വ്യക്തമാക്കേണ്ടത് പാക് നയം


രാജ്യത്തിനെ നടുക്കിക്കൊണ്ട് ഒരു ഭീകരാക്രമണം കൂടി നടന്നിരിക്കുന്നു. ആറ് മാസത്തിനിടയിൽ ജമ്മുകാശ്മീർ-പഞ്ചാബ് മേഖലകളിൽ പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞ് കയറിയ തീവ്രവാദികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസം പത്താൻകോട്ടിലെ വ്യോമസേന താവളത്തിലുണ്ടായത്. അതിർത്തിക്കടുത്തുള്ള പ്രതിരോധ കേന്ദ്രങ്ങളും പോലീസ് താവളങ്ങളും അക്രമിക്കുക എന്നതാണ് ഭീകരരുടെ പുതിയ ശൈലിയെന്ന് സമീപകാല അക്രണങ്ങൾ ഒക്കെ തെളിയിക്കുന്നു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ലാഹോറിലേയ്ക്ക് നടത്തിയ മിന്നൽ സന്ദർശനവും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇസ്ലാമാബാദ് യാത്രയും, മോഡി-ഷെറീഫ് സൗഹൃദവുമൊക്കെ വെള്ളത്തിൽ വരച്ച വര പോലെ പാഴായി പോകുന്ന അവസ്ഥയിലേയ്ക്ക് ഈ ഭീകരാക്രമണം വഴി തെളിയിക്കുമോ എന്നതാണ് നിരീക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നത്.  അങ്ങിനെയെങ്കിൽ ഒരു സംഘം തീവ്രവാദികൾ വിചാരിച്ചാൽ രണ്ട് വലിയ രാജ്യങ്ങൾ തമ്മിൽ ഒരിക്കലും അടുക്കാൻ സാധിക്കില്ല എന്നതിന്റെ തെളിവായി അത് മാറും എന്നതാണ് ഏറ്റവും വലിയ ദൗർഭാഗ്യം. 

മോഡിക്ക് മുന്പ് പത്ത് വർഷം ഇന്ത്യ ഭരിച്ച മൻമോഹൻസിംഗ് ഗവൺമെന്റിന് വ്യക്തമായ ഒരു പാക്ക് നയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് മുംബൈ ആക്രമണത്തിന് ശേഷം. പൂർണ്ണമായും സൗഹൃദയത്തിന് എതിരായിരുന്നു ആ സർക്കാർ നിലനിന്നിരുന്നത്. അതിന് കാരണമായി മൻമോഹൻസിംഗ് ചോദിച്ച ചോദ്യം സൗഹാർദ്ദം പുലർത്താൻ തങ്ങൾ ആരോടാണ് സംസാരിക്കേണ്ടത് എന്നായിരുന്നു. പാക് സർക്കാർ, പാക് സൈന്യം, ഐ.എസ്.ഐ.എസ് എന്ന ചാര സംഘടന, പിന്നെ വളരെ സ്വാതന്ത്ര്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ എന്നിവരാണ് വർഷങ്ങളായി പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മുഖമുദ്ര. ഈ സാഹചര്യത്തിൽ ഇവരിൽ ആരാണ് രാജ്യം ഭരിക്കുന്നതെന്നും, ആരോടാണ് അതിർത്തി തർക്കങ്ങളെ പറ്റി സംസാരിക്കേണ്ടതെന്നുമുള്ള ചോദ്യം ഇന്നും പ്രസക്തം തന്നെ. 

ഓരോ തവണയും സമാധാന ശ്രമങ്ങൾക്കുള്ള നീക്കങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് പുറകെയാണ് ഇത്തരം പ്രതിസന്ധികൾ രണ്ട് രാജ്യങ്ങളും നേരിടുന്നത്. മുന്പ് അടൽ ബിഹാരി വാജ്പേയ് ലാഹോറിലേയ്ക്ക് തീവണ്ടി സർവ്വീസ് ആരംഭിച്ചതിന് പിറകെയാണ് കാർഗിൽ മല നിരകളിൽ വെടിയൊച്ചകൾ മുഴങ്ങിയത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് സഹായകമായത് ഒരു മലയാളി കൂടിയായ രജിത് എന്ന ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സത്യമാണെങ്കിൽ ആ ഉദ്യോഗസ്ഥന് അർഹിക്കുന്ന ഏറ്റവും കർശനമായ ശിക്ഷ തന്നെ നൽകേണ്ടതുണ്ട്. വ്യോമസേനാ താവളത്തിന്റെ കൃത്യമായ വിവരങ്ങൾവരെ ഭീകരർ മനസ്സിലാക്കിയതായും വാർത്തകൾ വരുന്നുണ്ട്. രാജ്യ രക്ഷയുടെ കാര്യത്തിൽ തീർച്ചയായും നിസംഗത പാടില്ല. അതോടൊപ്പം തന്നെ രണ്ട് രാജ്യങ്ങളുടെ ഇടയിലും അസമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കുവാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. സംശംയമില്ല!!!

You might also like

Most Viewed