അങ്ങിനെ ആ കാര്യത്തിലും...
‘‘അങ്ങിനെ അവരുടെ കാര്യത്തിലും തീരുമാനമായി. എന്താകുമോ എന്തോ എന്ന ആശങ്കയിലായിരുന്നു. ഇപ്പോൾ അദ്ദേഹം തന്നെ പറഞ്ഞപ്പോൾ ഉറപ്പായി. ഇവരൊക്കെ കെട്ടുന്നത് തന്നെ ഡൈവേഴ്സ് ചെയ്യാനാണോ.’’ സുഹൃത്ത് ആർക്കോ വേണ്ടി രോക്ഷാകുലനായി പറഞ്ഞു കൊണ്ടേയിരുന്നു. ഒരു സിനിമാ താരം കൂടി വിവാഹമോചിതനാകുന്നു എന്ന വാർത്ത വന്നതോടെയാണ് അദ്ദേഹം തന്റെ സംസാരം തുടങ്ങിയത്. അങ്ങിനെയൊന്നും ഇല്ലെന്ന് താരത്തിന്റെ ഭാര്യ നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ തങ്ങൾ പിരിയുകയാണെന്ന വാർത്ത സിനിമാ താരം തന്നെ പുറത്ത് വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റേഡിയോയിൽ ഒരു ചർച്ച കേട്ടു. പത്ത് മിനിട്ട് നേരമെങ്കിലും ഇടതടവില്ലാതെ പരസ്പരം സ്നേഹത്തോടെ സംസാരിക്കുന്ന ഭാര്യാ ഭർത്താക്കന്മാരുണ്ടെങ്കിൽ ആ ഷോയിലേയ്ക്ക് വിളിക്കാനായിരുന്നു അവതാരകർ ആവശ്യപ്പെട്ടത്. എന്നാൽ ഒരാൾ പോലും വിളിച്ചില്ലെന്നു മാത്രമല്ല, അത് സാധ്യമല്ല എന്ന രീതിയിൽ രണ്ടു മൂന്ന് പേർ വിളിച്ചു അഭിപ്രായം പറയുകയും ചെയ്തു. ഒടുവിൽ സഹികെട്ട് അവതാരകർ പ്രണയത്തെ പറ്റിയുള്ള നാല് ബേക് ടു ബേക് പാട്ടുകൾ ഇട്ട് സ്കൂട്ടായി. ഇതൊക്കെകാണുകയും കേൾക്കുകയും ചെയ്യുന്പോൾ ഒരേ ഒരു സംശയം, ഇത് ഇന്നിന്റെ മാത്രം കുഴപ്പമാണോ അതോ ആണും പെണ്ണും വിവാഹമെന്ന സങ്കൽപ്പത്തിൽ ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടേ ഇങ്ങിനെയാണോ എന്നതാണ്.
ഇന്ന് ചൂട് വാർത്തകളുമായി നിരവധി വാർത്താമാധ്യമങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. ഒപ്പം നമ്മുടെ കൈവിരലുകളിലും ഹോട്ട് സ്റ്റോറീസ് തത്തികളിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ ഇടയിൽ അറിയപ്പെടുന്നവർ തമ്മിൽ അടിച്ചുപിരിഞ്ഞാൽ ഉടനെ തന്നെ അത് വൈറലായി തുടങ്ങും. ഇനി അഥവാ ചെറിയ പിണക്കമാണെങ്കിൽ പോലും നാട്ടുക്കാർ അവരുടെ കാര്യം ഏറ്റെടുത്ത് പരസ്പ്പരം വേർപിരിയാനുള്ള എല്ലാ സൗകര്യവും ഏർപ്പാട് ചെയ്തു കൊടുക്കും. സത്യത്തിൽ ഓരോ വിവാഹമോചന വാർത്തകളും അവരുടെ വിവാഹത്തേക്കാൾ ഏറെ ഗംഭീരമായിട്ടാണ് ഇന്ന് നമ്മുടെ നാട്ടുക്കാർ ആഘോഷിക്കുന്നത്. പരസ്പ്പരമുള്ള സംശയവും, ആശയങ്ങൾ കൈമാറുന്നതിലുള്ള വീഴ്ച്ചകളും, ഒപ്പം ആദ്യം സൂചിപ്പിച്ചത് പോലെ ഒരൽപ്പനേരം പങ്കാളിക്കൊപ്പം ക്ഷമയോടെ ഇരുന്ന് പരസ്്പ്പരം ഹൃദയം തുറക്കാനുള്ള മടിയുമാണ് മിക്ക വിവാഹമോചനങ്ങളുടെയും പ്രധാനപ്പെട്ട കാരണങ്ങൾ എന്നാണ് മനഃശാസ്ത്രജ്ഞരും, കൗൺസിലർമാരും പറയുന്നത്. ഇത് ഏറെ കുറേ ശരിയുമായിരിക്കാം. ഇന്ന് പഴയ കാലം പോലെ ഭൂരിഭാഗം പേർക്കും ആത്മഹത്യ ചെയ്ത് വിലപ്പെട്ട ജീവൻ കളയാനൊന്നും താൽപ്പര്യമില്ല. അത് കൊണ്ട് വിവാഹമോചനം ചെയ്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാനാണ് മിക്കവരും തയ്യാറാകുന്നത്.
സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഇന്ന് സൗഹൃദങ്ങൾക്ക് യാതൊരു പഞ്‍ഞവുമില്ല. പക്ഷെ അതിൽ പതിരെത്ര അരിയെത്ര എന്നത് മാത്രമാണ് സംശയിപ്പിക്കുന്ന കാര്യം. ഇതു പറയുന്പോൾ രസകരമായ ഒരനുഭവം കുറിക്കട്ടെ. ഇതിനിടെ കേരളത്തിലേയ്ക്ക് കുടുംബത്തെ പറിച്ചുനടാൻ പ്ലാനിട്ടപ്പോൾ തന്നെ ഫേസ്ബുക്കിലൂടെ നിരവധി സന്ദേശങ്ങൾ ഒഴുകിയെത്തി. ഇവിടെയെത്തിയാൽ ഉടനെ വിളിക്കണം. എന്താവശ്യത്തിനും ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് ഒരു നൂറുകൂട്ടം സൗഹൃദങ്ങൾ. എന്റെയും എന്റെ ശ്രീമതിയുടെയും അന്തരംഗം അഭിമാനപൂരിതമായി. ഒടുവിൽ ഉൾപുളകത്തോടെ ഞങ്ങൾ ഇവിടെയെത്തി അവരൊയൊക്കെ ഒന്നു വിളിക്കാൻ ശ്രമിച്ചപ്പോൾ മിക്കയിടത്തും നിന്നും ഞങ്ങൾ കിട്ടിയ മറുപടി ഒന്നായിരുന്നു. “ഞാൻ ഇപ്പോൾ കുറച്ച് തിരക്കാ, തിരിച്ച് വിളിക്കാം ട്ടോ”. പിന്നെ വിളിക്കുന്പോൾ ഈ ലൈൻ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശവും. ഇവിടെ ആരെയും കുറ്റം പറയാൻ ഞാൻ ഒരുക്കമല്ല. മറിച്ച് ജീവിതം എല്ലാവരെയും തിരക്കുള്ളവരാക്കി മാറ്റുന്നു എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
സൈബർ സ്പേയിസിൽ സൗഹർദങ്ങൾ വളർത്തുന്ന മിക്കവരും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് മാറി അൽപ്പസമയത്തേക്കെങ്കിലും മയക്കുമരുന്നും, മദ്യവും തരുന്നത് പോലെ ഒരു ആശ്വാസമാണ് കൊതിക്കുന്നത് എന്നതാണ് സത്യം. ആ നേരത്ത് തൊട്ടുമുന്പിൽ
തന്നെ കേൾക്കാനോ, മനസിലാക്കാനോ സാധിക്കാത്ത പങ്കാളിയെ ചെകുത്താനായും ആയിരം കാതമകലെയുള്ള ഒരിക്കൽ മുഖം
പോലും കണ്ടിട്ടില്ലാത്ത ആരോ ഒരാൾക്ക് മലാഖയുടെ മുഖച്ഛായ ഉള്ളതായും തോന്നുന്നു. ഇന്ന് എത്ര പേർക്ക് തങ്ങളുടെ ഫോണോ, ടാബോ തന്റെ പങ്കാളിക്ക് കൊടുക്കാൻ ധൈര്യമുണ്ടെന്ന് ഒരു സുഹൃത്ത് ചോദിച്ചത് ഇപ്പോഴും എന്റെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല.
“ടാ, ഇവർ പിരിഞ്‍ഞിട്ടില്ലാന്ന് പറഞ്ഞ് താരത്തിന്റെ ഭാര്യ വീണ്ടും വന്നിരിക്കുന്നു. ഇവരെന്താ ആളെ കളിപ്പിക്കുകയാണോ.. ഇപ്പോൾ തന്നെ ഒരു കമന്റിട്ട് ശരിയാക്കി തരാം...’’ സുഹൃത്തിന്റെ ആത്മ രോക്ഷം തിളച്ചുതുടങ്ങി. രാവിലെ താരം പറഞ്ഞതൊക്കെ നിഷേധിച്ച് ഭാര്യ ഇപ്പോഴത്തെ ചൂട് വാർത്തയിലെ താരമായിരിക്കുന്നു. ഓൺലൈൻ വാർത്തയുടെ ഒപ്പം താരവും ഭാര്യയും ഒപ്പം മൂന്നുവയസുകാരി പെൺകുഞ്ഞും ചേർന്നുള്ള മനോഹരമായ ഒരു ഫോട്ടോ. അതിൽ ആ കുഞ്ഞ് ചിരിക്കുകയാണോ, അതോ കരയുകയാണോ.. എന്തോ എന്റെ കണ്ണ് തീരെ തെളിയുന്നില്ല...

