സത്യമേ­വ ജയതേ­


പ്രദീപ് പുറവങ്കര 

ജനാധിപത്യത്തിൽ‍ കോടതി എന്നത് ഒരു സാധാരണ മനുഷ്യന്റെ അവസാനത്തെ പ്രത്യാശ കേന്ദ്രമാണ്. തങ്ങളുടെ സകല പ്രശ്നങ്ങൾ‍ക്കും പരിഹാരം ലഭിക്കുന്ന ഇടമായിട്ടാണ് കോടതിയെ അവർ‍ കാണുന്നത്. അതുകൊണ്ടാണ് ഗ്രാമ്യ ഭാഷയിൽ‍ പോലും നിങ്ങൾ‍ക്ക് പരാതിയുണ്ടെങ്കിൽ‍ കോടതിയിൽ‍ പോകൂ എന്ന് പരസ്പരം പറഞ്ഞുപോകുന്നത്. പക്ഷെ പലപ്പോഴും കറുത്ത ഗൗണിട്ടവരുടെ നാവിൻ‍തുന്പിന്റെ മഹാത്മ്യത്തിലും, തെളിവിന്റെ അടിസ്ഥാനത്തിലും, സാക്ഷിമൊഴികളിലും മാത്രം ഒതുങ്ങി കൊണ്ട് കോടതികൾ‍ രാജ്യം അനുശാസിക്കുന്ന നിയമവ്യവസ്ഥ നടപ്പിലാക്കുന്പോൾ‍ അവിടെ ഒരു സാധാരണക്കാരനായ മനുഷ്യന്റെ ചിന്താശേഷി പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉയർ‍ന്ന് വരുന്നത് നിർ‍ഭാഗ്യകരമാണ്. 

അത്തരത്തിൽ‍ കേരളം ഏറെ കാത്തിരുന്ന ഒരു തിരുത്തൽ‍ ഹർ‍ജ്ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളി കളഞ്ഞത് വലിയൊരു ജനവിഭാഗത്തെ നിരാശരാക്കുന്നതാണ് എന്ന് പറയാതിരിക്കാൻ‍ വയ്യ. അതിക്രൂരമായ രീതിയിൽ‍ ഒരു പെൺ‍കുട്ടിയെ ആൾ‍കൂട്ടത്തിനടിയിൽ‍ വെച്ച് പീഢിപ്പിച്ച് കൊന്നതിന് ശേഷം വർ‍ഷം ആറ് കഴിഞ്ഞിട്ടും ആ പൈശാചികമായ മനസിന്റെ ഉടമയ്ക്ക് സമാനമായ ഒരു ശിക്ഷ നൽ‍കാൻ‍ നമ്മുടെ നിയമത്തിന് സാധിക്കുന്നില്ലെന്ന ഖേദവും ഇതോടൊപ്പം പങ്ക് വെയ്ക്കുന്നവരാണ് മഹാഭൂരിഭാഗം പേരും. ഇവർ‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന അനുഭവമാണ് ചില വിധികൾ‍ സമ്മാനിക്കുന്നത്. വക്കീലിന് കൊടുക്കാൻ‍ പണമുണ്ടെങ്കിൽ‍ എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻ‍സ് ലഭിക്കുമെന്ന ധാരണയും ഇതോടെ ഉണ്ടാകുന്നു. ബഹുമാനപ്പെട്ട കോടതിയോടുള്ള എല്ലാ ആദരവും നിലനിർ‍ത്തുന്നതിനോടൊപ്പം തന്നെ നമ്മുടെ നിയമനിർ‍മ്മാണ സഭകൾ‍ക്ക് ഇങ്ങിനെയുള്ള വിഷയങ്ങളിൽ‍ ഒന്നും ചെയ്യാൻ‍ സാധിക്കാത്തതിൽ‍ വേദനയും തോന്നുന്നു. 

കാലം കുറച്ച് കഴിയുന്പോൾ‍ ഈ കൊടും കുറ്റവാളി ജയിലിനകത്ത് നല്ല ബിരിയാണിയും കഴിച്ച് വീണ്ടും സ്വസ്ഥമായ മനസോടെ അടുത്ത ഇരയെ തേടി പുറത്തിറങ്ങും. അത് ചിലപ്പോൾ‍ ഞാനോ നിങ്ങളോ ആകാം എന്ന ആശങ്ക മാത്രം ബാക്കി വെച്ച്... സത്യമേവ ജയതേ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed