നിറം മാറുന്പോൾ...
                                                            പ്രദീപ് പുറവങ്കര
ഗൾഫിലേയ്ക്ക് വരണമെന്ന മോഹം മനസിൽ മുളച്ച കാലത്താണ് പാസ്പോർട്ട് എന്നൊരു സംഭവത്തെ പറ്റി ആദ്യം ഗൗരവമായി മനസിലാക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ജീവിച്ചതിന്റെ ഫലമായും പ്രായത്തിന്റെ തിളപ്പിൽ അത്യാവശ്യം കുഴപ്പക്കാരാനാകാൻ ശ്രമിച്ചതിന്റെ പേരിലും പാസ്പോർട്ട് എടുക്കാനായുള്ള ഐഡന്റിഫിക്കേഷൻ എന്ന കലാപരിപാടി കുറെയേറെ നീളുകയും ചെയ്തു. പല പോലീസ് േസ്റ്റഷനിലും ചെന്ന് വലിയ പ്രശ്നക്കാരനല്ല എന്ന സെർട്ടിഫിക്കേറ്റും വാങ്ങിയാണ് ഒടുവിൽ നീലചട്ടയുള്ള പാസ്പോർട്ട് എന്ന ഔദ്യോഗിക രേഖ കൈയിൽ കിട്ടിയത്. അതു വരേക്കും ലഭിച്ച രേഖകളിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ അനുഭവമാണ് പാസ്പോർട്ട് തന്നത്. ലോകത്തിന്റെ മുന്പിൽ തന്നെ ഞാനൊരു ഇന്ത്യക്കാരനാണ് എന്ന് അഭിമാനപൂർവം പറയാനുള്ള അവസരമായിട്ടാണ് അതിനെ കണ്ടത്. പ്രവാസജീവിതത്തിന് ഒരുങ്ങിയ ലക്ഷകണക്കിന് പേർക്ക് സമാനമായ അനുഭവം തന്നെയുണ്ടായിരിക്കാം. ഇങ്ങിനെ വ്യത്യസ്ത മാനങ്ങളുള്ള ഒരു ഔദ്യോഗിക രേഖയ്ക്ക് മാറ്റങ്ങൾ വരാൻ പോകുന്നു എന്ന വാർത്തയാണ് ഈ ലേഖനത്തിന് ആധാരം.
ഇത് പ്രകാരം എമിഗ്രേഷൻ പരിശോധനകൾ ആവശ്യമുള്ള പൗരൻമാർക്കും അത് വേണ്ടാത്തവർക്കും വ്യത്യസ്ത നിറങ്ങളിലുള്ള പാസ്പോർട്ടുകൾ വിതരണം ചെയ്യാനുള്ള തീരുമാനമാണ് ഉണ്ടാകുന്നത്. ഇതിനെ ഒരിക്കലും അനുകൂലിക്കാൻ ഇന്ത്യക്കാരൻ എന്ന രീതിയിൽ സാധിക്കില്ല. എമിഗ്രേഷൻ പരിശോധന കൂടുതലായും വരുന്നത് താരതമ്യേന വിദ്യാഭ്യാസം കുറവുള്ള തൊഴിലാളികൾക്കാണ്. അവർ യാത്ര ചെയ്യുന്പോൾ ചൂഷണങ്ങളിൽ സംരക്ഷിക്കപ്പെടണമെന്നാണ് നിറംമാറ്റത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പക്ഷെ ഈ തീരുമാനം വലിയ വിവേചനത്തിന് വഴിയൊരുക്കാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഒരു രാജ്യത്തിന്റെ പൗരന്മാരെ അവരുടെ ഭരണാധികാരികൾ തന്നെ സാമൂഹ്യ സാന്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് ലോകരാജ്യങ്ങളുടെ മുന്പിൽ അവതരിപ്പിക്കുന്നത് തികച്ചും അപമാനകരമായിരിക്കുമെന്നു തന്നെയാണ് മഹാഭൂരിഭാഗം പേരുടെയും അഭിപ്രായം. പരിമിതമായ സാമൂഹ്യ സാന്പത്തിക ശേഷിയുള്ളവർ പ്രവാസജീവിതം തിരഞ്ഞെടുക്കുന്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുമെന്നത് സത്യമാണ്. അവിടെ പാസ്പോർട്ടിന്റെ നിറം വ്യത്യസ്തമാകുന്നതോടെ അവർ കൂടുതൽ വിവേചനത്തിനും ഒറ്റപ്പെടലുകൾക്കും ചൂഷണത്തിനും വിധേയരാകുമെന്നതാണ് വാസ്തവം. അതോടൊപ്പം തങ്ങളുടെ നിസ്സഹായത പാസ്‌പോർട്ടുകളിലൂടെ മറ്റുള്ളവരെ അറിയിക്കേണ്ടിവരുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്ക് ഉണ്ടാകുന്ന സാഹചര്യവും വേദനിപ്പിക്കുന്നതാണ്. ബാബസാഹിബ് അംബേദ്ക്കറുടെ വാക്കുകളിൽ ശ്രേണീപരമായ അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ജാതി, വർഗ്ഗം, ഭാഷ, ഗോത്രം മുതലായവ കണക്കിലെടുക്കാതെ സമത്വപൂർണമായ ഒരു സാമൂഹ്യക്രമവും തുല്യാവകാശങ്ങളും എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. ആ വാഗ്ദ്ധാനമാണ് പാസ്പോർട്ടിലെ നിറ വ്യത്യാസത്തിലൂടെ ലംഘിക്കപ്പെടുന്നത്. ഒപ്പം ഈ ആശയം തന്നെ അസമത്വം നിറഞ്ഞ ഒരു സാമൂഹ്യക്രമത്തിലേക്കുള്ള മടക്കമായിരിക്കുമെന്നും പറയാതിരിക്കാൻ വയ്യ!!!
												
										