മനസ്സുകൾക്ക് ക്യാൻസർ വന്നാൽ ?


കോൺവെന്റ് സ്കൂളിൽ അച്ചടക്കത്തോടെ ഒരേ പോലെ വസ്ത്രം ധരിച്ച് തലമുടി ചീകി ചിട്ടയോടെ ഇരിക്കുന്ന പെൺകുട്ടികളെപ്പോലെയാണത്രേ നിയന്ത്രണാതീതമായ കോശ വിഭജനത്തിൽ ഉണ്ടാകുന്ന കോശങ്ങളുടെ ഇരിപ്പ്. എന്നാൽ അർദ്ധ കോശങ്ങൾ കോളേജിൽ പഠിക്കുന്ന ഇത്തിരി തല തിരിഞ്ഞ പെൺകുട്ടികളെപ്പോലെയും. യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ വിവിധ വലുപ്പത്തിൽ പല വലിപ്പമുള്ള ന്യൂക്ലിയസ് ഉള്ള കോശങ്ങൾ പ്രത്യക്ഷപ്പെടുന്നു.

അനേക കോടി കോശങ്ങളുടെ ഒരു സംഗമ സ്ഥലമാണ് മനുഷ്യ ശരീരം. ഇന്ന് നൂറിൽപ്പരം കാൻസറുകളാണ് വൈദ്യശാസ്ത്രം നമ്മെ പരിചയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നത്. Bladder, Breast, Cervical, Colonic, Rectal, Iympatic, Melanoma, Bone Marrow, Prostrate, Testicular, Uterine Cancer എന്നിങ്ങനെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വരുന്ന കാൻസറിനെ ഡോക്ടർമാർ ഓരോ ഓമനപ്പേരിട്ട് വിളിക്കുന്നു.

കാൻസറിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചോ, പൂർണ്ണമായും ഭേദമാക്കാവുന്ന ചികിത്സാ സന്പ്രദായത്തെക്കുറിച്ചോ ഇത് വരെ കൃത്യമായ  ഒരു ഉത്തരം നൽകുവാൻ  ആരോഗ്യ മേഖലയിലെ പ്രഗത്ഭർക്ക് ഇതേ വരെ പറ്റിയിട്ടില്ല. ഒരു  സാധാരണക്കാരനായ രോഗി, രോഗ ബാധിതനായി എന്നറിഞ്ഞാൽ പിന്നീട് കടന്നു പോകുന്നത് വിവിധ തരം ആശങ്കകളിലൂടെയാണ്‌. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇംഗ്ലീഷ് മരുന്നിലൂടെ രക്ഷപെട്ട രോഗികൾ കേവലം 6.5 ശതമാനം മാത്രമാണ്. ഇതിലാകട്ടെ രക്ഷപെട്ടവരിൽ ഭൂരിഭാഗം പേരും സർജറി വഴി അവയവം മുറിച്ച് മാറ്റി രക്ഷപ്പെട്ട രോഗികളും!

കേരളത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്ക് വിധേയരായ പത്തിലധികം ക്യാൻസർ രോഗികളും അവരുടെ തൊട്ടടുത്ത ബന്ധുക്കളുമായി നേരിട്ട് സംസാരിച്ചപ്പോൾ ഭൂരിഭാഗം പേരും പറയുന്നത് സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണത്തെക്കുറിച്ചാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം രോഗിയുടെ പോക്കറ്റിനനുസരിച്ചാണ് ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ പല ഡോക്ടർമാരും നടത്തുന്ന പല ബോധവത്കരണ ക്യാന്പുകളും  രോഗികളെ ചാക്കിട്ട് പിടിക്കാനുള്ള ഡോക്ടർമാരുടെ തന്ത്രങ്ങളാണ് എന്നാണ് ഈ രോഗികൾ അഭിപ്രായപ്പെടുന്നത്. ഒരു രോഗിയെ ലഭിച്ച് കഴിഞ്ഞാൽ ആദ്യം കാണിക്കുന്ന മനോഭാവമല്ല രോഗിക്ക് ചികിത്സ ലഭിച്ചു തുടങ്ങി കഴിഞ്ഞാൽ ഡോക്ടർ പ്രകടിപ്പിക്കുന്നത്‌. 

കേരളമടക്കമുള്ള സ്ഥലങ്ങളിൽ ലഭിക്കുന്ന മരുന്നുകളും, ചികിത്സാ രീതികളും ഇപ്പോഴും വളരെ പ്രാചീനവും, ഗുണമേന്മ കുറഞ്ഞതുമാണെന്നാണ് വിദേശത്ത്‌ പോയി ചികിത്സിച്ച് അസുഖം ഭേദമായവർ പറയുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് രാഷ്ട്രീയ നേതാക്കന്മാരടക്കമുള്ള, സാന്പത്തിക ശേഷിയുള്ള രോഗികൾ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് ചികിത്സാർത്ഥം പറക്കുന്നത്. 

ഹൃദ്രോഗം കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്‌ ക്യാൻസർ മൂലമാണ്. 2030 ആകുന്പോഴേക്കും ക്യാൻസർ രോഗ ചികിത്സയ്ക്ക് വേണ്ടി മാത്രം ചിലവ് 458 ബില്യൺ ഡോളറായിരിക്കുമത്രേ! 

മരുന്ന് കന്പനികളിലെ കുത്തകകളാണ് ക്യാൻസറിനെ പ്രതിരോധിക്കുവാൻ മരുന്ന് കണ്ടു പിടിച്ച പല നാട്ടുവൈദ്യന്മാരെയും, മരുന്നുകളെയും തടഞ്ഞു വച്ചിരിക്കുന്നു എന്ന ആരോപണവും ശക്തമാണ്. ശരീരത്തിന്റെ പ്രതിരോധശക്തി നഷ്ടപ്പെടുന്നതാണ് ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ പ്രധാന കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ആരോഗ്യത്തിന് ഗുണകരമല്ലാത്ത വിഷാംശം നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ, സിഗരറ്റ്, പുകയില, മദ്യം എന്നിവ ഒഴിവാക്കി സസ്യാഹാരവും, യോഗയും ശീലമാക്കിയാൽ ഒരു പരിധിവരെ ക്യാൻസറിനെ തടയാൻ പറ്റുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . 

കേരളത്തിൽ ക്യാൻസർ ചികിത്സയിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയിൽ സർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള മരുന്നിനും, കീമോ തെറാപ്പി, സർജറി, റേഡിയേഷൻ എന്നീ ചികിത്സയ്ക്ക് സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ച് പഠിച്ച് ഒരു തുക നിശ്ചയിക്കണം.

സർക്കാർ ഈ രോഗത്തെക്കുറിച്ചും ഇന്ന് കേരളത്തിലുള്ള ചികിത്സാ രീതികളെക്കുറിച്ചും ബോധവത്കരണം നടത്തണം. തിരുവനന്തപുരത്തെ ക്യാൻസർ സെന്ററിലെ റേഡിയേഷൻ എടുക്കുന്ന യന്ത്രം  തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പയർ ചെയ്യാതെ കെട്ടിക്കിടക്കുന്നു എന്ന റിപ്പോർട്ട് ഇന്ന് പുറത്തു വന്നിരിക്കുകയാണ്.

രോഗികളുടെ കീശ നോക്കി ചികിത്സിക്കുന്ന ഡോക്ടർമാരുടെയും, മരുന്ന് വിറ്റ് കോടികൾ നേടാൻ ലക്ഷ്യമിടുന്ന മരുന്ന് കന്പനികളുടെയും, ഇതൊന്നും കാണാതെ സ്വന്തം കാര്യം നോക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും മനസ്സിനുള്ളിലെ ക്യാൻസർ ആര് ചികിത്സിച്ച് ഭേദമാക്കും എന്നതാണ് ഈ ദിവസത്തിലെ ഏറ്റവും വലിയ ചിന്തയും, ചോദ്യവും!. 

You might also like

Most Viewed