വിഷം പരക്കാതിരിക്കട്ടെ...
ഒരു ജീവകോശത്തിനെ അപായപ്പെടുത്താൻ കഴിവുള്ള പദാർത്ഥമാണ് വിഷം എന്നത്. പലതരം വിഷങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, മനസ്സിലാക്കിയിട്ടുണ്ട്. മഹാഭാരതത്തിൽ പരീക്ഷിത്ത് മഹാരാജാവിനെ കൊല്ലാൻ വേണ്ടി പഴങ്ങളിൽ വിഷം നിറച്ച തക്ഷകന്റെ കഥ മുതൽ ഡൽഹിയിലെ ആഢംബരഹോട്ടൽ മുറിയിൽ വിഷം അകത്ത്ചെന്നു മരിച്ച സുനന്ദ പുഷ്കർ വരെ ഇത്തരം വിഷക്കഥകളിലെ കഥാപാത്രങ്ങളാണ്. ഇന്നലെ രാത്രി സാമാന്യ ബോധമുള്ള അൽപ്പം ചില മലയാളികളെങ്കിലും ഉറങ്ങാൻ ഏറെ സമയം എടുത്തിരിക്കണം. കാരണം കഠിനമായ ഒരു വിഷം പതിയെ സോഷ്യൽ മീഡിയകളിലൂടെ മലയാളി മനസിലേയ്ക്ക് ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര് വർഗ്ഗീയത എന്നാണ്.
ഇന്നലെ രാവിലെ ചോറ്റുപാത്രവും പുസ്തകവും എടുത്ത് സ്കൂളിലേയ്ക്ക് പോയ ഒരു ചെറിയ കുട്ടിയെ മാനസിക രോഗിയെന്ന് കരുതപ്പെടുന്ന ഒരുത്തൻ വെട്ടിക്കൊന്നു. കാസർഗോഡ് കല്യോട്ട് സ്കൂളിൽ പഠിക്കുന്ന ഫഹദ് എന്ന മൂന്നാം ക്ലാസ്സുകാരനെയാണ് സ്വന്തം സഹോദരിയുടെയും കൂട്ടുക്കാരന്റെയും കൺമുന്പിൽ വെച്ച് തെങ്ങുകയറ്റ തൊഴിലാളിയായ കണ്ണോത്ത് വിജയൻ എന്നയാൾ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. ഈ വാർത്ത സോഷ്യൽ നെറ്റ്്വർക്കുകളിലൂടെ വളരെ പെട്ടന്ന് മലയാളികളെ തേടിയെത്തി. അതിക്രൂരമായ ഈ കൊലപാതകത്തെ പറ്റിയുള്ള വാർത്ത കണ്ടപ്പോൾ 99 ശതമാനം പേരും ഫഹദ് മുസ്ലീമാണെന്നോ, വിജയൻ ഹിന്ദുവാണെന്നോ ചിന്തിച്ചിരിക്കില്ല. മറിച്ച് മരിച്ചു പോയ ആ പാവം കുട്ടിയെ ഓർത്ത് അവരുടെ മനസ് തേങ്ങിയിട്ടുണ്ടാവാം. കുറ്റവാളിയെ കൈയിൽ കിട്ടിയാൽ അപ്പോൾ തന്നെ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ നൽകണം എന്ന ചിന്തയും ഭൂരിഭാഗം പേരുടെയും മനസ്സിൽ ഉണ്ടായിരിക്കണം. എന്നാൽ ചില മനുഷ്യമൃഗങ്ങൾ ഇവർ തമ്മിലുള്ള മതവ്യത്യാസം കണ്ടുപിടിച്ചു. അത് വോയ്സ് ക്ലിപ്പായും, ടെക്സ്റ്റ് മെസേജായും നൽകി വാട്സ് ആപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും അവർ വിഷം ചീറ്റാൻ തുടങ്ങി. ഒരു മുസ്ലീം ബാലനെ അറുംകൊല ചെയ്തത് ഹിന്ദുവും സർവോപരി ആർ.എസ്.എസ് കാപാലികനും എന്ന രീതിയിലേയ്ക്ക് വെറും ഇരുപത്തിനാല് മണിക്കൂർ കൊണ്ട് ഇവർക്ക് സംഭവത്തെ മാറ്റിമറിക്കാൻ സാധിച്ചിരിക്കുന്നു. ‘വിജയൻ മാനസികരോഗിയാണെങ്കിൽ നാട് മുഴവൻ മാനസികരോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന്’ പറയുന്നയാളിന്റെ വോയ്സ്
ക്ലിപ്പ് ഫേസ് ബുക്കിലൂടെ കേട്ടവർ തന്നെ ഏകദേശം അരലക്ഷത്തിലേറെ വരും. ഏറ്റവും വലിയ അപകടമാണിത്. നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യം നടന്നാൽ പ്രതിക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് സമൂഹം ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം. അതിന് പകരം ഓരോ മനുഷ്യന്റെയും രാഷ്ട്രീയവും, മതവും നോക്കി തിരികെ കണക്ക് ചോദിക്കാൻ ആവശ്യപ്പെടുന്ന രീതി വളരെ വികൃതമായ ഒരു മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ഈ അവസ്ഥ തുടരുകയാണെങ്കിൽ മോഷണം, ബലാൽത്സംഗം, പീഢനം, കൊലപാതകം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ രാഷ്ട്രീയവും, മതസ്പർദ്ധയുമാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വരും. അതോടു കൂടി തികച്ചും വർഗ്ഗീയമായ അടിസ്ഥാനത്തിൽ നമ്മുടെ നാട് വെട്ടിമുറിക്കപ്പെടും. അതുണ്ടാക്കുന്ന ഭീകരത വളരെ വലുതായിരിക്കും. അങ്ങിനെ വന്നാൽ നിർദോഷികളായ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും രക്തക്കറകളും, ചുടുകണ്ണുനീരും ഈ നാട് ഏറെ കാണേണ്ടി വരും. അതിന് ഒരു സംശയവും വേണ്ട.
ജീവനുള്ള കാലത്തോളം മലയാളിയുടെ മനസ്സിനെ തീർച്ചയായും സങ്കടപ്പെടുത്താനിരിക്കുന്ന ഇന്നലെ നടന്ന അറുംകൊലയ്ക്ക് ആ കൊലപാതകി മാനസിക രോഗിയാണെങ്കിൽ പോലും ഏറ്റവും കടുത്ത ശിക്ഷ നൽകേണ്ടതുണ്ട്. അതേസമയം സൗമ്യ എന്ന പെൺകുട്ടിയുടെ ഘാതകനും, ഐ.എസ്സിന്റെ സഹായത്തോടെ ജയിലിന് പുറത്ത് എത്തുമെന്ന് പറയുന്ന കൊടുംഭീകരനും വർഷങ്ങളായി ഇന്ത്യൻ ജനതയുടെ നികുതിപ്പണം കൊണ്ട് തടിച്ചുകൊഴുത്ത് അകത്ത് കഴിയുന്പോൾ അങ്ങിനെയൊരു വിധി വരാൻ ഇനിയെത്ര കാലം കാക്കേണ്ടി വരുമെന്നത് പൊതുസമൂഹത്തിന്റെ ആശങ്കയാണ്.
വരാനിരിക്കുന്നത് പെരുന്നാളാണ്. പ്രവാചകന്റെ ശാന്തിമന്ത്രങ്ങളാൽ ശബ്ദുമുഖരിതമാകേണ്ട നാളുകൾ. കാസർഗോഡ് പോലെയുള്ള സപ്തഭാഷ സംസാരിക്കുന്ന വിവിധ ജാതിമതവിഭാഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന ഒരിടത്ത് വർഗ്ഗീയതയുടെ വിഷവിത്ത് വിതയ്ക്കാൻ, ചോരകളിയുടെ തീപ്പൊരി പാറിക്കാൻ ഇന്നലെ നടന്ന സംഭവത്തെ കൂട്ടുപിടിക്കുന്നവർ ആരായാലും അവർക്ക് ചരിത്രം ഒരിക്കലും മാപ്പ് കൊടുക്കില്ല. പറയാൻ പാടില്ലാത്ത തരത്തിൽ സോഷ്യൽ മീഡിയകളിലൂടെ പരസ്പരം തെറി വിളി നടത്തുന്പോഴും, ഇല്ലാകഥകൾ പ്രചരിപ്പിക്കുന്പോഴും, ഒരു കാര്യം മാത്രം മനസ്സിലാക്കുക. നമ്മൾ ഇല്ലാതാക്കുന്നത് നമ്മളെ തന്നെയാണ്. ഒപ്പം സമാധാനമില്ലാതെ ജീവിക്കേണ്ടി വരുന്ന ഒരു തലമുറയും ഇവിടെ സൃഷ്ടിക്കപ്പെടും. സന്പൂർണ സാക്ഷരത എന്ന് അഭിമാനിക്കുന്ന ജനത വിവേകമില്ലാതെ പ്രവർത്തിക്കുന്നവരായി മാറരുത്. നഷ്ടമാകുന്നതൊന്നും തിരികെ പിടിക്കാൻ എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വേണ്ടത് നിതാന്ത ജാഗ്രത മാത്രം !!!

