തിരികെയെത്തേണ്ട വേലിപടർപ്പുകൾ...


ഫേസ്ബുക്കിൽ മഴ പെയ്യുകയാണ്. മതങ്ങളുടെ പേരിൽ മദം പൊട്ടി പെയ്യുന്ന ക്രൂരമായ മഴ. ഓരോ ദിനവും നമ്മുെട കാലിടറുകയാണെന്ന് ഇവിടെ നടക്കുന്ന വാഗ്വാദങ്ങൾ, പോർവിളികൾ, പ്രതികാരങ്ങൾ ഒക്കെ സൂചിപ്പിക്കുന്നു. ഒരിക്കൽ ഈ കുഴിയിൽ വീണുപോയാൽ പിന്നെയൊരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമാണ്, അല്ലെങ്കിൽ വിഷമകരമാണ്. മദം പൊട്ടിയ ആനകളെ പോലെ മതം പൊട്ടി അലറുന്ന മനുഷ്യരൂപത്തിലുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന കാഴ്ച്ചയാണ് നമുക്ക് ചുറ്റും. ഒരു ദേശം മുന്പ് ഇങ്ങിനെയൊക്കെയായിരുന്നു എന്ന് കഥകളിൽ വായിക്കേണ്ടി വരുന്ന അവസ്ഥ അതിവിദൂരമല്ല എന്ന് പറയേണ്ടി വരുന്നു. ഓണവും, പെരുന്നാളും, ക്രിസ്തുമസ്സുമൊക്കെ ഓരോ വിഭാഗങ്ങളുടേത് മാത്രമായി മാറാൻ പോകുന്നതിന്റെ സൂചനയായി ഇന്നിന്റെ പല നേർചിത്രങ്ങളും നമ്മുടെ മുന്പിൽ നൃത്തം ചവിട്ടുന്നു. 

സ്വാർത്ഥമായ ഒരു സമൂഹം വളരുന്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉടലെടുക്കുന്നത്. രാഷ്ട്രീയവും, മതവും, സംഘബോധവുമൊക്കെ ഈ സ്വാർത്ഥതയുടെ അടയാളങ്ങൾ തന്നെയാണ്. ഒരാളുടെ സംസാരത്തിലോ, രൂപത്തിലോ, ചിന്താഗതിയിലോ, ജീവിതാവസ്ഥയിലോ നമ്മുടെ അതേ രീതിയിലുള്ള പരിണാമങ്ങളോ, സമാനതകളോ സംഭവിക്കുന്പോൾ അവരോട് നമ്മുക്ക് ഉണ്ടാകുന്ന മമതയാണ് ഈ ലോകത്തിലെ എല്ലാ കൂട്ടായ്മകളുടെയും മൂലകാരണം. പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം ഒരു വ്യക്തിയിലോ, ഒരു സംഘത്തിലോ കണ്ടെത്തികഴിഞ്ഞാൽ അവിടെ അദൃശ്യമായ ഒരു സൗഹൃദവലയം നമ്മുക്ക് ചുറ്റും രൂപപ്പെടുന്നു. അതു കൊണ്ടാണ് ഒരു മലയാളിക്ക് മറ്റൊരു മലയാളിെയ കാണുന്പോഴോ, ഒരു രാഷ്ട്രീയ പാർട്ടിക്കാരന് മറ്റൊരു രാഷ്ട്രീയപാർട്ടിക്കാരനെ കാണുന്പോഴോ, ഒരു തീവ്രവാദിക്ക് മറ്റൊരു തീവ്രവാദിയെ കാണുന്പോഴോ മുന്പ് പറഞ്ഞ സ്വാർത്ഥത ഉണർന്നെഴുന്നേറ്റ് വരുന്നത്. എന്റെ സ്വന്തം ആളാണെന്ന തോന്നലാണ് അത്. മുന്പ് ടെലിവിഷനിൽ സ. ഇ.കെ നായനാരുടെ ഫോൺ വിളി പരിപാടി ഉദാഹരണം. അതിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന “ഓൻ നമ്മുടെ ആളാ” ഇത്തരത്തിലുള്ള ഒരു ഡയലോഗായിരുന്നു. 

ഇങ്ങിനെ എന്നെപോലെ ഒരാൾ അല്ലെങ്കിൽ എന്റെയൊപ്പമുള്ള ഒരാൾ എന്ന ചിന്ത ഒരു ഭാഗത്ത് സൃഷ്ടിക്കപ്പെടുന്പോൾ തന്നെ എന്നെ പോലെ അല്ലാത്ത മറ്റൊരാൾ എന്ന ചിന്തയും അവർ പോലുമറിയാതെ മനസിന്റെ ശത്രുപക്ഷത്തേയ്ക്ക് കടന്നുവരുന്നു. ഇതോടെ സ്വാർത്ഥതയ്ക്കൊപ്പം വിദ്വേഷവും അവരുടെ ചിന്തകളിൽ ഉടലെടുക്കുന്നു. ഒരു മതവിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിക്ക് ആ മതത്തിൽ പേര് കൊണ്ടെങ്കിലും ഉൾപ്പെട്ടിടുള്ള വ്യക്തിയെകാരണം കൂടാതെ തന്നെ ഇഷ്ടമാകുന്നതും, മറ്റൊരു മതത്തിൽ പെട്ട വ്യക്തിയെ ഒരു കാരണവും ഇല്ലാതെ വെറുക്കുന്നതും മനസ് സൃഷ്ടിക്കുന്ന ഈ വിദ്വേഷം കാരണം ഉണ്ടാകുന്നതാണ്. ആയിരക്കണക്കിന് നിരപരാധികളെ ഭീകര പ്രവർത്തനങ്ങൾ കാരണം കൊന്നൊടുക്കുന്പോൾ അതിന് നേതൃത്വം കൊടുത്തവരുടെ മതം നോക്കി, ആ മതത്തിൽ പെട്ടവരൊക്കെ ബോംബുമായി നടക്കുന്നവരാണെന്ന് മറ്റ് മതത്തിൽ പെട്ടവർ വിശ്വസിച്ചു പോകുന്നത് ഇതേ കാരണം കൊണ്ടാണ്. നീ ഇവിടുത്ത്കാരനല്ല, ശത്രുരാജ്യത്തേയ്ക്ക് പോകൂ എന്ന് ഒരു രാഷ്ട്രീയനേതാവ് പുലന്പുന്പോൾ അത് ഭൂരിപക്ഷ സമൂഹത്തിന്റെ പൊതുനിലപാടായി ന്യൂനപക്ഷത്തിലെ കുറച്ചു പേരെങ്കിലും വ്യാഖ്യാനിക്കുന്നത് ഇതേ മാനസികാവസ്ഥ കൊണ്ടാണ്. 

തൊട്ടയൽപകത്ത് വേലി പടർപ്പുകളിലൂടെ അന്യോന്യം സൊറ പറഞ്ഞ് പരസ്പരം ആഹാരം പങ്ക് വെച്ച് കഴിച്ചവർ ഇന്ന് മതിലുകളുടെ കനത്ത പ്രതിരോധം സൃഷ്ടിക്കുന്പോൾ, പെരുന്നാളും ഓണവും ക്രിസ്തുമസ്സും ഒന്നിച്ച് ആഘോഷിച്ചവർ ഇതൊന്നും പങ്ക് വെക്കാൻ പാടില്ലാത്താണെന്ന് പ്രചരിപ്പിക്കുന്പോൾ പലയിടത്തും നിശബ്ദമായി ഹൃദയങ്ങൾ തകരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്്. ഉച്ചത്തിൽ ഒന്ന് നിലവിളിക്കാൻ പോലും പറ്റാതെ, വായ മൂടി കെട്ടി സ്വയം ഉൾവലിഞ്ഞ് നിരാശയുടെ കന്പിളിപുതപ്പ് പുതയ്ക്കുന്നവർ. ഇനിയെങ്കിലും ആ പുതപ്പുകൾ വലിച്ചെറിഞ്ഞില്ലെങ്കിൽ രാമനും, റഹ്മാനും, ജോർജ്ജുമൊക്കെ മതങ്ങളുടെ, രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകങ്ങൾ ആയി മാറും. അവർ പരസ്പരം പോരടിക്കും. നമ്മുടെ നാട് ചെകുത്താന്റെ സ്വന്തം നാടായി മാറും. അതിനിടവരുത്താതിരിക്കട്ടെ എന്ന പ്രാർത്ഥനയുമായി... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed