പ്രചോ­ദനമാ­യി­ കലാം ഓർ‍മ്മകൾ


പ്രദീപ് പുറവങ്കര 

അച്ഛൻ‍ മരിച്ചിട്ട് വേണം കട്ടിൽ‍ കിട്ടാൻ‍ എന്ന രീതിയിൽ‍ ജീവിക്കുന്ന കുറേ മക്കൾ‍ നമുക്കിടയിലുമുണ്ട് എന്ന് വീണ്ടും തെളിയിക്കുന്നതാണ് ശ്രീ അബ്ദുൽ കലാമിന്റെ ദേഹാന്ത്യം കാരണം ഒരു രാജ്യം മുഴുവൻ‍ വേദനിക്കുന്ന ഈ ദിവസങ്ങളിൽ‍ നമുക്ക് മനസ്സിലാകുന്നത്. ഇത്രയ്ക്കൊക്കെ വാഴ്ത്തി പറയാൻ‍ അദ്ദേഹം ആര് എന്ന ചോദ്യം മറ്റുള്ളവരുടെ മനസ്സുകളിലേയ്ക്ക് എറിഞ്ഞ് ജീവിതത്തിൽ‍ ഒരു പണിയും ചെയ്യാത്ത ചിലർ‍ ഇരുട്ടുമുറിയിലിരുന്നു ഫേസ്ബുക്ക് വാർ‍ നടത്തി കൊണ്ട് ഒരു ലോഡ് പുച്ഛം ഇറക്കി വെച്ച് ആശ്വാസം നേടുന്പോൾ‍ അവരോട് തോന്നുന്നത് പുച്ഛമല്ല, മറിച്ച് നിറഞ്ഞ സഹതാപം മാത്രം. കാരണം ഈ ലോകത്തെ മുഴുവൻ പുച്ഛിക്കാൻ പ്രത്യേകിച്ചു വലിയ കഴിവൊന്നും ആവശ്യമില്ല. അതിന് കഴിവ്കേടുകളുടെ ഭാണ്ഠകെട്ട് മാത്രം മതിയാകും. അതുകൊണ്ട് അവരെ വെറുതെ വിടുന്നതാണ് ഈ നേരത്ത് നല്ലതെന്ന് തോന്നുന്നു. ഇതൊക്കെ ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി കണ്ട്, അഭിപ്രായങ്ങളും, അസഹിഷ്ണുതയും, പുച്ഛവും, എതിർ‍പ്പുമൊക്കെ നമുക്ക് ഉൾ‍ക്കൊള്ളാം. അതിൽ‍ വിഷമിക്കാതെ മുന്പോട്ട് പോകാം.

ഒരിന്ത്യക്കാരനായി ചിന്തിക്കുന്പോൾ‍ നമുക്ക് നഷ്ടമായത് കേവലം ഒരു മിസൈൽ‍ മനുഷ്യനെയോ, ശാസ്ത്രജ്ഞനെയോ, മികച്ച ഭരണാധികാരിയെയോ അല്ല. മറിച്ച് തലമുറകളെ പ്രചോദിപ്പിച്ച ഒരു ശബ്ദ തരംഗത്തെയാണ്. ഇന്ത്യയെ അറിവിന്റെ സൂപ്പർ‍ പവർ‍ ആക്കണമെന്ന് ആഗ്രഹിച്ച ഒരു അദ്ധ്യാപകനെയാണ്. ആൾ‍ക്കൂട്ടത്തെ ഇഷ്ടപ്പെട്ടിരുന്ന, അവരുടെ മനസ്സിന്റെ അഗാധതകളിലേയ്ക്ക് കടന്ന് ചെന്ന മാർ‍ഗ്ഗദർ‍ശിയെയാണ്. അദ്ദേഹത്തിന് ദാരിദ്ര്യം എന്നാൽ‍ കേവലം സന്പത്തിന്റെ വിപരീത പദം മാത്രമായിരുന്നില്ല. മറിച്ച് അറിവിന്റെ അഭാവം കൂടിയായിരുന്നു. ഒരു സ്ഫടികം പോലെ തന്റെ ഉള്ളിലേയ്ക്ക് ആർ‍ത്തലച്ചു വന്ന അറിവുകളെ മറ്റുള്ളവർ‍ക്കായി നിർ‍ലോഭം പകർ‍ന്ന് നൽ‍കാൻ‍ ശ്രമിച്ച വ്യക്തിയായിരുന്നു കലാം.

സന്പത്തിലായ്മ പലപ്പോഴും ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ‍ തന്നെ നമ്മെ ഇല്ലായ്മ ചെയ്തേക്കാവുന്ന കാരണങ്ങളിലൊന്നാണ്. എന്നാൽ‍ തന്റെ ദാരിദ്യം നിറഞ്ഞ സാഹചര്യങ്ങളെ കലാം ധീരതയോടെ എതിരിട്ടു. അതിൽ‍ വിജയിക്കുകയും ചെയ്തു. രാമേശ്വരത്തെ തീരങ്ങളിൽ‍ പകച്ചുനിന്നു പോയ ബാല്യമായി ഒതുങ്ങിയില്ല അദ്ദേഹം. കടലിനപ്പുറത്തുള്ള ചക്രവാള സീമയിലേയ്ക്ക് തന്റെ അഗ്നിചിറകുകൾ‍ വീശി അദ്ദേഹം പറന്നു. 

ബാല്യത്തിൽ‍ പത്രം വിറ്റ് നടന്നിരുന്ന അദ്ദേഹത്തിന്റെ ചിത്രം ഇന്ന് ഒരു രാജ്യത്തെ, ലോകത്തിലെ തന്നെ മിക്ക പത്രങ്ങളും അവരുടെ അനുശോചനങ്ങളായി, ആദരാഞ്ജലികളായി പേജുകളിൽ‍ നിറയ്ക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്പിലും, അതിബുദ്ധിമാന്‍മാരുടെ മുന്പിലും, രാജ്യതന്ത്രജ്ഞരുടെ മുന്പിലും ഒരു ചെറിയ കുട്ടിയിലുണ്ടാകുന്ന സത്യസന്ധതയുമായി, ഒരു കൗമാരക്കാന്റെ ഉന്മേഷവുമായി, മുതിർ‍ന്ന പൗരന്റെ ഉത്തരവാദിത്വവുമായി ലാളിത്യത്തിന്റെ പ്രതിരൂപമായി അദ്ദേഹം നിന്നു. ആ മഹാപ്രതിഭ നമ്മുടെ മുന്പിൽ‍ നിന്നു. 

സ്വന്തം രാജ്യമായിരുന്നു അബ്ദുൾ‍കലാമിന് എല്ലാം. അതിന് ശേഷം മാത്രമേ മറ്റെന്തും അദ്ദേഹം ആഗ്രഹിച്ചുള്ളു. വികസ്വര രാജ്യം എന്ന അവസ്ഥയിൽ‍ നിന്ന് വികസിത രാജ്യം എന്ന സ്വപ്നമായിരുന്നു അദ്ദേഹം ഇന്ത്യക്കാർ‍ക്ക് നൽ‍കിയത്. അതേസമയം കേവലം ഒരു ദേശീയവാദി എന്ന അവസ്ഥയിൽ‍ ഒതുങ്ങാതെ അദ്ദേഹം ലോകത്തിന് തന്നെ മാതൃകയായി മാറി. രാഷ്ട്രീയക്കാർ‍ 30 ശതമാനം മാത്രം രാഷ്ട്രീയത്തിനും വേണ്ടിയും ബാക്കി 70 ശതമാനം രാജ്യത്തിന്റെ വികസന പ്രവർ‍ത്തനങ്ങൾ‍ക്ക് വേണ്ടിയും പ്രവർ‍ത്തിക്കണമെന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. സംഘർ‍ഷമല്ല, മറിച്ച് പരസ്പരം തിരിച്ചറിഞ്ഞ് സമവായത്തിൽ‍ എത്തുകയാണ് രാഷ്ട്രീക്കാർ‍ വേണ്ടതെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്വസ്ഥമായ ഒരു രാജ്യത്ത് ഐശ്വര്യം താനെ വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം പ്രതിരോധ മേഖലയിൽ‍ നൽ‍കിയ സംഭാവനകളൊന്നും തന്നെ കേവലം ഹിംസകൾ‍ നടത്താൻ‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് സ്വന്തം രാജ്യത്തെ ജനങ്ങൾ‍ക്ക് സ്വസ്ഥമായി ജീവിക്കാൻ‍ പറ്റാത്ത സാഹചര്യങ്ങളിൽ‍ ഉപയോഗിക്കേണ്ട ജീവൻ‍ രക്ഷാ ഉപാധികളായിരുന്നു അവയൊക്കെ. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർ‍ രാജ്യത്തിന്റെ അതിർ‍ത്തി കാക്കുന്ന ധീര ജവാന്‍മാരെയും കുറ്റപ്പെടുത്തും. സംശയമില്ല. 

ഏതൊരു മനുഷ്യനും അവന്റെ സാഹചര്യങ്ങളെ മനസ്സിലാക്കി അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ‍ക്കനുസരിച്ച് വളരാനുള്ള അവസ്ഥ  നമ്മുടെ നാട്ടിലുമുണ്ട്. എന്നാൽ‍ പലർ‍ക്കും അത് സാധിക്കാത്തത് പോരാടാനുള്ള മനസ് ഇല്ലാത്തത് കൊണ്ടോ, തുടങ്ങിവെച്ച പോരാട്ടങ്ങളെ തുടർ‍ന്ന് കൊണ്ടുപോകാനുള്ള മനസ്ഥൈര്യമില്ലാത്തത് കൊണ്ടോ ആണ്. ആ ഒരു മനസ് കാണിച്ചിട്ടുള്ള എല്ലാവരും ധീരന്‍മാരാണെന്ന് ചരിത്രം വിശേഷിപ്പിക്കും. ആ സവിശേഷമായ നേട്ടമാണ് ശ്രീ കലാമിനെയും കാത്തിരിക്കുന്നത്. അതിൽ‍ തന്നെ സാധാരണ ആർ‍ക്കും തങ്ങളുടെ ജനനം പ്രവചിക്കാൻ‍ പറ്റാത്തത് പോലെ മരണവും പ്രവചിക്കാനോ ആഗ്രഹിച്ച രീതിയിൽ‍ ലഭിക്കാനോ അവസരം ലഭിക്കാറില്ല. എന്നാൽ‍ ഇവിടെ താൻ‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലിക്കിടയിൽ‍, ഒരു ക്ലാസ് മുറിയിൽ‍, വിദ്യാർ‍ത്ഥികൾ‍ക്ക് മുന്പിൽ‍ ശ്രീ കലാമിനെ തേടി മരണം എത്തി. അവിടെയും ധീരതയോടെ മരണത്തെ അദ്ദേഹം പുൽ‍കി. 

വിവാഹം കഴിക്കാത്തത് കൊണ്ട് അദ്ദേഹത്തിന് കുടുംബജീവിതം നയിക്കാൻ‍ സാധിച്ചില്ല. കുട്ടികളുമില്ല. എന്നാൽ‍ അദ്ദേഹം മരണപ്പെടുന്പോൾ‍ ഇന്ത്യക്കാരുടെ എല്ലാം പിതാവായി മാറി കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ഭാവി കണ്ട മനുഷ്യനാണ്. അതിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്തിരിക്കുന്നു. പിന്തുടരേണ്ടവർ‍ക്ക് പിന്തുടരാം. അല്ലാത്തവർ‍ക്ക് മറ്റ് വഴികൾ തേടാം...

You might also like

  • Lulu Exchange
  • Straight Forward

Most Viewed