ഗുരുവര്യന് പ്രണാമം...
ആനന്ദം. അത് അനുഭവിക്കാൻ മാത്രമേ കഴിയൂ, പറഞ്ഞറിയിക്കാൻ കഴിയില്ല. ജീവിതത്തിൽ എപ്പോഴും ആനന്ദം വരണമെന്നില്ല. സന്തോഷം വരാം. ഇത് രണ്ടും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ആനന്ദം ചിലപ്പോൾ കണ്ണുകളിൽ വെള്ളം നിറച്ചേക്കാം. ഇന്ന് രാവിലെ എന്റെ കണ്ണുകളിലൂടെ അത്തരത്തിലുള്ള ആനന്ദ കണ്ണുനീർ പുറത്തുവന്നു. അത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്ന മഹാമനീഷിയെ കണ്ടപ്പോഴാണ്. ബഹ്റിനിൽ താമസിക്കുന്ന മലയാളികൾക്ക് അദ്ദേഹം സുപരിചിതനാണ്. ദിവസങ്ങൾക്ക് മുന്പ് അദ്ദേഹം അവിടെ വന്നിരുന്നു. ജീവിതത്തിൽ രണ്ടു തവണ അദ്ദേഹത്തെ കാണാനുള്ള അവസരം നഷ്ടമാക്കിയ ഒരാൾ എന്ന നിലയിൽ ഏറെ വിഷമം അനുഭവിച്ച വ്യക്തിയാണ് ഞാൻ. ഒന്ന് കൊയിലാണ്ടിയിൽ ഫോർ പി.എമ്മിന്റെ ബ്യൂറോ ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വന്നപ്പോൾ. മറ്റൊന്ന് അദ്ദേഹം ബഹ്റിനിലെത്തിയപ്പോൾ. എന്നാൽ ഇന്ന് ആ വിഷമം തീർന്നിരിക്കുന്നു. കൊയിലാണ്ടിയിലെ ചേലിയ എന്ന സ്ഥലത്ത് വെച്ച് അദ്ദേഹത്തിന്റെ കഥകളി വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നടന്ന സൗഹൃദസമ്മേളനത്തിന്റെ ഭാഗമാകാനും, ഒപ്പം അദ്ദേഹത്തെ പറ്റി ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ഭാഗമാകാനും, അത് ആ മഹാനടന് തന്നെ നേരിട്ട് സമർപ്പിക്കാനും കഴിഞ്ഞ അസുലഭ ദിനമാണ് എന്നെ സംബന്ധിച്ചോളം ഇന്ന്. അദ്ദേഹം നൂറാം വയസ്സിലേയ്ക്ക് പ്രവേശിച്ചതിന്റെ ഉത്സവമാണ് ഇന്ന് കൊയിലാണ്ടിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഒരു നാടിന്റെ ഉത്സവമായി അത് കൊണ്ടാടുകയാണ്.
രാവിലെ സമ്മേളന സ്ഥലത്തെത്തി മിനിട്ടുകൾക്കുള്ളിൽ ഗുരു ചേമഞ്ചേരി അവിടെയെത്തി. നെറ്റി നിറഞ്ഞ ഭസ്മക്കുറി. അതിന് മുകളിൽ പ്രകാശിക്കുന്ന കുങ്കുമം. മുഖം പ്രായം അറിയിക്കുന്നേയില്ല. മുഖത്ത് താമരപ്പൂ വിരിയുന്നത് പോലുള്ള മന്ദഹാസം. തലയിൽ പീലിത്തിരുമുടി വെച്ചത് പോലെയുള്ള തോന്നൽ. ആദ്യം വേദിയിലെ ഗുരുക്കൻമാരുടെ ചിത്രത്തിന് മുന്പിൽ ഒരു നിമിഷം മൗനം. പിന്നെ പതിയ വേദിയുടെ മധ്യത്തിൽ തന്നെയുള്ള കസേരയ്ക്ക് മുന്പിൽ നിൽപ്പ്. യാത്രാ ക്ഷീണം കൊണ്ട് വന്ന ഉടനെ തന്നെ ഒരു കസേരയുടെ സഹായത്തിലേയ്ക്ക് വീണ എന്നെപ്പോലെയുള്ള മടിയൻമാരെ ലജ്ജിപ്പിച്ചു കൊണ്ട് ഏകദേശം ഇരുപത് മിനിട്ടോളം അദ്ദേഹത്തിന്റെ ഒരേ നിൽപ്പ്. സദസ്സിൽ ഉള്ളവരോട് ചിരിച്ചും ആംഗ്യം കാണിച്ചും കള്ളച്ചിരി നൽകിയും ഗുരു.
പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുൾപ്പടെയുള്ള പ്രഗത്ഭർ വേദിയിലേയ്ക്ക് എത്തിയപ്പോൾ അദ്ദേഹവും ഇരുന്നു. എല്ലാവരും ഗുരുവിന്റെ കാൽക്കൽ വീണ് അനുഗ്രഹം തേടുന്പോൾ അവരുടെ കൈപത്തി എടുത്ത് സ്വന്തം തലയിൽ വെയ്ക്കുന്ന ചേമഞ്ചേരി ഗുരു. പുതിയ അനുഭവമായിരുന്നു അത്. രാഷ്ട്രീയക്കാർ ഷാൾ അണികൾക്ക് എറിഞ്ഞു കൊടുത്ത് വോട്ട് നേടുന്നത് പോലെയായിരുന്നില്ല ഇത്. മനസ്സുകളെ ഒന്നാക്കുന്ന അതിശയിപ്പിക്കുന്ന രീതി. ഇതിനിടയിൽ ശിഷ്യനായ വിനീത്, സിനിമാ താരം ഗുരുവിന് ആശംസകൾ നേരാൻ എത്തി. സാംഷ്ടാംഗ പ്രണാമം. ഒപ്പം പ്രിയഗുരുവിന് മുത്തം. മുന്പിൽ മൂന്ന് വയസ്സു മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ നീണ്ട നിര. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കാൻ, അനുഗ്രഹം വാങ്ങാൻ. ഹന്ത ഭാഗ്യം ജനാനാം എന്നല്ലാതെ എന്ത് പറയാൻ. ഇതൊക്കെ കണ്ടുകൊണ്ടിരിന്നപ്പോൾ സ്വയം പുകഴ്ത്തി പറയുന്നവരോട് തോന്നിയ സഹതാപത്തിന് കണക്കുണ്ടായിരുന്നില്ല. ഒപ്പം എന്റെ മനസ്സിൽ എവിടെയെങ്കിലും അഹങ്കാരത്തിന്റെ കണികയുണ്ടായിരുന്നുവെങ്കിൽ അത് ഇല്ലാതായത് പോലെയുള്ള അനുഭവം കണ്ണുകളിൽ കണ്ണുനീരായി നിറഞ്ഞു.
പച്ചയും മിനുക്കും എന്ന പുസ്തകം കൊയിലാണ്ടിയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ സഹായത്തോടെ ഫോർ പി.എം സമർപ്പിക്കുന്പോൾ പുറകിൽ നിന്നും സംഘാടകർ ചോദിച്ചു, ആശംസ നേരാമോ എന്ന്. മനസ്സിൽ വിടർന്നത് വലിയൊരു ചിരിയാണ്. എന്നേക്കാളും ഇരട്ടിയിലധികം ഋതുക്കൾ കണ്ട ഈ മഹാഗുരുവിന് ആശംസകൾ നേരാൻ ഞാനാര്. എങ്കിലും ഒടുവിൽ തപ്പി തടഞ്ഞ് ഒരു ആശംസ. ഒപ്പം കെട്ടിപ്പിടിച്ച് ഒരനുഹ്രഹവും. ഇത് അനുഗ്രഹം മാത്രമല്ല. സാന്ത്വനം കൂടിയാണ്. നൂറ് വയസ്സിന്റെ അനുഭവങ്ങൾ പകർന്നു തരുന്ന സാന്ത്വനം.
ഇവിടെ കാലം ഒരു വ്യക്തിക്ക് മുന്പിൽ അതിന്റെ തിരശ്ശീല മാറ്റുന്പോൾ അദ്ദേഹത്തിന് ഇനിയുമേറെ വേഷങ്ങൾ ആടിതീർക്കാനുണ്ടെന്ന് എന്റെ മനസ് പറയുന്നു. അതിനായി പ്രാർത്ഥിക്കട്ടെ...

