ആശ്വാസമായി പൊതുമാപ്പ്
ബഹ്റിനിൽ അങ്ങിനെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇവിടെ നിയമവിധേയമല്ലാതെ താമസിക്കുന്ന ആയിരങ്ങൾക്ക് തങ്ങളുടെ നാട്ടിലേയ്ക്ക് വളരെ എളുപ്പത്തിൽ തിരികെ പോകാനുള്ള ഈ സുവർണ്ണാവസരം ലഭിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് കാലയളവ് ആറ് മാസത്തേക്കായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. ബഹ്റിനിൽ സ്വദേശികളുടെ കൂടെ അതേ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടെയും ജീവിക്കുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളാണുള്ളത്. മറ്റേത് അറബ് രാജ്യത്തേക്കാളും സ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ് ഇവിടെയുള്ള ഭരണാധികാരികൾ വിദേശീയരായ തൊഴിലാളികളോട് പെരുമാറുന്നത്. അതിന് ഉദാഹരണം കൂടിയാണ് ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ്. മൊത്തം ജനസംഖ്യയുടെ പകുതിയോളം വിദേശീയരാണ് ഇവിടെയുള്ളത്. അതിൽ തന്നെ ഇന്ത്യക്കാരുടെ എണ്ണം അന്പത് ശതമാനത്തിലധികം വരും.
മുന്പ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ ഏറെയായിരുന്നു. എന്നാൽ 2007ൽ രാജ്യത്ത് വിദേശ തൊഴിലാളികൾക്കായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വരികയും, അതോടൊപ്പം അന്ന് പൊതുമാപ്പ് പ്രഖ്യാപിച്ചതും ഈ എണ്ണം ഏറെ കുറയ്ക്കുന്നതിന് സഹായകമായി. ഇന്ന് രാജ്യത്ത് നിയമവിധേയമല്ലാതെ താമസിക്കുന്നവരിൽ മഹാഭൂരിപക്ഷം പേരും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെയുള്ളത്. പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചുകൊണ്ട് ഇതിൽ വലിയൊരു ശതമാനം പേരെങ്കിലും നാട്ടിലേയ്ക്ക് തിരികെ പോവുകയോ അല്ലെങ്കിൽ ഇവിടെ നിന്ന് കൊണ്ട് തന്നെ തങ്ങളുടെ ജോലി നിയമവിധേയമാക്കുകയോ ചെയ്യുമെന്ന് പ്രത്യാശിക്കാം.
പൊതുമാപ്പ് കാലയളവിൽ നിരവധി സൗകര്യങ്ങളാണ് അനധികൃതമായി ഇവിടെ താമസിക്കുന്നവർക്ക് ലഭിക്കാനിരിക്കുന്നത്. ഏറ്റവും വലിയ സൗകര്യം കനത്ത പിഴ ഈടാക്കില്ല എന്നതാണ്. നിരവധി പേരാണ് പിഴ കാരണം മാത്രം ഇവിടെ കുടുങ്ങി കിടക്കുന്നത്. പൊതുമാപ്പിന്റെ മറ്റൊരു പ്രധാന ഗുണം, ഇവിടെ തുടരാൻ താത്പര്യമുണ്ടെങ്കിൽ വലിയ നൂലാമാലകളില്ലാതെ പുതിയൊരു സ്പോൺസറുടെ കീഴിലേയ്ക്ക് മാറാൻ സാധിക്കുന്നു എന്നു തന്നെയാണ്.
ബഹ്റിനിൽ സാധാരണ നിലയിൽ ഒരു വിദേശ തൊഴിലാളിക്ക് രണ്ട് വർഷത്തേക്കുള്ള വർക്ക് പെർമിറ്റാണ് നൽകുന്നത്. ചില അറബ് രാജ്യങ്ങളിൽ ഇത് മൂന്നുവർഷമാണ്. ഈ കാലയളവിന് ശേഷം വർക്ക്പെർമിറ്റുകൾ പുതുക്കാതിരിക്കുന്പോഴാണ് മിക്കവരും അനധികൃതമായി ഇവിടെ താമസിക്കുന്നവരായി മാറുന്നത്. ജോലി നൽകിയ സ്പോൺസർ യഥാസമയത്ത് വർക്ക് പെർമിറ്റ് പുതുക്കിയില്ലെങ്കിലോ, അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന സ്ഥലത്ത് നിന്ന് തൊഴിലാളി തന്നെ ഒളിച്ചോടുന്ന സാഹചര്യം ഉണ്ടായാലോ ആണ് ഭൂരിപക്ഷം കേസുകളും ഉണ്ടാകുന്നത്. ഒളിച്ചോടിപോകുന്ന തൊഴിലാളിയുടെ പേരിൽ സ്പോൺസർ പോലീസ് േസ്റ്റഷനിൽ പരാതി നൽകുന്നതോടെ മിക്കവരുടെയും തിരികെ പോകാനുള്ള ആഗ്രഹത്തിന് താത്കാലിക വിരാമം സംഭവിക്കുകയാണ്. അത്തരം ആളുകൾക്കാണ് പൊതുമാപ്പ് സൗകര്യം ഏറെ പ്രയോജനപ്പെടുക. ഇതോടൊപ്പം പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്ക് തിരികെ പോയാൽ അവർക്ക് പുതിയ വിസയിൽ ബഹ്റിനിലേയ്ക്ക് വരാവുന്നതാണ്. അവർ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും നല്ലൊരു കാര്യം.
ഇത്തരം സംരഭങ്ങൾ പ്രഖ്യാപിക്കുന്പോൾ ചില കള്ളനാണയങ്ങൾ രംഗത്ത് വരാറുണ്ട്. കുറച്ച് പണം തന്നാൽ എല്ലാം ശരിയാക്കി തരാമെന്ന് പറയുന്ന ചിലർ. ഇത്തരത്തിലുള്ള ഒരിടപാടും പൊതുമാപ്പ് സൗകര്യത്തിനില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് വരുന്നു എന്ന വാർത്ത വരുന്നതിന് മുന്പേ ഇത്തരത്തിലുള്ള ഏജന്റുമാർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരെ മാറ്റി നിർത്താൻ ശ്രദ്ധിക്കണം. കോടതി വഴി യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ കാലയളവിൽ പോകാൻ സാധിക്കില്ലെന്നും മനസ്സിലാക്കുക. കാരണം അത്തരം ആളുകൾ നിയമത്തിന്റെ കണ്ണിൽ കുറ്റവാളികളാണ്. തങ്ങൾ ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചാൽ മാത്രമേ ഇവർക്ക് തിരികെ പോകാൻ സാധിക്കൂ.
ഇനി ഈ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടത് ബഹ്റിനിലെ സാമൂഹ്യപ്രവർത്തകരും, വിവിധ സംഘടനകളുമാണ്. പരസ്പരം പോരടിക്കാതെ ഒരു കോന്പറ്റീഷൻ ഐറ്റമാകാതെ എല്ലാവരും ഒന്നിച്ച് നിന്ന് ഇവിടെ കുടുങ്ങിയിട്ടുള്ള, നാട്ടിൽ പോകാൻ സാധിക്കാത്തവരെ കണ്ടെത്തി അവരെ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് സഹായിക്കാനുള്ള ഒരു കൂട്ടായ തീരുമാനം ഇവർ എടുക്കണം. ടിക്കറ്റെടുക്കാനുള്ള പണം പോലും ഇല്ലാത്ത നിരവധി പേർ ഇവിടെ ഉണ്ടാകും. പറ്റാവുന്ന രീതിയിൽ അതിനുള്ള സൗകര്യം കൂടി ഇന്ത്യൻ എംബസിയും സാമൂഹ്യപ്രവർത്തകരും ചേർന്ന് നടത്തണം. ഓർമ്മിപ്പിക്കാനുള്ളത് ഒന്ന് മാത്രം. ഡിസംബർ വരെ ഈ സൗകര്യം ഉണ്ടല്ലോ എന്നു കരുതി അഞ്ച് മാസം വെറുതെ ഇരുന്ന് അവസാന മാസം ഓടി നടക്കരുത്, അത് ചിലപ്പോൾ ബാക്കി വെയ്ക്കുന്നത് ദുരിതങ്ങൾ മാത്രമായിരിക്കും. എന്നും എപ്പോഴും പൊതുമാപ്പ് സൗകര്യം ലഭിക്കണമെന്നില്ല !

