യെസ്, ദ ഷോ മസ്റ്റ് ഗോ ഓൺ...
കർഷകരുടെ ആത്മഹത്യ നമ്മൾ ഇന്ത്യക്കാർക്ക് പുതിയ വാർത്തയല്ല. തങ്ങൾ രക്തം കൊടുത്തു വളർത്തിയെടുക്കുന്ന കൃഷിയിടങ്ങൾ അവിചാരിതമായ കാലാവസ്ഥയിൽ നശിച്ചു പോകുന്പോൾ അവർക്ക് അത് ഹൃദയഭേദകമായ കാര്യം തന്നെയാണ്. താങ്ങാനാകാത്ത സാന്പത്തിക നഷ്ടം അവരുടെ തലയുടെ മുകളിൽ വരുന്പോൾ അത് സഹിക്കാനാകാതെ ഒടുവിൽ ഒരു മുഴം കയറിൽ അവർ ജീവനൊടുക്കുന്നു. തങ്ങളുടെ വയലുകളിലോ, കൃഷിയിടങ്ങളിലോ ആത്മഹത്യ ചെയ്യുന്ന രീതികളിൽ നിന്ന് ഒരു വ്യത്യസ്തത ഉണ്ടാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ആം ആദ്മി പാർട്ടി നടത്തിയ റാലിയിൽ വെച്ച് ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിങ്ങ്. ഡൽഹി നഗരത്തിന്റെ ഹൃദയഭാഗമായ ജന്തർമന്തറിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളടക്കമുള്ള വൻ ജനകൂട്ടത്തിന് മുന്പിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ആത്മഹത്യ എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണെന്നും അത് അരങ്ങേറുന്നത് ഇരുട്ടിന്റെ മറവിൽ മാത്രമാണെന്നും പറയുന്നവരുടെ വാക്കുകൾ ഇവിടെ തെറ്റായി മാറിയിരിക്കുന്നു.
രാജസ്ഥാൻ സ്വദേശിയും, നാൽപ്പത് വയസ്സുകാരനുമായ ഗജേന്ദ്ര സിംഗ് വളരെ നല്ലവനും, എന്നും ഉത്സാഹവാനായി കാണപ്പെട്ടിരുന്ന വ്യക്തിയും ആയിരുന്നുവത്രെ. നിറങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഏറ്റവുമധികം താത്പര്യമുള്ള കാര്യം തന്റെ തലയിലെ നിറങ്ങൾ നിറഞ്ഞ തലപ്പാവ് ഇടയ്ക്കിടെ മാറ്റികെട്ടുക എന്നതായിരുന്നു. ഒപ്പം തന്റെ കപ്പട മീശയും താടിയും ചീകിയൊതുക്കി വെക്കുന്നതും ഈ തനി നാട്ടിൻപുറത്തുകാരനായ രാജസ്ഥാൻ കർഷകന്റെ ഇഷ്ടവിനോദമായിരുന്നു. തന്റെ കൃഷിജോലിക്ക് പുറമേ, ഗവൺമെൻിന്റെ വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുത്ത് ഏറ്റവും വേഗത്തിൽ തന്റെ തലപ്പാവ് അഴിച്ചും കെട്ടിയും ധാരാളം വിനോദസഞ്ചാരികളെയും ഇദ്ദേഹം ആകർഷിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ വേറൊരു വരുമാന മാർഗം. തലസ്ഥാനത്ത് നടന്നിരുന്ന വലിയ റാലികളിൽ ഇദ്ദേഹം സ്ഥിരം സാന്നിധ്യം കൂട്ടിയായിരുന്നുവത്രെ. ഇത്തരം സന്ദർഭങ്ങളിൽ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ തന്നിലേയ്ക്കാർഷിക്കാൻ ഏറെ കഴിവുള്ളയാളായിരുന്നു ഇദ്ദേഹം. ഇതിനായി മുന്പൊരിക്കൽ ശരീരം മുഴുവനും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഇത്തരം ചില പൂർവ്വ ചരിത്രങ്ങൾ കാരണം തന്റെ കാർഷിക വിളകൾ നശിച്ചു പോയതിലുള്ള സങ്കടം മാത്രമാണോ ആം ആദ്മി പാർട്ടിയുടെ റാലിയോടനുബദ്ധിച്ച് ഒരു മുഴം കയറിൽ തന്റെ ജീവിതം തീർക്കാൻ ഗജേന്ദ്രസിങ്ങിനെ പ്രേരിപ്പിച്ചെതെന്ന ചോദ്യം രാജ്യത്തുള്ള പലരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ പറ്റി ഒരു നീതിപൂർണമായ അന്വേഷണം തന്നെ നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്തായാലും ഈ ഒരു ആത്മഹത്യ കൊണ്ട് ഗജേന്ദ്രസിംഗിന്റെ കുടുബത്തിനേക്കാൾ ഉപയോഗം നമ്മുടെ രാഷ്ട്രീയക്കാർക്കായിരിക്കും ലഭിക്കുക എന്നതിന് സംശയമില്ല. ആത്മഹത്യയുടെ ഉത്തരവാദി അരവിന്ദ് കെജരിവാളാണെന്ന് ബി.ജെ.പിയും, ബി.ജെ.പിയുടെ കർഷക ദ്രോഹ സമീപനങ്ങളുടെ ഇരയാണ് ഗജേന്ദ്രസിംഗ് എന്ന് ആപ്പും കുറ്റപ്പെടുത്തി കഴിഞ‍്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ ഇപ്പോൾ ഞെട്ടുന്നവരും, അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നവരും ലക്ഷ്യമിടുന്നത് കർഷകരുടെ വോട്ട് ബാങ്ക് തന്നെയാണ്. ഏത് പാർട്ടി അധികാരത്തിൽ വന്നാലും കോരന്റെ കഞ്ഞി കുന്പിളിൽ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. തിരിച്ചടയ്ക്കാൻ പറ്റാത്ത ബാധ്യതകൾ നെഞ്ചിലേറ്റി ഒടുവിൽ എവിടെയെങ്കിലും കെട്ടിതൂങ്ങി ചാകാൻ വിധിക്കപ്പെട്ടവനാണ് ഇന്ന് പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ കർഷകൻ. ആഡംബരപൂർണ്ണമായ മുറികളിൽ സമ്മേളനം കൂടി, എയർ കണ്ടീഷന്റെ ശീതളിമയിൽ കർഷകന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പിടിക്കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് ഒരിക്കലും ഈ പാവങ്ങളുെട പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ല. ദാരുണമായ ഈ സംഭവം വീണ്ടും തെളിയിക്കുന്നത് ഒന്ന് മാത്രം. ഈ സംഭവങ്ങളൊക്കെ നമ്മുടെ ഓർമ്മയിൽ നിന്ന് മായ്ച്ച് കളയാൻ രാഷ്ട്രീയക്കാർക്ക് എളുപ്പം സാധിക്കും. അവരുടെ കൈയിൽ അതിനുള്ള മന്ത്രവടിയുണ്ട്. അവർക്ക് വേണ്ടത് മുന്പ് ഒരു സർക്കസുകാരൻ പറഞ്ഞത് മാത്രം.. “യെസ് ദ ഷോ മസ്റ്റ് ഗോ ഓൺ”.. അതിന് ഗജേന്ദ്രസിംഗിനെ പോലെയുള്ള കോമാളികളും ഉണ്ടായികൊണ്ടേയിരിക്കും!!

