ശന്പളത്തിനൊപ്പം വർദ്ധിക്കേണ്ടത്...
ഒരു വ്യക്തിയുടെ വേതനം കാലഘട്ടത്തിന് അനുസരിച്ച് ജോലി ഭാരം വർദ്ധിക്കുന്നതിനോടൊപ്പം വർദ്ധിക്കേണ്ടത് നല്ല തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണ്. സർക്കാറിന്റെ കീഴിലായാലും, സ്വകാര്യമേഖലയിലായാലും ഇത് ബാധകം തന്നെ. കഴിഞ്ഞ ദിവസം കേരള സർക്കാറിന്റെ കീഴിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശന്പളം പരിഷ്കരിച്ചുകൊണ്ട് ശന്പള കമ്മീഷൻ ഒരു ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്്. 2014 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശന്പളത്തിൽ 2000 രൂപ മുതൽ 12000 രൂപ വരെ വർദ്ധനവ് ഏർപ്പെടുത്താനാണ് ശന്പള കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പെൻഷൻ പ്രായം വർദ്ധിപ്പിക്കാനും, പെൻഷൻ തുക കൂട്ടാനും നിർദേശമുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ വ്യക്തികളുടെ വരുമാനം കാലാകാലങ്ങളിൽ വർദ്ധിക്കേണ്ടത് അത്യാവശ്യമായത് കൊണ്ട് തന്നെ തികച്ചും സ്വാഗതാർഹമായ കാര്യം തന്നെയായി ഈ ശുപാർശകളെ കാണാം.
അതേസമയം ഈ തീരുമാനം നടപ്പിലാക്കിയാൽ 5,277 കോടി രൂപ പ്രതിവർഷം സർക്കാരിന് അധിക ബാധ്യത ഉണ്ടാകുന്പോൾ ആ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന പൊതുസമൂഹത്തിലെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ചില കാര്യങ്ങൾ സൂചിപ്പിക്കാനുണ്ട്. കേരളത്തിൽ ജീവിക്കുന്ന മൂന്നരകോടി ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യാൻ ബാധ്യതയുള്ളവരാണ് പത്ത് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ. ഇവർക്ക് നിലവിൽ നൽകുന്ന ശന്പളം ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. അങ്ങിനെയെങ്കിൽ ഇന്ന് ഇവർക്ക് നൽകുന്ന ശന്പളത്തിന് തന്നെ സർക്കാർ ജീവനക്കാർ യോഗ്യരാണോ. ഇവർ നൽകിവരുന്ന സേവനങ്ങളെ പറ്റിയും സത്യസന്ധമായ ഒരു കണക്കെടുപ്പ് നടത്തേണ്ടതല്ലേ. അല്ലാതെ വെറുതെ ശന്പളം വർദ്ധിപ്പിക്കുന്പോൾ തുള വീണ പാത്രത്തിലേയ്ക്ക് വെള്ളം ഒഴിക്കുന്നത് പോലെയുള്ള ഏർപ്പാടായി അത് മാറില്ലെ?
നാട്ടിലെ ഒരു വില്ലേജ് ഓഫീസിലേയ്ക്കെങ്കിലും കയറിപോയിട്ടുള്ള ആർക്കും നമ്മുടെ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയെ പറ്റി നല്ല ധാരണയുണ്ടായിരിക്കും. നിമിഷ നേരം കൊണ്ട് നൽകാവുന്ന ഒരു പേപ്പർ ശരിയാക്കി കിട്ടാൻ ഒരാഴ്ച്ച വെറുതെ നടത്തിക്കും അവിടെയുള്ളവർ. കാര്യങ്ങൾ പെട്ടന്നാക്കാൻ കൈക്കൂലി ചോദിക്കാതെ ചോദിച്ചു വാങ്ങിയും, ഏജന്റുമാരെ കാണാൻ പറഞ്ഞും ജീവിതം തന്നെ വെറുത്തു പോകുന്ന രീതിയിൽ ഇവർ പൊതുജനത്തിന്റെ ക്ഷമ പരിശോധിക്കും. തങ്ങൾക്ക് ശന്പളം തരുന്നത് ഈ ജനങ്ങളാണെന്ന തിരിച്ചറിവ് പോലും ഇല്ലാതെ, സാധാരണക്കാരെ അടിയാളരെ പോലെ കാണുന്ന ഉദ്യോഗസ്ഥൻമാരാണ് ഇന്ന് സർക്കാർ സർവ്വീസിൽ ഭൂരിഭാഗവും. നല്ലത് വല്ലതും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ പോലും കാലം മാറ്റി മറിക്കുന്നു.
പത്ത് മണിക്ക് പ്രവർത്തനം ആരംഭിക്കേണ്ട സർക്കാർ ഓഫീസുകളിൽ പതിനൊന്ന് മണിയായാൽ പോലും കസേരയിൽ ആരെയും
കാണില്ല. മാറാലകൾ കൊണ്ട് ചുറ്റി കിടക്കുന്ന വെറുതെ കറങ്ങുന്ന ഫാനുകളും, ചരിത്രാതീത കാലം മുതൽ പൊടിപിടിച്ചു കിടക്കുന്ന ഫയലുകളുമായിട്ടാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ന്യൂ ജനറേഷൻ കാലഘട്ടത്തിൽ പോലും നമ്മുടെ ഭൂരിഭാഗം സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. ഇന്ന് കേരളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് 365 ദിവസത്തിൽ പകുതിയോളം ദിവസങ്ങൾ മാത്രമേ ജോലി ചെയ്യേണ്ടി വരുന്നുള്ളൂ എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ബാക്കിയൊക്കെ പല തരം അവധി ദിനങ്ങളാണ്. മറ്റൊന്ന് സർക്കാർ ജോലി കിട്ടിയാലുടൻ അവധിക്ക് പ്രവേശിച്ച് മറ്റ് ജോലികൾ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നതാണ്. തൊഴിൽരഹിതനായ ഒരാൾക്ക് കിട്ടേണ്ട ജോലി തട്ടിയെടുത്ത് പ്രായമാകുന്പോൾ പെൻഷന് യോഗ്യത നേടുന്ന ഇത്തരം ആളുകളെയും സർക്കാർ മാറ്റി നിർത്തേണ്ടതുണ്ട്.
സർക്കാറിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 40 ശതമാനം ജീവനക്കാരുടെ ശന്പളത്തിനും, 20 ശതമാനം ഇവരുടെ പെൻഷനും മാറ്റി വെയ്ക്കുന്നു. ബാക്കി നാൽപ്പത് ശതമാനം കൊണ്ടുവേണം നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഓഫീസുകളിൽ പ്രത്യക്ഷപ്പെട്ട്, തങ്ങൾ നടത്തേണ്ട സേവന ജോലികളിൽ മുഴുകുന്നവരായിരിക്കണം സർക്കാർ ജീവനക്കാർ എന്ന അവസ്ഥ ശന്പള പരിഷ്കരണം നടത്തുന്നതിന് മുന്പായി സംജാതമാക്കേണ്ടത് സർക്കാരിന്റെ തന്നെ കടമയാണ്. അല്ലെങ്കിൽ പൊതുജനം ഒരിക്കൽ കൂടി കഴുതയുടെ മേലങ്കി അണിയേണ്ടി വരും, ഉറപ്പ് !!

