തേങ്ങാക്കുല...
“ശോ ഇവർക്ക് കുറച്ചെങ്കിലും തുണിയുടുത്തു കൂടെ... ഒരു നാണവും മാനവും ഇല്ലാത്ത വർഗ്ഗം” എൺപത് കഴിയുന്ന അമ്മൂമ്മയുടെ ദേഷ്യം നുരഞ്ഞുപൊങ്ങി. കൊച്ചുമക്കൾക്ക്‍ മുന്പിലുള്ള എൽ.ഇ.ഡിയിൽ ട്രൗസറിട്ട് നൃത്തമാടുന്ന ബോളിവുഡ് സുന്ദരിയുടെ ദ്രുതചലനങ്ങളാണ് അമ്മൂമ്മയുടെ രോഷത്തിന് കാരണം. പഴയതിലും എത്രയോ ബെറ്ററല്ലേ അമ്മൂമേ ഇത്. ഉടൻ വന്നു എട്ടിൽ പഠിക്കുന്ന കൊച്ചുമകളുടെ ഉത്തരം. കാര്യം മനസ്സിലാകാതെ അമ്മൂമ്മ കണ്ണു മിഴിച്ചുനിന്നപ്പോൾ ഇടയ്ക്ക് കയറി വന്ന മകൾ വിശദീകരണം ആരംഭിച്ചു. അമ്മേ അവൾ പറയുന്നത് പഴയകാല മലയാള സിനിമകളെ പറ്റിയാണ്. ബ്ലാക്ക് ആന്റ് വൈറ്റിലും, ഈസ്റ്റ് മേൻ കളർ ചിത്രങ്ങളിലും നിറഞ്ഞാടിയിരുന്ന കാബറേ നർത്തകികൾ ഇതിലും എത്രയോ മോശമായിരുന്നു എന്ന ധ്വനിയാണ് തന്റെ കൊച്ചുമകളുടേത് എന്ന് മനസ്സിലായപ്പോൾ കൂടുതൽ തർക്കത്തിന് നിൽക്കാതെ തന്റെ മധുവിധു കാലത്ത് ഭർത്താവിനൊപ്പം കാണാൻ പോയ പുണ്യപുരാണ സിനിമയിലെ അപ്സരസുകളെ ഓർത്ത് കൊണ്ട് അമ്മൂമ്മ തന്റെ മുറിയിലേയ്ക്ക് പോയി.
സിനിമാ താരങ്ങളുടെ വസ്ത്രധാരണം സിനിമയിലായാലും സിനിമയ്ക്ക് പുറത്തായാലും ഏതൊരു കാലഘട്ടത്തിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഫാഷൻ എന്ന വാക്കിൽ പലതരം വസ്ത്രങ്ങൾ അവരാണ് ആദ്യം ഇറക്കുമതി ചെയ്യുക. പിന്നീട് നമ്മളും അത് അനുകരിക്കും. വെള്ളിത്തിരയിൽ ആനന്ദനൃത്തമാടുന്ന നായികയുടെ വസ്ത്രം ആ കഥാപാത്രത്തിന്റെ പേരിൽ തന്നെ പിന്നീട് വിപണിയിൽ വിറ്റഴിക്കപ്പെടുന്നു. നമ്മുടെ നാടിന്റെ സിനിമാചരിത്രമെടുത്തു നോക്കിയാൽ ആദ്യ കാലം മുതൽക്ക് തന്നെ അൽപ്പവസ്ത്ര ധാരിണികളായ നായികമാരെ നമ്മൾ കണ്ടിട്ടുണ്ട്. പഴയകാല സിനിമകളിൽ കൊള്ള സങ്കേതങ്ങളിൽ ആടിപ്പാടുന്നവരായും, പുണ്യപുരാണ ചിത്രങ്ങളിൽ ദേവ സഭകളിലെ രംഭയും, ഉർവ്വശിയുമായും നിരവധി മാദക നടിമാർ അരങ്ങ് വാണു. ചെറുപ്പക്കാരെയും മുതിർന്നവരെയും സിനിമയിലേയ്ക്ക് ആകർഷിപ്പിക്കാനുള്ള ഫോർമുലകളിലൊന്നായിരുന്നു കാബറേ. അതിനൊപ്പം ഒന്നോ രണ്ടോ ബലാത്സംഗസീനുകൾകൂടി ഒരു കാലത്ത് നിർബന്ധമായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്‍റർനെറ്റ് ഒന്നുമില്ലാത്തത് കൊണ്ട് ചൂടേറിയ രംഗങ്ങൾ കാണാൻ ഇത്തരം സിനിമകൾ തന്നെ വേണമായിരുന്നു. തിരശ്ശീലയിൽ തങ്ങളുടെ അംഗലാവണ്യം പ്രദർശിപ്പിക്കുന്ന ഇത്തരം നടികളുടെ നൃത്തം കാണാൻ വേണ്ടി മാത്രം ടിക്കറ്റെടുത്തിരുന്ന യൗവ്വനങ്ങൾ നിരവധിയായിരുന്നു. ഇപ്പോൾ അവർ വൃദ്ധരോ, മധ്യവയസ്സ് കഴിഞ്ഞവരോ ആയി മാറിയിട്ടുണ്ടാകും.
ഇന്നത്തെ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ലെഗിംങ്സ് പോലെ ശരീരത്തിന്റെ അതേ നിറമുള്ള ഒട്ടിപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നൃത്തമാടിയ ദേവിമാരും, അപ്സരസുകളും ആ കാലത്ത് ധാരാളമായി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രേമം എന്ന ചിത്രത്തിലെ നായിക ലെഗിംങ്‍സ് ധരിച്ചു എന്നതിന്റെ പേരിൽ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇത് സമീപകാലത്ത് ലെഗിംങ്സ് എന്ന വസ്ത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വിവാദമാണ്. മുന്പോട്ട് പോകും തോറും പിറകോട്ട് പോകുന്ന ഒരു ജനസമൂഹമാണ് നമ്മുടേത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട് ഇത്തരം സംഭവങ്ങൾ.
വസ്ത്രധാരണത്തെ പറ്റി ഇത്രയധികം ആശങ്കകൾ നമുക്കുണ്ടെങ്കിൽ ആദ്യം വേണ്ടത് തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന പുരുഷന്‍മാരോട് ഒരു ട്രൗസറെങ്കിലും ഇടാൻ പറയലാണ്. ഇപ്പോഴും നമ്മുടെ നാട്ടിൽ പുരുഷന്‍മാരുടെ ഔദ്യോഗിക വസ്ത്രമാണ് മുണ്ട്. പുതിയ തലമുറയിലെ പല ചെറുപ്പക്കാർക്കും മുണ്ട് ഉടുക്കാൻ അറിയില്ലെങ്കിൽ പോലും വിവാഹ നേരത്ത് അവരെ കൊണ്ട് ഇത് നിർബന്ധമായി ഉടുപ്പിക്കും. എത്രയോ തവണ തന്റെ വധുവിന്റെ കൈയും പിടിച്ച് അഗ്നിയെ വലം വെയ്ക്കുന്പോൾ മുണ്ട് ഊരി പോയ സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. പുരുഷന്‍മാർ മുണ്ട് ഒന്ന് മാടിക്കുത്തിയാൽ കാണുന്ന നഗ്നതയൊന്നും നമുക്ക് വിഷയമാകുന്നില്ല. എന്തേ ആരും മുണ്ട് നിരോധിക്കാൻ പറയാത്തത്. ഈ നഗ്നത ആർക്കും വികാരമൊന്നും ഉണ്ടാക്കുന്നില്ലേ ?
വസ്ത്രം എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റാത്തവരായി നമ്മൾ മാറുന്പോൾ അത് നമ്മുടെ ഇടുങ്ങിയ ചിന്താഗതി മാത്രമാണ് വെളിവാക്കുന്നത്. മഞ്ഞ കണ്ണട വെച്ച് കാണുന്നതെല്ലാം മഞ്ഞയാണെന്ന തോന്നൽ ഉണ്ടായാൽ അത് കണ്ണട വെയ്ക്കുന്നവന് തല്ല് കൊള്ളാത്തത് കൊണ്ട് മാത്രമാണ്. ഓരോ മനുഷ്യന്റെയും വസ്ത്രധാരണത്തെ പറ്റി ഇത്രയധികം വേവലാതിപ്പെടുന്നവർ നാട്ടിൽ എല്ലായിടങ്ങളിലും ഉയർന്നു പൊങ്ങുന്ന വാട്ടർ തീം പാർക്കിലേയ്ക്കൊന്നും പോകാനേ പാടില്ല. കാരണം വെള്ളം വസ്ത്രത്തെ ശരീരത്തോട് ഒട്ടിപിടിപ്പിക്കും. അത് കണ്ടാൽ ചിലപ്പോൾ ഇവർക്ക് പലതും തോന്നിയേക്കാം. നല്ല മുരിക്കിന്റെ തണ്ടാണ് ഇതിന് രക്ഷ.
മലയാളിക്ക് സ്ത്രീയെന്നാൽ അമ്മ, സഹോദരി, ഭാര്യ, മകൾ എന്നീ ആഭിജാത്യ പദങ്ങൾ മാത്രമല്ലെന്ന് വീണ്ടും തെളിയിക്കുന്നു ഇത്തരം വിവാദങ്ങൾ. ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന അവന് ഇപ്പോഴും സ്ത്രീ എന്നാൽ ചരക്ക്, പീസ്, മുതൽ, പിന്നെ ഇവിടെ എഴുതാൻ പറ്റാത്ത ചിലത് ഒക്കെയാണ്. നാണക്കേട്. അല്ലാതെന്ത് പറയാൻ...

