അന്നം വിഷമാകരുത്


“ഇവർക്കെന്ത് വിശ്വാസമാണ് അല്ലെ”.  ചോദ്യം നല്ല ചൂട് അപ്പവും, മുട്ടക്കറിയും കഴിച്ച് കൈകഴുകി പൈസ കൊടുക്കാൻ ഒരുങ്ങിയ സുഹൃത്തിന്റേതായിരുന്നു. കഴിച്ച ഇനങ്ങളുടെ പേര് കഴിച്ചയാൾ തന്നെ പറയുന്പോൾ ഒരു മനക്കണക്കിൽ വില പറയുകയാണ് ആ ഹോട്ടൽ മുതലാളി. ഇൻഫോപാർക്കിൽ നിന്നുള്ള ജീവനക്കാർ ഒഴുകിയെത്തുന്ന ചെറുകിട ഹോട്ടലാണ് ഇത്. കുറേ ബംഗാളിതൊഴിലാളികളും, ഒരു മലയാളി മുതലാളിയുമാണ് ഹോട്ടലിലെ ജീവനക്കാർ. അവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ ബിൽ ഒന്നും ലഭിക്കില്ല. എങ്കിലും കണക്ക് വളരെ കൃത്യമായിരിക്കും. സെക്യൂരിറ്റി ക്യാമറയുടെ ജാഡയൊന്നും ഇവിടെയില്ല. പക്ഷെ കഴിച്ചു കഴിഞ്ഞാൽ ആരും ആരെയും പറ്റിക്കുന്നില്ല. ഇനി പറ്റിക്കുന്നുണ്ടെങ്കിൽ തന്നെ ആരും അത് വിശ്വസിക്കുന്നില്ല. 

ഇവിടെ ഉപയോഗിക്കുന്ന പച്ചക്കറികളിലും, മാംസത്തിലും വിഷമുണ്ടോ ചേട്ടാ എന്ന് പൈസ കൊടുക്കുന്പോൾ സുഹൃത്ത് വെറുതെ ചോദിച്ചു. ഹോട്ടലുടമയുടെ മുഖത്ത് നിഴലിച്ചത് വല്ലാത്തൊരു വിഷമമായിരുന്നു. ചന്തയിൽ നിന്ന് നിങ്ങൾ വാങ്ങുന്നത് പോലെയാണ് ഞങ്ങളും വാങ്ങുന്നതെന്ന ധ്വനി ആ ഭാവത്തിലുണ്ടായിരുന്നു. ഇന്ന് കേരളത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പൊതുവേയുള്ള സ്ഥിതി ഇത് തന്നെയാണ്. നല്ലത് കൊടുക്കണം എന്ന് ഒരു ഭക്ഷണശാല തീരുമാനിച്ചാൽ പോലും അത് നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ കേരള സർക്കാർ പുറത്ത് നിന്ന് വരുന്ന ആഹാര സാധനങ്ങളുടെ മേൽ കർശന പരിശോധന ആരംഭിക്കുന്നു എന്ന വാർത്ത ഏറെ സന്തോഷം പകരുന്നതാണ്.

അതിർത്തി കടന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികൾ തടയുന്നതിനായാണ് മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചുകൊണ്ട് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. അമിതകീടനാശിനി ഉപയോഗിച്ചു കൊണ്ടു വളർത്തുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇപ്പോൾ കേരളത്തിൽ വിൽക്കപ്പെടുന്നത്. സമീപ കാലത്ത് നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന രോഗങ്ങൾ തന്നെയാണ് സർക്കാരിനെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മുന്പ് ഓരോ വീട്ടിലും ഒരു ഗൾഫുകാരൻ എന്ന പഴമൊഴിയുണ്ടായിരുന്ന ഇടത്ത് ഇപ്പോൾ ഓരോ വീട്ടിലും ഒരു ക്യാൻസർ രോഗി എന്ന നില വന്നിരിക്കുന്നു. അതു കൊണ്ട് തന്നെ ഇവിടെ എത്തുന്ന പച്ചക്കറിക്ക് ഒരു പരിശോധനയുണ്ടാവുന്നത് നല്ല കാര്യം തന്നെ. പക്ഷെ അതേസമയം വർഷങ്ങളോളം മാഗി പോലെയുള്ള ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ആഹാരത്തിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത  ഉദ്യോഗസ്ഥർ തന്നെയല്ലെ ഈ പരിശോധനയും നടത്തുക എന്ന ചോദ്യം ഉയരുന്നുണ്ട്. അവർക്ക് ഈ പുതിയ പരിശോധനയിലൂടെ കുറച്ചുകൂടി കിന്പളം കിട്ടും എന്നേ പൊതുജനം കരുതൂ.

അതുകൊണ്ട് തന്നെ പരിശോധനകൾക്ക് ഒപ്പം ഇനിയെങ്കിലും പച്ചക്കറികൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളം ഇക്കാര്യത്തിൽ സ്വയംപര്യാപ്തരാകുക എന്നതാണ് സർക്കാർ എത്രയും വേഗം നടപ്പിലാക്കേണ്ട കാര്യം. ഓരോ പഞ്ചായത്തിലും തരിശായി കിടക്കുന്ന ഭൂമികൾ താത്കാലിക അടിസ്ഥാനത്തിൽ ഏറ്റെടുത്ത് കുടുംബശ്രീ പോലുള്ള കൂട്ടായ്മകളെ പ്രയോജനപ്പെടുത്തി വിഷരഹിതമായ പച്ചക്കറികൾ ഉണ്ടാക്കിയാൽ അൽപം വില കൂടിയാലും പൊതുജനം അത് വാങ്ങിച്ചു തുടങ്ങും. ലക്ഷങ്ങൾ ചിലവാക്കി ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് പച്ചക്കറിക്ക് ഒരു രൂപ കൂടുതൽ നൽ‍കുന്നത്. അതോടൊപ്പം വീടുകളിലും കഴിയാവുന്നത്ര കൃഷി ചെയ്യാനുള്ള പ്രോത്സാഹനം സർക്കാർ നൽകണം. അത്യാവശ്യം വേണ്ട പയർ, തക്കാളി വെണ്ടയ്ക്ക, പാവയ്ക്കാ, പച്ചമുളക് എന്നിവയൊക്കെ ടെറസ്സിലും കൃഷി ചെയ്യാം.  കർ‍ഷകരെ ബഹുമാനിക്കുവാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. അവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കാൻ പഞ്ചായത്ത് തലം മുതൽ മുൻകൈയെടുക്കണം. കാർഷിക ക്ലബ്ബുകൾ ഇതിനായി ഉണ്ടാവണം. 

നിയമങ്ങളോ, നിരോധനങ്ങളോ ഇല്ലാത്തത് മാത്രമല്ല നമ്മുടെ പ്രശ്നം. തീരുമാനങ്ങൾ നടത്താൻ ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതും രാഷ്ട്രീയ നേതൃത്വത്തിന്റെ അനാവശ്യമായ കൈ കടത്തലുമാണ് എന്തിനെയും തകിടം മറിക്കുന്നതിന്റെ കാരണം. ഈ പരിശോധനാ കാര്യത്തിലെങ്കിലും അത് അങ്ങിനെ ആകാതിരിക്കട്ടെ. കാരണം ഇത് മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ട പ്രശ്നമാണ്. വരും തലമുറയുടെ പ്രശ്നമാണ്. ഒപ്പം ഒന്നോ രണ്ടോ രാഷ്ട്രീയനേതാക്കൾ മാത്രമല്ല,  ഓരോ മലയാളിയുമാണ് വിഷം നിറഞ്ഞ ഭക്ഷണം കഴിയ്ക്കില്ല എന്ന തീരുമാനം എടുക്കേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നു..!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed