കാലം മുന്പോട്ടാണ് പോകുന്നത്...


പ്രണയം, ഏറെ മനോഹരമാണ് ആ വാക്ക്. രണ്ട് മനുഷ്യർ തമ്മിൽ   കേവലം ഇഷ്ടപ്പെടുന്നതും ഒന്നിച്ചുകഴിയലും മാത്രമല്ല പ്രണയം. സ്വയം തിരിച്ചറിയുന്നതിനോടൊപ്പം മറ്റൊാളെ കൂടി പൂർണ്ണമായി മനസിലാക്കുന്പോളാണ് പ്രണയം എന്ന വികാരത്തിന് തന്നെ അർത്ഥമുണ്ടാകുന്നത്. നമ്മൾ മലയാളികൾ ഏറെ കാൽപ്പനിക സ്വഭാവം വെച്ചുപുലർത്തുന്നവരാണ്. അകലെയെവിടെയെങ്കിലും ഒരു ചാറ്റൽ മഴ പെയ്താൽ, അത് ഫേസ് ബുക്കിലൂടെ ആരെങ്കിലും ഷെയർ ചെയ്താൽ ഉടനെ നമ്മുടെ കാൽപ്പനികമായ മനസിലും മഴതുള്ളികളുടെ ചാറ്റൽ പെയ്യും. പിന്നെ നമ്മളും മഴയെ പ്രണയിച്ചുകൊണ്ടിരിക്കും. 

ഇങ്ങിനെ ലോലമായ ഒരു മനസുള്ളത് കൊണ്ടാവാം പ്രണയം, പ്രേമം എന്നിങ്ങിനെയുള്ള വാക്കുകളെ പോലും നമ്മൾ പ്രണയിച്ചു പോകുന്നത്. പഴയൊരു പ്രണയത്തെ പറ്റി ഓർക്കാൻ പറഞ്ഞാൽ വാചാലരാകാത്ത മലയാളികളില്ല. സിനിമകളിലെ പ്രണയവും നമുക്കേറെ ഇഷ്ടമുള്ള കാര്യമാണ്. പ്രേംനസീർ ഷീല മുതൽ നിവിൻപോളി മലർ ജോഡികൾ വരെ അത് തെളിയിക്കുന്നു. പ്രണയത്തിന്റെ പേരിൽ വരുന്ന സിനിമകളൊക്കെ മെഗാഹിറ്റുകളായി മാറുന്നു.  വളരെ കഷ്ടപ്പെട്ട് പ്രണയിച്ച് ഒടുവിൽ വിവാഹത്തിലേയ്ക്കെത്തുന്ന നായികയെയും നായകനെയും സ്ക്രീനിൽ കാണുന്പോൾ ഉയരുന്നത് ആർപ്പുവിളിയും, ഹർഷാരവവുമാണ്. സാഹിത്യത്തിലാണെങ്കിൽ ചന്ദുമേനോന്റെ ഇന്ദുലേഖയിൽ തുടങ്ങി രമണന്റെ ചങ്ങന്പുഴയിലൂടെ സഞ്ചരിച്ച് അനവധി നിരവധി കഥകളും കാവ്യങ്ങളും നമ്മൾ വായിച്ചു തള്ളിയിരിക്കുന്നു. ഗാനങ്ങളിലാണെങ്കിൽ പാരിജാതത്തിന്റെ മണ്ണമുള്ള പ്രണയഗാനങ്ങളാണ് നമുക്കേറ്റവും പ്രിയം. പ്രണയിച്ച് വിവാഹിതരായവരുടെ വിശേഷങ്ങൾ നിറഞ്ഞ വാരികകളും, മാസികകളും പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ്. ഇങ്ങിനെ പ്രണയത്തെ വല്ലാതെ പ്രണയിക്കുന്ന മലയാളികൾക്ക് ഇതിന്റ അർത്ഥം മാറാൻ വലിയ നേരമൊന്നും വേണ്ട എന്നതാണ് യാഥാർത്ഥ്യം. സ്വന്തം വീട്ടിൽ തന്നെ ആരെങ്കിലും ഒരാൾ പ്രണയിച്ച് വിവാഹം കഴിച്ചാൽ തന്നെ ഹാലിളകുന്നവരാണ് ഇന്നും ഒരു ആവറേജ് മലയാളി. 

ജീവിതത്തിൽ ഒരു മനുഷ്യന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തമായി മാറും ആ നേരത്ത് പ്രണയമെന്ന വാക്ക്. ഇന്നും തന്റെ വീട്ടുക്കാർ ആരെങ്കിലും തന്റേതല്ലാത്ത ജാതിയിൽ നിന്ന് വിവാഹം കഴിച്ചാൽ പോലും അത് സഹിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. മതം മാറി കഴിക്കുകയാണെങ്കിൽ പിന്നെ മരിക്കുന്നതാണ് നല്ലത് എന്ന തോന്നലാണ് മിക്കവർക്കും. മലയാളിയുടെ പ്രണയസങ്കൽപ്പങ്ങൾ പൂത്തു വിടരുന്നത് വിവാഹത്തിന് ശേഷമാണെന്ന അബദ്ധധാരണ പൊതുവെ നമ്മുെട സമൂഹത്തിനുണ്ട്. അതു കൊണ്ടാണ് ഇന്നും പ്രണയം എന്നത് നമുക്ക് കാണാനും, കേൾക്കാനും സ്വകാര്യമായി അനുഭവിക്കാനുമുള്ള ഒരു സംഭവമായി നിലകൊള്ളുന്നത്. മുന്പ് സൂചിപ്പിച്ചത് പോലെ പ്രണയ സിനിമകൾ കാണാനായി മണിക്കൂറുകളോളം ക്യൂ നിൽക്കാനോ, മാ വാരികകളിൽ വരുന്ന പൈങ്കിളി നോവലുകൾ വായിച്ചുരസിക്കാനോ, പ്രണയ സ്മാരകങ്ങളിൽ പോയി നിന്നും, ഇരുന്നും കിടന്നുമൊക്കെ ഫോട്ടോകളെടുക്കാനോ നമുക്ക് മടിയില്ല. എന്നാൽ നമ്മുടെ മുന്പിൽ ഒരു ആണും, പെണ്ണും പ്രണയിച്ചു നടക്കുന്നത് കണ്ടാൽ അതുമാത്രം സഹിക്കില്ല. എന്തോ വലിയ പാതകം ചെയ്യുന്ന രണ്ടുപേർ മാത്രമാണ് അവർ നമുക്ക്. 

പ്രണയവും, വിവാഹവും, വിശ്വാസവുമൊക്കെ ഇന്നത്തെ കാലത്ത് അടിച്ചേൽപ്പിക്കപ്പെടേണ്ടുന്ന ഒന്നാണ് നമ്മളിൽ പലർക്കും. പ്രായപൂർത്തിയായ ആർക്കും തന്നെ ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ സാധിക്കേണ്ടതാണ്. വിവാഹം പോലെതികച്ചും വ്യക്തിപരമാവേണ്ട പല കാര്യങ്ങളിലും ഇത്തരത്തിൽ പൊതുസമൂഹം ഇടപ്പെടുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാണ് പലപ്പോഴും വിവാഹമോചനങ്ങളിലേയ്ക്കും, കുടുംബ തകർച്ചയിലേയ്ക്കും വരെ എത്തിക്കുന്നത്. ഒരു മനുഷ്യന്റെ വ്യക്തിജീവിത്തിൽ ആർക്കും കടന്നുകയറാമെന്ന ചിന്താഗതി തന്നെ വൃത്തിക്കെട്ടഒരു മനോനിലയാണ്. കാലം ഉറപ്പായും മായ്ച്ചുകളയുമെന്ന് ഞാൻ കരുതുന്ന മനോനില. കാലം പുരോഗമിക്കുന്പോൾ എത്ര മാത്രം ഇടുങ്ങിയ ചിന്താഗതിക്കാരായിരുന്നു തങ്ങളുടെ പൂർവികന്മാരെന്ന്
ചിന്തിച്ച് അപ്പനപ്പൂപ്പൻമാരുടെ ഇത്തരം വിഢിത്തരങ്ങളെ ഓർത്ത് നമ്മുടെ പിൻതലമുറ  പൊട്ടിച്ചിരിക്കും. അതിൽ യാതൊരു സംശയ
വും വേണ്ട. 

ഇത്രയും എഴുതാനുള്ള കാരണം ബഹുമാന്യനായ ഒരു മതനേതാവ് കഴിഞ്ഞ ദിവസം നടത്തി എന്നു പറയപ്പെടുന്ന ഒരു പ്രസ്താവനയാണ്.  അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും അതേപറ്റി പറയുന്നില്ല. എന്നാൽ മതം ഏതായാലും മനുഷ്യ
ൻ നന്നായാൽ മതി എന്ന തത്വത്തിൽ വിശ്വസിക്കുന്നവരെ ഇത്തരം പ്രസ്താവനകൾ ഏറെ വിഷമിപ്പിക്കുന്നു എന്നത് യാത്ഥാർത്ഥ്യമാണ്. ഒപ്പം മതം മാത്രമാണ് ജീവിതം എന്നു കരുതുന്നവരെ മനുഷ്യനല്ലാതാക്കാൻ കൂടി ഇത്തരം വാക്കുകൾ കൂടുതൽ സഹായിക്കും എന്നതും സത്യമാണ്. അതു കൊണ്ട് താനിരിക്കുന്ന ഇടം മനസിലാക്കി, അതിന് യോജിക്കുന്ന തരത്തിലുള്ള നല്ല വാക്കുകൾ ഇത്തരം ബഹുമാന്യവ്യക്തികളിൽ നിന്നും പ്രതീക്ഷിക്കുന്നു. കാലം മുന്പോട്ടാണ് പോകുന്നത്, പിന്നോട്ടല്ലെന്നും ഓർമ്മപ്പെടുത്തട്ടെ. 

വാൽകഷ്ണം:  ഒരു മാസമായിട്ടില്ലെന്ന് തോന്നുന്നു, സ്വവർഗ സ്നേഹിയായ മകന് വേണ്ടി അമ്മ തന്നെ വിവാഹപരസ്യം നൽകിയിട്ട് !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed