സിക്ക ഒരു മുന്നറിയിപ്പാണ്; ഒരവസരവും


കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള ചില പത്രവാർത്തകൾ ശ്രദ്ധയിൽ വന്നിരുന്നു. 200ലധികം തിമിംഗലങ്ങൾ അവിടെ തീരത്തേക്ക് കയറി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വാർത്ത. അവയിൽ കുറേയെണ്ണത്തെ നാട്ടുകാർ കടലിലേയ്ക്ക് തന്നെ തള്ളിവിട്ട് രക്ഷപ്പെടുത്തിയതായും വാ‍‍ർത്തകളുണ്ടായിരുന്നു. എന്നാലും ഭൂരിപക്ഷവും ചത്തു.

പ്രകൃതിയിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണിയെ നേരിടുന്നവയാണ് തിമിംഗലങ്ങൾ. ഇവയുടെ ആത്മഹത്യ, പ്രകൃതി മനുഷ്യന് നൽകുന്ന ചില മുന്നറിയിപ്പുകളാകാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംവാദങ്ങൾ‍ അങ്ങിനെയൊക്കെയാണ്. പക്ഷേ വികസനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യൻ ഇത്തരം മുന്നറിയിപ്പുകളൊക്കെ പൊതുവെ അവഗണിക്കുന്നതാണ് പതിവ്.  കടലിനടിത്തട്ടിലെ വൈദ്യുതി കാന്തിക തരംഗങ്ങൾ, വ്യത്യസ്ത ജലപ്രവാഹങ്ങൾ (water currents) എന്നിവയിൽ നിന്ന് തിമിംഗലങ്ങളുടെ ശരീരവും മനസും അബോധത്തിൽ സ്വീകരിക്കുന്ന സിഗ്നലുകളാണത്രേ ഇവയുടെ സഞ്ചാരപഥങ്ങൾ നിശ്ചയിക്കുക. കടലിന്റെ അടിത്തട്ടിൽ മനുഷ്യൻ സൃഷ്ടിക്കുന്ന സ്ഫോടനങ്ങൾ, നിർമ്മാണ പ്രവർത്തികൾ‍, ആണവപരീക്ഷണങ്ങൾ, മുങ്ങിക്കപ്പലുകളും മറ്റും സൃഷ്ടിക്കുന്ന കൃത്രിമമായ വൈദ്യുത കാന്തിക തരംഗങ്ങൾ, മനുഷ്യനിർമ്മിതമായ തുറമുഖങ്ങൾ, കടലിലെ പുലിമുട്ടുകൾ എന്നിവ കടലിന്റെ സ്വാഭാവികതയെ ഹനിക്കുകയും കൃത്രിമമായ പലതരം അനുരണനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇവയുടെ സ്വാധീനം വഴി ധാരാളം തെറ്റായ സംവേദനങ്ങൾ തിമിംഗലങ്ങൾക്ക് ലഭിക്കുകയും അവ തിമിംഗലങ്ങളുടെ സ്വാഭാവിക ചലനങ്ങളെ വഴിപിഴപ്പിക്കുകയും തെറ്റായ സഞ്ചാരപഥങ്ങളിലൂടെ സഞ്ചരിക്കാനിട വരുത്തുകയും ചെയ്യുന്നതാണത്രേ. ഇത് ഇവയുടെ ഭക്ഷണം, പ്രജനനം, വളർച്ച എന്നിവയെ അട്ടിമറിക്കുന്നതായും അങ്ങിനെ തെറ്റായ സഞ്ചാരപഥങ്ങളിലെത്തുന്നവ തീരത്തടി‍‍ഞ്ഞ് കൂട്ടത്തോടെ മരണപ്പെടുന്നതായും പറയപ്പെടുന്നു. തിമിംഗലങ്ങളുടെ വംശനാശം സമുദ്ര പരിസ്ഥിതിയിലും ഭൂമിയും ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും ഗൗരവമായി മനുഷ്യൻ ഇതുവരെ പരിഗണിച്ചിട്ടില്ല.

 

വികസനവും മുന്നേറ്റവുമൊക്കെയാണ് ഇന്ന് മനുഷ്യരുടെയൊക്കെ നാവിൻ തുന്പിലുള്ള പ്രധാന മുദ്രാവാക്യം. ആരുടെ വികസനം? ആരുടെ മുന്നേറ്റം എന്നതൊക്കെ വേറെ കാര്യം. അത് നമ്മെ നയിക്കുന്നതെങ്ങോട്ട് എന്ന് മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാൻ പ്രകൃതി നൽകുന്ന അടയാളങ്ങളിൽ ചിലതായിരിക്കാം തിമിംഗലങ്ങളുടെ ആത്മഹത്യ ഉൾപ്പെടെയുള്ള സൂചനകൾ. പക്ഷേ അതൊക്കെ അവഗണിക്കാനാണ് കോർപ്പറേറ്റ് മൂലധനം ആധിപത്യം ചെലുത്തുന്ന ലോകത്തിന് താൽപര്യം.

വർഷങ്ങൾക്ക് മുന്പ് പ്രശസ്ത ദാർശനികനും എഴുത്തുകാരനുമായ ഒ.വി വിജയൻ നടത്തിയ ഒരുപ്രവചനം ഈ പംക്തിയിൽ നേരത്തെ പരമാർശിച്ചിരുന്നു. മനുഷ്യകുലത്തിന്റെ അന്ത്യം വൈറസുകൾ കൊണ്ടായിരിക്കാം എന്നായിരുന്നു അത്. മനുഷ്യൻ നാളിതുവരെ ആർജ്ജിച്ച വിജ്ഞാന സന്പത്തിനെ മുഴുവൻ ഡിജിറ്റൽ ചിപ്പുകളിലൊതുക്കി സൂക്ഷിക്കാനാണ് ഇന്ന് ശ്രമിക്കുന്നത്. എല്ലാ അറിവുകളും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു. അത്  നമുക്ക് മുന്നിൽ തുറന്നു വെച്ച സാധ്യതകൾ അപരിമേയമാണ് എന്നത് വാസ്തവം തന്നെ.

പക്ഷേ ഇത്തരം ഓ‍ർമ്മകളുടെയും അറിവുകളുടെയും വിവരങ്ങളുടെയും വിസ്ഫോടനത്തെ അത്രയേറെ സന്തോഷത്തോടെയല്ല പ്രശസ്ത ദാർശനികനായ ആനന്ദ് നോക്കിക്കണ്ടത്. ഇന്നത്തെ മനുഷ്യാവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചത് ഓർമ്മകളുടെ മഹാസാഗരങ്ങളിൽ നീന്തിത്തുടിക്കുന്ന മറവിരോഗം ബാധിച്ച നിരാലംബരാണ് എന്നാണ്. മനുഷ്യന്റെ അറിവ് അനന്തമായി വികസിക്കുന്നതിനേക്കാൾ വേഗത്തിലാണ് അവന്റെ അജ്ഞാനവും വികസിക്കുന്നത് എന്നാണ് തത്വശാസ്ത്രം വിശദീകരിക്കുന്നത്. ഒരു വൃത്തത്തിന്റെ ആരം (Radius) ആണ് ജ്ഞാനം. അതിന്റെ ചുറ്റളവ് (2r ആണ് അജ്ഞാനം. അതായത് നിങ്ങളുടെ അറിവ് (ആരം) എത്ര വേഗത്തിൽ വികസിക്കുന്നുവോ അതിന് ആനുപാതികമായി അജ്ഞാനവും (ചുറ്റളവും) വികസിക്കുകയാണ് ചെയ്യുന്നത്. ചിപ്പുകളിൽ ശേഖരിച്ച വിജ്ഞാനം മൂലധന താൽപര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കുന്നതിന് മനുഷ്യൻ തന്നെ നിർമ്മിച്ചു വിട്ടവയാണ് കന്പ്യൂട്ടർ വൈറസുകൾ. കന്പ്യൂട്ടർ വൈറസുകൾ നിർമ്മിച്ചു വിട്ട് കന്പ്യൂട്ടറുകളിലും മറ്റും ശേഖരിക്കുന്ന ഡാറ്റകളെ നശിപ്പിക്കുക, അതോടൊപ്പം ഇത്തരം കന്പ്യൂട്ടർ വൈറസുകളെ തടയുന്ന ആന്റി വൈറസ് സോഫ്റ്റ്്വെയറുകൾ അവർ തന്നെ നിർമ്മിച്ച് മാർക്കറ്റിലിറക്കി കോടികൾ കൊയ്തെടുക്കുക. ഇതിന്ന്് ലോകത്തിലെ പ്രധാന ബിസിനസ്സുകളിലൊന്നാണ്. പക്ഷേ ഇതൊക്കെ ചേർന്ന് ഇന്ന് ഭയാനകമായ ചില സന്ദേശങ്ങൾ ഐ.ടി വിദഗ്ദ്ധർ തന്നെ ഉന്നയിക്കുന്നുണ്ട്. മനുഷ്യ നി‍‍ർമ്മിത കന്പ്യൂട്ടർ വൈറസുകൾ ഒരു ഘട്ടം കഴിയുന്പോൾ മനുഷ്യൻ തന്നെ നിർമ്മിച്ച ആന്റി വൈറസ് സോഫ്റ്റ്്വെയറുകളുടെ നിയന്ത്രണത്തിന് പുറത്ത് കടക്കുകയും നമ്മുടെ വിവരസാങ്കേതിക വിദ്യയിൽ ശേഖരിക്കപ്പെട്ട വിജ്ഞാന സന്പത്തിനെയാകെ തകർക്കുകയും ചെയ്താലോ. ഉപഗ്രഹ വിജ്ഞാനം, വാ‍‍ർത്താവിനിമയം, രാജ്യസുരക്ഷാ സംവിധാനങ്ങൾ, ബാംങ്കിംഗ്, വിദ്യാഭ്യാസം എന്നിവയിലെ അനന്ത കോടി വിവരങ്ങളെ ഹാക്ക് ചെയ്യുന്ന കന്പ്യൂട്ടർ വൈറസുകൾ ഉണ്ടായാലോ? ആധുനിക മനുഷ്യന്റെ എല്ലാ വിജ്ഞാന സന്പത്തും അസ്തമിക്കുകയും നാം തമോഗർത്തങ്ങളിലകപ്പെട്ട അവസ്ഥ സംജാതമാകുകയും ചെയ്യും.

ഒ.വി വിജയൻ പക്ഷേ ജൈവ വൈറസുകളെ (bio- virus) ക്കുറിച്ചാണ് പറഞ്‍ഞത്. ഭൂമിയിൽ മനുഷ്യൻ ‘വികസന’ത്തിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ വലിയ തോതിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നതായും അത് വലിയൊരു വിഭാഗം ജന്തുക്കളെയും സസ്യങ്ങളെയും ഇല്ലാതാക്കുന്നതായും, എന്നാൽ ഇതുവരെ ഭൂമുഖത്തില്ലാതിരുന്ന പലതരം അപകടകാരികളായ സൂക്ഷ്മ ജീവികളുടെ പിറവിക്ക് കാരണമായിത്തീരുന്നതായും ശാസ്ത്രലോകം ഇന്നംഗീകരിക്കുന്നുണ്ട്. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് തന്നെ അത്യന്തം അപകടകാരികളായ ധാരാളം വൈറസുകൾ ഇപ്പോൾ തന്നെ മനുഷ്യന്റെ പരീക്ഷണശാലകളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.

പ്രതിരോധമില്ലാത്ത എച്ച്.ഐ.വി വൈറസുകൾ വരെ ഇങ്ങനെ പുറത്തെത്തിയവയാണ് എന്നാണ് വിശ്വസ്തരായ ജനപക്ഷ ശാസ്ത്രജ്ഞരുടെ മതം. ലോകത്താകമാനമുള്ള ആനകളെയൊ കടവുകളെയൊ, അല്ലെങ്കിൽ മറ്റേതൊരു സ്ഥൂല ജീവിയേയൊ നമുക്ക് എളുപ്പത്തിൽ കൊന്നൊടുക്കാൻ കഴിയും. എന്നാൽ മനുഷ്യന്റെ മുന്പിൽ അങ്ങിനെ കീഴടങ്ങുന്നവയല്ല സൂക്ഷ്മജീവികൾ. സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ മനുഷ്യൻ നിർമ്മിക്കുന്ന മരുന്നുകളെ അതിജീവിക്കുന്ന അടുത്ത തലമുറയിൽ പെട്ട സൂക്ഷ്മ ജീവികൾ അതിവേഗം പിറവിയെടുക്കുകയും വർദ്ധിത വീര്യത്തോടെ മനുഷ്യനേയും ജീവജാലങ്ങളെയും ആക്രമിക്കുകയും ചെയ്യും. ടി.ബി എന്ന ബാക്ടീരീയത്തെ മനുഷ്യൻ കീഴടക്കിയത് വാസ്തവം. അങ്ങിനെയാണ് ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യാൻ നാം ഇറങ്ങിത്തിരിച്ചത്. പക്ഷേ ഇന്ന് അറിയുന്നത് യാതൊരു മരുന്നുകൾക്കും കീഴടങ്ങാത്ത, മരുന്നുകളോടു പ്രതികരിക്കാത്ത മാറാത്ത ക്ഷയരോഗം (uncurable TB) ഇന്നീ ഭൂമുഖത്ത് സാ‍‍ർവത്രികമാകുകയാണ് എന്നാണ്.

നാം നിർമ്മാർജനം ചെയ്തു എന്നവകാശപ്പെടുന്ന പല രോഗങ്ങളും ഇങ്ങനെയാണ് തിരിച്ചു വരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സിദ്ധി വൈഭവങ്ങളെ നിരാകരിക്കാനല്ല ഇതു പറയുന്നത്. ആന്റി ബയോട്ടിക്കുകളുടെ കണ്ടുപിടുത്തം സൂക്ഷ്മ ജീവികൾ സൃഷ്ടിക്കുന്ന രോഗങ്ങളെ വലിയൊരളവിൽ നിയന്ത്രണവിധേയമാക്കാൻ മനുഷ്യനെ സഹായിച്ചിട്ടുണ്ട്. പക്ഷേ ‘ഒന്നിനെ ശത്രുവായി മു്രദ കുത്തുക അതിനെ കൊലപ്പെടുത്തുക’ എന്ന ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് ശാസ്ത്രീയമാണോ എന്നതാണ് പ്രശ്നം. അതിന് ശാസ്ത്രത്തെ ആത്യന്തിക സത്യമായി പരിഗണിക്കുന്ന അശാസ്ത്രീയമായ കാഴ്ചപ്പാട് മാറ്റേണ്ടി വരും. ആധുനിക ശാസ്ത്രത്തോടൊപ്പം തത്വശാസ്ത്രത്തെയും പരമപ്രധാനമായി പരിഗണിക്കേണ്ടി വരും. നാം ശരീരത്തിൽ ഒരു അണുനാശിനി പ്രയോഗിക്കുന്പോൾ നമ്മുടെ ശത്രുവായ സൂക്ഷ്മജീവി മാത്രമല്ല നശിക്കുന്നത്. അതോടൊപ്പം എത്രയോ മിത്ര സൂക്ഷ്മജീവികളും നശിക്കുകയും അതിന്റെ ദുരന്തം നാം അനുഭവിക്കാൻ വിധിക്കപ്പെടുകയും ചെയ്യും. നമുക്ക് രോഗകാരിയായ ഒരു സൂക്ഷ്മാണുവിനെ നശിപ്പിക്കാനുള്ള മരുന്ന് ഡോക്ടർ കുറിച്ചു തരുന്പോൾ അതോടൊപ്പം വയറുൾപ്പെടെയുള്ള മറ്റു ശരീരഭാഗങ്ങളിൽ പുതിയ രോഗങ്ങൾ വരാതിരിക്കാനുള്ള മരുന്നുകളും കുറിച്ചു തരും. ആന്റീ ബയോട്ടിക്കുകൾ കഴിക്കുന്പോൾ വയറിന് അസുഖം വരുന്നത്  (Gastraties) സ്വാഭാവികം. ദഹന പ്രകിയയെയും നമ്മുടെ ചയാപചയ പ്രക്രിയെയും സഹായിക്കുന്ന ധാരാളം സൂക്ഷ്മ ജീവികളുടെ നാശം സംഭവിക്കുന്നതു കൊണ്ടാണ് ഇത്്.

എന്നാൽ ആധുനിക വൈദ്യശാസ്ത്രം (Alopathy) രൂപപ്പെടുന്നതിന് മുന്പുള്ള മിക്കവാറും എല്ലാ ചികിത്സാ വിധികളും ചെയ്യുന്നത്, അണുബാധയെ പ്രതിരോധിക്കാൻ ശേഷിയുള്ള അന്റിബോഡികൾ ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കാനും പ്രതിരോധം സ്വയം വളർത്താനുമുള്ള ശേഷി ശരീരത്തിൽ സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുകയാണ്. രാസവസ്തുക്കളെ വലിയ തോതിൽ ആശ്രയിക്കാതെ ജൈവജന്യമായ വസ്തുക്കളെ, പ്രധാനമായും ഭക്ഷണത്തെ തന്നെ ആശ്രയിച്ച് ഇത്തരം ഒരു ശേഷി ആർജിക്കാനാണ്.

ഇന്ന് ലോകം സിക്ക വൈറസിനെക്കുറിച്ചുള്ള ആശങ്കയിലാണ്. 1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ആദ്യമായി സിക്ക വൈറസിനെ കണ്ടെത്തിയത്. 1954ൽ നൈജീരിയയിലാണ് അത് മനുഷ്യനിൽ രോഗകാരിയാകുന്നത്. അപ്പോൾ പിന്നെ ഉയരുന്ന ചോദ്യം 1947നു മുന്പ് ഈ വൈറസ് ഉണ്ടായിരുന്നില്ലേ? അഥവാ ഉണ്ടായിരുന്നെങ്കിൽ അത് മനുഷ്യരിലേക്ക് രോഗകാരിയായി എത്താതിരുന്നത് എന്തുകൊണ്ട്?

ജീവന്റെ ഏറ്റവും പ്രാഥമിക തലത്തിലുള്ള അചേതനമെന്നും ചേതനമെന്നും വിശേഷിപ്പിക്കാവുന്ന വൈറസുകളെ പൂർണ്ണമായി നശിപ്പിക്കാനാവില്ല. അതുമാത്രമല്ല, അവ ഒരു ജീവിയിൽ പ്രവേശിച്ചാൽ ആ ജീവിയുടെ കോശമർമ്മത്തിലെ ചില ജീനുകളുമായി സംയോജിച്ച് ജനിതക വ്യതിയാനത്തിന് കാരണമാകുന്നു. അപ്പോൾ അടുത്ത തലമുറ വൈറസിന് പുതിയ സ്വഭാവ വിശേഷങ്ങളാണുണ്ടാവുക. അതിനെ നിയന്ത്രിക്കാൻ നേരത്തെ പ്രയോഗിച്ച മരുന്നുകൾ മതിയാവില്ല. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ പുതിയ ശരീരഭാഗങ്ങളെയും കോശങ്ങളെയുമായിരിക്കും ബാധിക്കുക. അപ്പോൾ രോഗലക്ഷണങ്ങളും പുതിയതായിരിക്കും.

നാം ഇതുവരെ നേരിട്ട വൈറസുകളിൽ പലതും താരതമ്യേന പിടിച്ചു നിൽക്കാവുന്ന രോഗങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോൾ സിക്ക വൈറസ് കുഞ്ഞുങ്ങളുടെ തലച്ചോറിനെയാണ് ബാധിക്കുന്നത്. ജനിതക വ്യതിയാനത്തിന്റെ ഏതെങ്കിലും തലമുറയിൽ മനുഷ്യന്റെ തലച്ചോറിനെ, പ്രതിരോധം അസാധ്യമാകും വിധം ബാധിക്കുന്ന വൈറസുകൾ‍ പിറവിയെടുത്താൽ അത് ഒ.വി വിജയന്റെ പ്രവചനം യാഥാർത്ഥ്യമാക്കി തീർത്തേക്കാം.

ഇന്ന് അമേരിക്കൻ വൻകരയിൽ വ്യാപകമായ സിക്ക വൈറസ് യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ നഗരവൽക്കരണത്തിലൂടെ അജയ്യനാക്കി മാറ്റിയ കൊതുകുകളാണ് ഈ വൈറസിന്റെയും വാഹകർ. ലൈംഗിക ബന്ധങ്ങളിലൂടെയും ഇത് പകരാം എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഈ വർഷം തന്നെ 40 ലക്ഷം പേ‍‍ർക്ക് രോഗബാധയുണ്ടാവാം എന്നാണ് കണക്ക്. നാളിതുവരെ ഈ രോഗം ആരും ഗൗരവമായി പരിഗണിച്ചിരുന്നില്ല. 80 ശതമാനം രോഗികളിലും ഇത് ഒരു പ്രഭാവവും ഉണ്ടാക്കിയിരുന്നില്ല. ലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ തന്നെ നേരിയ പനിയും കണ്ണു ചുവക്കലും സന്ധിവേദനയും മറ്റുമാണ് അനുഭവപ്പെട്ടിരുന്നത്. ജനിതക വ്യതിയാനത്തിലൂടെയാണ് ഇത് മനുഷ്യരിലെത്തുന്നത്. മനുഷ്യശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ഇതിന് കാരണമായിരിക്കാം. ഇപ്പോൾ ജനിതക വ്യതിയാനത്തിലൂടെ കുട്ടികളുടെ തല ചുരുങ്ങിപ്പോകുന്ന മൈക്രോ സെഫാലി (microcephaly)എന്ന രോഗമായി തീർന്നപ്പോഴാണ് മനുഷ്യർ ഞെട്ടിയത്.

ഇതിപ്പോൾ വീണ്ടുവിചാരത്തിന് മനുഷ്യന്റെ മുന്പിൽ കൈവരുന്ന അവസരമാണ്. പ്രകൃതിയുടെ തുടരുന്ന മുന്നറിയിപ്പുകളിലൊന്നും. ഇതുതന്നെയാണോ ജീവിതത്തിന്റെ ശരിയായ പാത? നമുക്ക് വഴിയിലെവിടെയെങ്കിലും പിഴക്കുന്നുണ്ടോ? കോ‍‍ർപ്പറേറ്റ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഉല്പാദനം, ഉപഭോഗം, വെട്ടിപ്പിടുത്തം, എല്ലാം കാൽക്കീഴിലാക്കാനുള്ള നീതീകരണമില്ലാത്ത ത്വര, ഇതൊക്കെയാണോ വികസനം? ഉത്തരം അന്വേഷിക്കാതെ മനുഷ്യന് അധികകാലം മുന്നോട്ടു പോകാനാകില്ല.

You might also like

Most Viewed