പേപ്പട്ടി വിഷത്തേക്കാൾ ഭീകരമായത്...
ഒരു മലയാളി ഏറ്റവും അധികം ദേഷ്യം വരുന്പോൾ ഒരാളെ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്നത് ഒരു മൃഗത്തിന്റെ പേരാണ്. അതേസമയം ഒരു മനുഷ്യന് ഏറ്റവും അധികം വിശ്വസിക്കാൻ പറ്റുന്ന മൃഗമായി നമ്മൾ കരുതുന്നതും ഇതേ മൃഗത്തെ തന്നെ. എന്തിന് പോലീസ് വകുപ്പിൽ പോലും മനുഷ്യന് നൽകുന്ന അതേ ഔദ്യോഗിക റാങ്ക് ലഭിക്കാറുള്ള ഒരേ ഒരു മൃഗവും ശ്വാനൻ എന്ന് വിളിക്കുന്ന പട്ടി തന്നെയാണ്. ഇങ്ങനെ ഏറെ സ്വഭാവ സവിശേഷതകൾ ഉള്ള ഒരു മൃഗം ഇപ്പോൾ നമ്മൾ മലയാളികളുടെ ഉറക്കം കെടുത്തുന്നു. മലയാള നാടിന്റെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളാണ് പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരെ പോലും കയറി കടിച്ചു കടുത്ത ഭീതി സൃഷ്ടിക്കുന്നത്. ഇതൊരു സാമൂഹ്യപ്രശ്നമായി ഇതിനകം മാറിയിട്ടുണ്ട്.
വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മൃഗസ്നേഹികളിൽ പലരും കാൽനടയായി സഞ്ചരിക്കാത്തവരാണ്. ആഡംബര കാറുകളിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാതെ പെറ്റ് ഡോഗുകളെ മാത്രം ശുശ്രൂഷിക്കാൻ അറിയാവുന്ന ഇവർക്ക് സാധാരണക്കാരുടെ പ്രശ്നം മനസ്സിലാകണമെന്നില്ല. എങ്കിലും ഒരു രാജ്യത്തിന്റെ സംസ്കാരം മൃഗങ്ങളോട് അവിടെയുള്ള ജനത കാണിക്കുന്ന പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുമെന്ന മഹാത്മാവിന്റെ വാക്കുകൾ ഓർത്തു കൊണ്ട് പറ്റാവുന്നത്ര കൊലപാതകങ്ങൾ ഒഴിവാക്കണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. ഇത്തവണ പ്രമുഖ ചാനൽ അവതാരിക രഞ്ജിനി ഹരിദാസാണ് പട്ടിപ്രേമികളുടെ നേതൃസ്ഥാനം അലങ്കരിച്ച് രംഗത്ത് വന്നത്. തെരുവിൽ അലയുന്ന പട്ടിക്കളെ കൊല്ലാൻ പാടില്ല എന്ന ഇവരുടെ ആവശ്യം എറണാകുളത്തെ ജില്ലാ ഭരണാധികാരികൾക്ക് അംഗീകരിക്കേണ്ടി വന്നു. തെരുവ് പട്ടികളെ കൊല്ലുന്നതിന് പകരം വദ്ധീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഗവണ്‍മെന്റ് നടത്തുന്നത്. കേരളത്തിലെ മൃഗസ്നേഹികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ നിലപാട് എടുത്തത്. ഇതിനായി 10 ജില്ലകളിലായി അന്പതോളം സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. നിയന്ത്രണ നടപടികളുമായി അധികൃതർ മുന്പോട്ടു പോകുന്പോഴും ദിനം പ്രതി നിരവധി പേർക്ക് കടി കിട്ടുന്നുണ്ടെന്ന് തന്നെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. നാട്ടിൽ വളർത്തു പട്ടികളുടെ ഉടമകൾക്ക് അവയെ വളർത്താനുള്ള ലൈസൻസ് നൽകുകയും കാലാകാലങ്ങളിൽ അവയ്ക്ക് കുത്തിവെപ്പുകൾ നടത്തി സംരക്ഷിക്കുകയും, തെരുവിൽ അലയുന്ന പട്ടികളിൽ പേ വിഷ ബാധയേറ്റവയെ കൊന്നു ബാക്കിയുള്ളതിനെ സർക്കാർ തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാൽ ഈ വിഷയത്തിൽ കുറച്ച് സമാധാനം ഉണ്ടാകും.
ഈ ഗുരുതരമായ പ്രശ്നത്തെ പല രീതിയിൽ ഇല്ലാതാക്കാൻ ഗവൺമെന്റും ജനങ്ങളും ഒരുപോലെ തല പുകയ്ക്കുന്ന നേരത്ത് ചില കുറുക്കന്‍മാർ മുട്ടനാടിന്റെ ചോര കുടിക്കാൻ എന്ന പോലെ പുറത്തിറങ്ങിയിട്ടുണ്ട്. #BoycottKeralaഎന്ന പേരിൽ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരിക്കുന്ന ഒരു കൂട്ടായ്മയാണ് അതിൽ ഒന്ന്. മൃഗസ്നേഹികൾ എന്ന വ്യാജേന കുറച്ച് പേർ തെരുവ് നായ്ക്കൾക്കെതിരെ കേരള ഗവണ്‍മെന്റ് എടുക്കുന്ന നടപടികളുടെ പേരിൽ കേരള സംസ്ഥാനത്തെയും, അവിടെ നിന്നുണ്ടാക്കുന്ന ഉത്പ്പന്നങ്ങളേയും ബഹിഷ്കരിക്കണം എന്ന ആഹ്വാനമാണ് ഈ ഒരു പ്രചരണത്തിലൂടെ മുന്പോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു ലക്ഷത്തിലധികം കേസുകളാണ് പട്ടികടിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അത്തരമൊരു ഭീതിജനകമായ സാഹചര്യത്തെ നേരിടാൻ വിവിധ പദ്ധതികൾ തയ്യാറാക്കുന്ന ഗവൺമെന്റിനെതിരെയും കടി കൊള്ളാൻ വിധിക്കപ്പെട്ട കേരള ജനതയ്ക്കെതിരെയുമായാണ് ഈ പ്രചരണം.
ഇതിന്റെ ഭാഗമായി ഈ വരുന്ന ഞായറാഴ്ച ജൂലൈ 26ന്, മുംബൈ, കൊൽക്കത്ത, ഡൽഹി, തുടങ്ങിയ പ്രധാന നഗരങ്ങളിലും, രാജ്യത്തിന് പുറത്ത് ലണ്ടൻ, ബെർലിൻ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പ്രചരണം സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കത്തിപ്പടരുകയാണ്. ഇത് തനി തെമ്മാടിത്തമാണെന്ന് പറയാതെ വയ്യ. കേരളം പോലെയൊരു കൊച്ച് സംസ്ഥാനത്തെ സാന്പത്തികമായി തകർക്കാൻ ഒരു ലോബി നടത്തുന്ന ഈ പ്രചരണത്തെ തടയേണ്ടതുണ്ട്. സംസ്ഥാനത്തിനെതിരെ അസത്യപ്രചരണം നടത്തി ലോകത്തിന്റെ പലയിടങ്ങളിലും ഇവിടെ വരാൻ ഉദ്ദേശിക്കുന്ന ടൂറിസ്റ്റുകളിൽ പോലും തെറ്റിദ്ധാരണാജനകമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമമാണ് ഇത് എന്ന് ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. ഇത് പേ പിടിച്ച പട്ടികൾ പടർത്തുന്ന വിഷത്തേക്കാൾ അപകടരമാണ്.
ഇതിൽ ഏറ്റവും വിഷമം തോന്നുന്നത് ഈ പ്രചരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളികളെ തന്നെ ഓർത്താണ്. സ്വന്തം കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകുന്പോൾ മാറി നിന്ന് ചിരിച്ച് പുറത്തുള്ളവരോടു പോയി പറഞ്ഞുകൊടുക്കുന്ന ഇവരെ കാണുന്പോൾ പറയാനുള്ളത് മലർന്ന് കിടന്നു തുപ്പന്നവർ എന്നു മാത്രം.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കനുസരിച്ച് കേരളത്തെ മാറ്റി മറിക്കാൻ വലിയൊരു നീക്കം നടക്കുന്ന ഈ നേരത്ത് ദേശത്തിന്റെ അടിസ്ഥാനത്തിലും നമ്മൾ മലയാളികളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർക്ക് സാധിച്ച് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. ശ്രദ്ധിച്ചില്ലെങ്കിൽ പണ്ടേ ദുർബ്ബല, ഇപ്പോൾ ഗർഭിണിയും എന്ന അവസ്ഥയിലേയ്ക്കെത്തും കൊച്ച് മലയാളം... ഉറപ്പ്.

