അരുവിക്കര കയറാൻ
കുറേ നാളത്തെ അമിതാദ്ധ്വാനത്തിന് ശേഷം ഒടുവിൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് കരകയറാനുള്ള സമയമായിരിക്കുന്നു അരുവിക്കരയിൽ. ജി. കാർത്തികേയനെന്ന അനിഷേധ്യനായ നേതാവിന്റെ ആകസ്മിക മരണം കാരണം മന്ത്രിസഭയ്ക്ക് ആറ് മാസത്തെ ആയുസ് ഉള്ളപ്പോൾ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണ്. കൊടിയേറ്റവും, കൊടിയിറക്കവും നടക്കുന്ന നേരം. പുതിയ സമവാക്യങ്ങളും, കൂട്ടുക്കെട്ടുകളും ഉരുത്തിരിയുന്ന, ചാണക്യതന്ത്രങ്ങൾ ഉടലെടുക്കുന്ന സന്ദർഭം. ആറ് മാസത്തേയ്ക്ക് മാത്രമുള്ള ഒരു തത്രപ്പാടാണെങ്കിലും അരുവിക്കരയിലും സമാനമായ സംഭവങ്ങളൊക്കെ നടന്നുകഴിഞ്ഞു. നാളെയോടെ പ്രചരണം അവസാനിക്കുന്പോൾ പ്രധാന സ്ഥാനാർത്ഥികളായ ശബരീനാഥനും, എം. വിജയകുമാറും, ഒ. രാജഗോപാലും ഓടിനടന്നുള്ള പ്രവർത്തനം തത്കാലത്തേയ്ക്ക് നിർത്തും.
രാഷ്ട്രീയകേരളം ഈ തെരഞ്ഞെടുപ്പിലൂടെ ഉറ്റുനോക്കുന്നത് നിരവധി കാര്യങ്ങളാണ്. പിതാവിന്റെ രാഷ്ട്രീയപാരന്പര്യവും, സഹതാപ തരംഗവും വോട്ടാക്കാൻ ശബരീനാഥ് എന്ന ഐ.ടി വിദഗ്ദ്ധന് സാധിക്കുമോ എന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആശങ്കപ്പെടുന്പോൾ, സ്വന്തം നാടിന്റെ പിന്തുണ വിജയകുമാറിനെ തുണയ്ക്കുമോ എന്നതാണ് എൽ.ഡി.എഫ് ചിന്തിക്കുന്നത്. ഇതോടൊപ്പം അരുവിക്കരയിലെങ്കിലും 85ന്റെ ചെറുപ്പത്തിൽ നിയമസഭ കാണാൻ സാധിക്കുമോ എന്ന സന്ദേഹത്തിലാണ് ഒ.രാജഗോപാലും, ബി.ജെ.പിയും.
ഇത്തവണ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യ കുറവ് ഇവിടെ നടന്ന പ്രചരണത്തിൽ നിഴലിച്ചിരുന്നു. മൂന്ന് പ്രധാന കക്ഷികളുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ ഇവിടെയെത്തിയില്ല. സംസ്ഥാനത്ത് തന്നെയുള്ള ഛോട്ടാ, ബഡാ നേതാക്കളുടെ നേതൃത്വമാണ് കാണാൻ കഴിഞ്ഞത്. തങ്ങളുടെ കൊക്കിൽ ഒതുങ്ങുമെന്ന ആത്മവിശ്വാസമായിരിക്കണം ഏവർക്കും ഉള്ളത്. ശബരിനാഥിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു കോൺഗ്രസ്സുകാർക്ക് പോലും. എങ്കിലും അമ്മ മാറി നിന്നപ്പോൾ ഖദറിന്റെ പശിമയിലേയ്ക്ക് മകൻ പെട്ടന്ന് തന്നെ ഓടിക്കയറി എന്നാണ് മനസ്സിലാവുന്നത്. അത്യാവശ്യം രാഷ്ട്രീയം പഠിച്ചയാളാണെന്ന തോന്നൽ പൊതുവേ ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും പലരെയും വകഞ്ഞുമാറ്റി പെട്ടന്നൊരു സുപ്രഭാതത്തിൽ കയറി വന്നയാൾ എന്ന ഇമേജ് യൂത്ത് കോൺഗ്രസ്സുകാരുടെ ഇടയിലെങ്കിലും ഉണ്ട്.
എം.വിജയകുമാർ തഴക്കം വന്ന രാഷ്ട്രീയ നേതാവാണ്. ജനങ്ങളോട് ഇടപെഴകാനും അറിയാം. പക്ഷെ അതു കൊണ്ട് മാത്രം ജയിക്കണമെന്നില്ല. അതറിഞ്ഞുകൊണ്ട് തന്നെ വി.എസ് എന്ന യാഗാശ്വത്തെ തന്നെ ഇടതുപക്ഷം പുറത്തിറക്കി. ആൾക്കൂട്ടത്തെ തന്റെ വാചകകസർത്ത് കൊണ്ട് കൈയിലെടുത്ത് അദ്ദേഹം നന്നായി തന്നെ തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. പിണറായി, ജയരാജ സഖാക്കൾ കാഴ്ച്ചകൾ കണ്ടുകൊണ്ട് കരയ്ക്ക് തന്നെ ഇരുന്നു. ഇത് ചിലപ്പോൾ വിജയകുമാറിന് ഗുണം ചെയ്തേക്കാം.
കേരളത്തിൽ എവിടെ തെരഞ്ഞെടുപ്പ് ഉണ്ടായാലും സ്ഥിരമായി ബി.ജെ.പി നിർത്തിവരുന്ന സ്ഥാനാർത്ഥിയാണ് ഒ.രാജഗോപാൽ. ഇത് കാരണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഏറെ പരിചയസന്പന്നനുമാണ് അദ്ദേഹം. കഴിഞ്ഞ തവണ ശശി തരൂരനെ പോലും അദ്ദേഹം ഒന്ന് വിറപ്പിച്ചിരുന്നു. അരുവിക്കരയിൽ അദ്ദേഹം ബി.ജെ.പിക്ക് വേണ്ടി അക്കൗണ്ട് തുറക്കുമോ എന്നാണ് പ്രധാന ചോദ്യം.
ഓരോ തെരഞ്ഞെടുപ്പ് വരുന്പോഴും ജനങ്ങൾക്ക് ഓർത്ത് ചിരിക്കാൻ നിരവധി സന്ദർഭങ്ങൾ ഉണ്ടാകും. ഇത്തവണ ചന്ദനമഴ ഫെയിം മേഘ്നയുടെ സൂപ്പർ ഡയലോഗാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുന്നത്. സന്ദർഭത്തിന്റെ വികാരതളിച്ചയിൽ കൈവിട്ട വാക്കാണെങ്കിലും ഇന്ത്യയ്ക്ക് പുറമേയുള്ള രാജ്യമായി ചെന്നൈ, മുംബൈ എന്നീ സ്ഥലങ്ങളെ പരാമർശിച്ചതാണ് രസമായത്. ചിലപ്പോൾ ഈ ഒരു പ്രസ്താവന കാരണം രാജഗോപാലിന് കിട്ടേണ്ട 10 വോട്ടെങ്കിലും കുറയാൻ സാധ്യതയുണ്ട്. കൊല്ലം തുളസിയുടെയും പെർഫോർമൻസ് ഒട്ടും മോശമായിരുന്നില്ല.
ഇനി വരുന്ന ദിവസങ്ങളിൽ ശബരിനാഥ് കാത്തിരിക്കേണ്ടത് സരിതയെ തന്നെയാണ്. വോട്ടെടുപ്പിന്റെ അന്ന് അവർ പൊട്ടിക്കുന്ന വെടിയനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക. വിജയകുമാർ ഭയപ്പെടേണ്ടത് കണ്ണൂർ സഖാക്കളെയാണ്. വോട്ടെടുപ്പ് തീരുന്നത് വരെ അവർ വായതുറക്കാതിരുന്നാൽ വിജയകുമാറിന് കൊള്ളാം. ഒപ്പം രാജഗോപാൽ സീരിയിൽ സിനിമാ താരങ്ങളെ തത്കാലം മാറ്റി നിർത്തുക. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാകാം ഡയലോഗുകൾ. അതാണ് ഏവർക്കും നല്ലത്.

