോടികൾ ഒഴുക്കുന്നു. തനിക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജിയുടെ രാഷ്ട്രീയ ബന്ധവും വിത്തും വേരും അന്വേഷിച്ച് പ്രസ്താവന നടത്തുന്പോൾ പിറ്റേന്നു തനിക്കനുകൂലമായി വിധി പ്രസ്ഥാവിച്ച ജഡ്ജിയുടെ പൂർവ്വാശ്രമം അന്വേഷിക്കുന്നുമില്ല. ആ ചുമതല എതിരാളികൾക്ക് വിട്ടു കൊടുക്കുന്നു. ജഡ്ജിയുടെ ശവപ്പെട്ടിയുമായി തെരുവിൽ പ്രകടനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാരനെപ്പോലെ കോടതി മുറിയിൽ  ജഡ്ജി അതിനോട് പ്രതികരിക്കുന്നു. 

കെ.പി.സി.സിയുടെ ഉപാദ്ധ്യക്ഷന്റെ കസേരയിൽ ഇരുന്ന ജനപ്രതിനിധി പോലും ജഡ്ജിമാരെ പുലഭ്യം പറയുകയും സ്ത്രീകളെ ‘അഭിസാരികൾ’ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് താൻ ഇടനിലക്കാരിയായി നിന്നുവെന്ന് ഇദ്ദേഹം പണ്ട് പറഞ്ഞിട്ടുണ്ട്. സൂര്യനെല്ലി പെൺകുട്ടിയെ ‘വേശ്യ’ എന്നദ്ദേഹം നേരത്തെ സംബോധന ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ അഭിസാരികയാവുന്നതിന് തന്നെപ്പോലെ ഒരു പുരുഷൻ ഇടപെട്ടിട്ടുണ്ടാവണം എന്ന സാമാന്യതത്വം പോലും മനസ്സിലാക്കാൻ കഴിയാത്തവരായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ മാറിയാൽ എന്തായിരിക്കും രാജ്യത്തിന്റെ ഭാവി?

കോടതികളിലും രാഷ്ട്രീയ പാർട്ടികളിലും പാർലമെന്ററി ജനധിപത്യത്തിലുമൊക്കെ ഒരു ജനതക്ക് വിശ്വാസം നഷ്ടപ്പെടുന്നത് നല്ല ലക്ഷണമല്ല. ലോകത്ത് ഫാസിസം കടന്നു വന്ന ഇടങ്ങളിലൊക്കെ അത് വന്നത് വർഗ്ഗീയതയിലൂടെയാണ് എന്ന തെറ്റായ ധാരണ സമൂഹത്തിനുണ്ട്. വർഗ്ഗീയത ഫാസിസത്തിന് കടന്നുവരാനുള്ള ഒന്നാം തരം വാഹനം തന്നെയാണ്. പക്ഷെ നിലവിലുള്ള സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയും അതിനെക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് ജന വിശ്വാസം ആർജ്ജിക്കാതിരിക്കുകയും ചെയ്യുന്പോഴാണ് ഫാസിസത്തിന് ഏകപക്ഷീയമായ അവസരങ്ങൾ കൈവരുന്നത് എന്ന് നാം മറന്നു പോകരുത്. അത്തരം മറവികളിലാണ് മലയാളി ഇന്ന് അഭിരമിക്കുന്നത് എന്ന് പറയാതെ വയ്യ.

 

You might also like

Most Viewed