വായനയുടെ വസന്തം


ആത്മസംസ്കരണത്തിന്റെ പുണ്യമാസം ആഗതമായിരിക്കുന്നു. എല്ലാ വിശ്വാസികൾക്കും എന്റെ റമദാൻ കരീം. സ്വയം തിരിച്ചറിയാനും മറ്റുള്ളവരിലേയ്ക്ക് ആ തിരിച്ചറിയലിന്റെ സന്ദേശം എത്തിക്കാനും ഈ മാസം എല്ലാവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. റമദാൻ മാസം അറിവ് ആർജ്ജിക്കേണ്ടതും ഉള്ള അറിവ് തുടച്ച് മിനുക്കേണ്ടതുമായ മാസമാണ്.

ഇന്ന് വായനാദിനമാണ്. വായനയിലൂടെ മാത്രമേ അറിവ് ലഭിക്കൂ എന്ന് ഇല്ലെങ്കിലും നല്ലൊരു വായനാസംസ്കാരം വളർത്തിയെടുക്കേണ്ടത് വരും തലമുറയുടെ മാനസിക പുരോഗതിക്ക് അത്യാവശ്യമായ ഒരു കാര്യമാണ്. വിശുദ്ധ ഖുർ ആൻ ആയാലും ഭഗവദ്ഗീതയായാലും ബൈബിളായാലുമൊക്കെ മനുഷ്യർക്ക് സമ്മാനിച്ചത് വലിയൊരു വായനാ സംസ്കാരം കൂടിയാണ്. കർക്കിടക മാസത്തിൽ രാമായണ പാരായണം ശീലമാക്കിയവരായിരുന്നു ഭൂരിഭാഗം ഹിന്ദു വിശ്വാസികളും. ഇങ്ങനെ ഓരോ മതങ്ങളും മനുഷ്യനെ വായനയിലൂടെ ലഭിക്കുന്ന അറിവ് കാരണം കാലാകാലങ്ങളിൽ സംസ്കരിച്ചെടുത്തിട്ടുണ്ട്.

വായന ഒരു ശീലമാകുന്പോൾ മനുഷ്യബന്ധങ്ങൾ പോലും ശക്തമാകും എന്നാണ് എന്റെ അനുഭവം. വായനയിൽ ഗുണമുള്ള വായനയെന്നും ഇല്ലാത്ത വായനയെന്നും തരം തിരിച്ചു കാണേണ്ട ആവശ്യമില്ല. കിട്ടുന്നതെല്ലാം വായിക്കാനാണ് ചെറുപ്പം മുതൽ കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. പിന്നീട് അവർ തന്നെ ഇതിലെ നെല്ലും പതിരും സ്വയം തിരിച്ചറിയുമെന്നതാണ് പലരുടെയും അനുഭവം.

മുന്പ് നമ്മുടെ നാട്ടിൽ വളരെ സജീവമായിരുന്ന ഗ്രന്ഥശാല പ്രവർത്തനം ഇലക്ട്രോണിക് മാധ്യമങ്ങളുടെ കുത്തൊഴുക്കിൽ ഏറെക്കാലം അൽപ്പം മന്ദഗതിയിൽ ആയിരുന്നു. പല വായനശാലകളും പൊടിപിടിച്ചും ചിതലരിച്ചും ഇല്ലാതായിരുന്നു. ചിലർ വായനശാലയുടെ വരാന്തയിൽ ഒരു ടെലിവിഷൻ വെച്ച് ആളെ കൂട്ടാൻ ശ്രമിച്ചു. അലമാരയിൽ പൊടിപിടിച്ചു കിട്ടുന്ന പുസ്തകങ്ങൾക്ക് കണക്കുപോലുമില്ലാതായി. എന്നാൽ ഇന്ന് ഈ സ്ഥിതിഗതികൾ മാറി വരികയാണ്. ഇന്റർനെറ്റ് അടക്കമുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇന്ന് ഓൺലൈൻ ലൈബ്രറികൾ സജീവമായി കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഗ്രന്ഥശാല സംഘത്തിന്റെ സഹകരണത്തോടെ കേരളത്തിലെ ഏതു വായനശാലകളിലെയും പുസ്തകങ്ങളെ പറ്റി അറിയാൻ സാധിക്കുന്ന ഒരു പുതിയ സോഫ്റ്റ്്വെയർ നിലവിൽ വന്ന വാർത്ത വായിച്ചിരുന്നു. ഇങ്ങനെ വായനയുടെ ലോകവും ഇന്ന് മാറിത്തുടങ്ങിയിരിക്കുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളോടും ചാനലുകളോടുമുള്ള സർവവിധ ബഹുമാനവും വെച്ചുകൊണ്ട് തന്നെ വായനദിനവുമായി ബന്ധപ്പെട്ട ഈ സമീപകാല അനുഭവം പറയട്ടെ. ഞങ്ങൾ പുതുതായി താമസിക്കുന്നിടത്ത് ടെലിവിഷൻ ചാനലുകൾ ലഭിക്കാനുള്ള യാതൊരു വഴിയും ഇല്ല. ഇതോടൊപ്പം ഇന്റ‍ർനെറ്റിനു റേഞ്ചുമില്ല. ഈ ഒരു അറിവ് ആദ്യം ഏറെ ഞെട്ടലോടെയാണ് ഞാനും കുടുംബവും സ്വീകരിച്ചത്. സീരിയലുകൾ കാണാറില്ലെങ്കിലും പലപ്പോഴും വാർത്താചർച്ചകൾ കാണുന്ന ശീലമുണ്ടായിരുന്ന ഞങ്ങൾക്കും കാർട്ടൂൺ ചാനലുകൾ സ്കൂൾ വിട്ട് വന്നാൽ നിർബ്ബന്ധമുണ്ടായിരുന്ന കുട്ടികൾക്കും ഈ വാർത്ത സമ്മാനിച്ചത് അതീവ ദുഃഖമായിരുന്നു. ഒരാഴ്ചത്തെ ദുഃഖാചരണം കഴിഞ്ഞപ്പോൾ പതിയെ യാഥാർത്ഥ്യത്തിലേയ്ക്ക് ഞങ്ങൾ തിരിച്ചെത്തി. ആദ്യം ചെയ്തത് ഒരു കെട്ട് അമർചിത്രകഥകൾ വാങ്ങിക്കലായിരുന്നു. ഒപ്പം അത്യാവശ്യം തിരഞ്ഞെടുക്കപ്പെട്ട കാർട്ടൂണുകളും സിനിമകളും ഒരു ഹാർ‍ഡ് ഡിസ്ക്കിലാക്കിയെടുത്തു. ഇപ്പോൾ സ്കൂൾ വിട്ടു കഴിഞ്ഞാൽ അമർചിത്രകഥകൾ സമ്മാനിച്ച അത്ഭുതലോകത്താണ് മക്കൾ മൂന്നുപേരും. ഞങ്ങൾ രണ്ടുപേരും മുന്പുണ്ടായിരുന്നതുപോലെ വായനയെ തിരിച്ചു പിടിച്ചുകൊണ്ടിരുന്നു. ഏറ്റവും വലിയ ഗുണം ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം എത്രയോ ഇരട്ടിച്ചിരിക്കുന്നു എന്നതാണ്. ഇത് എന്റെ സ്വജീവിതാനുഭവമാണ്. ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രാക്ടിക്കൽ ആണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ ആളല്ല. പക്ഷെ അല്പമെങ്കിലും വായനയുടെ ലോകത്തേയ്ക്ക് ചിറകടിക്കാൻ ശ്രമിച്ചാൽ ജീവിതം വ്യത്യസ്തമാകും അതുറപ്പ്!

You might also like

  • Lulu Exchange
  • Straight Forward

Most Viewed