കാലത്തിന് മായ്ക്കാന്‍ പറ്റാത്ത കലാം
അനായാസേന മരണം,
വിനാദൈന്വേന ജീവനം..
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം"
മനസില്‍ കളങ്കമില്ലാത്ത ആ കര്‍മ്മയോഗിയെ തേടി ഒടുവില്‍ മരണം എത്തിയിരിക്കുന്നു. ഏറ്റവും ആസ്വദിച്ചിരുന്ന ഒരു ജോലി ചെയ്തു കൊണ്ടിരിക്കുന്പോള്‍ നിമിഷ നേരം പോലും വേദന അനുഭവിക്കാതെ അദ്ദേഹം നമ്മെ വിട്ടു പോകുന്പോള്‍ അത് നഷ്ടമോ, ലാഭമോ എന്നത് ചിന്തനീയമാണ്. അദ്ദേഹം ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്ന് ചിന്തിക്കുന്പോള്‍ അത് ഈ മനുഷ്യജന്മത്തിലെ തന്നെ ഏറ്റവും വലിയ ലാഭം. അതേസമയം ആയിരക്കണക്കിന് മനുഷ്യജന്മങ്ങളെ നിരന്തരം പ്രചോദിപ്പിച്ച ആ ശബ്ദം ഇനി കേള്‍ക്കാന്‍ പറ്റില്ലെന്ന് അറിയുന്പോള്‍ അത് തീരാ നഷ്ടം.
ബഹ്റിനില്‍ അദ്ദേഹം വന്നപ്പോള്‍ അല്‍പ്പനിമിഷമെങ്കിലും ആ മഹാത്മാവിനോടൊപ്പം ഒരു വേദിയില്‍ നില്‍ക്കാന്‍ സാധിച്ചത് തന്നെയാണ് ഈ ജന്മത്തിലെ എന്റെ പുണ്യം, സുകൃതം !
പ്രിയ കലാം സാര്‍, താങ്കളെ ഞങ്ങള്‍ക്ക് നഷ്ടമായിട്ടില്ല എന്ന് വിശ്വസിച്ചോട്ടെ. അങ്ങെവിടെയോ ദൂരെ ഞങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരു തീരത്ത് ഒരു കൂട്ടം ആളുകളുെട മുന്പില്‍ അടുത്ത നൂറ്റാണ്ടിലെ ഭൂമിയെ പറ്റിയോ, ഉറക്കം വരുത്താന്‍ പാടില്ലാത്ത സ്വപ്നങ്ങളെ പറ്റിയോ, ഓരോ ദിവസവും നടേണ്ട വൃക്ഷങ്ങളെ പറ്റിയോ, ഇന്ത്യക്കാരന്‍ എന്ന വികാരം ഉയര്‍ത്തി പിടിക്കേണ്ട ആവശ്യകതയെ കുറിച്ചോ, സൈക്കിള്‍യാത്രകള്‍ നടത്തി മിസൈലുകള്‍ സംഭാവന ചെയ്ത അനുഭവങ്ങളെ പറ്റിയോ താങ്കള്‍ വാചാലനാകുന്നുണ്ടെന്ന് കരുതികൊള്ളാം. ആ വിശ്വാസം മതിയാകും, ബാക്കി വരുന്ന ജീവിതവഴിയില്‍ മനുഷ്യകുലത്തിന് മുന്പോട്ട് സഞ്ചരിക്കാന്‍.
ദ്രോണാചാര്യനെ ദൂരത്ത് നിന്ന് കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട ഏകലവ്യമാരെ പോലെ ഇനി എത്രയോ പേര്‍ താങ്കളെ കാണണമെന്ന് തോന്നുന്പോള്‍ രാമേശ്വരത്ത് വരും. അപ്പോഴോക്കെ ആ തീരത്ത് ഒന്നിച്ചിരുന്നു കാറ്റ് കൊള്ളാനും, തൊട്ടടുത്തിരുന്നു കടല കൊറിച്ച് പ്രപഞ്ചരഹസ്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കാനും, ഞങ്ങളോട് ചോദ്യം ചോദിച്ച്, ഞങ്ങളെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിച്ച് താങ്കള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്
ഏറ്റവും വേദനയോടെ വിട,
സലാം കലാം സര്‍..

