ഇതു കേരളത്തിൽ തന്നെയോ ?


ബഷീർ, വാണിയക്കാട്

 

യു.പിയിലും ബീഹാറിലുമൊക്കെ നടക്കുന്ന രീതിയിൽ പട്ടാപ്പകൽ മനുഷ്യരെ പേപ്പട്ടിയെപ്പോലെ തല്ലി കൊല്ലുന്ന സംഭവങ്ങൾ കേരളത്തിലും ആവർത്തിക്കുന്നു. രക്തം ഉറഞ്ഞ് പോകുന്ന തരത്തിലുള്ള ആറ്റിങ്ങലിലെ ക്രൂര ദൃശ്യങ്ങൾ സാധാരണ മനുഷ്യർക്ക് കാണാൻ പോലുമുള്ള മനോബലമില്ല. അപ്പോൾ ഇതു ചെയ്യുന്നവരുടെ പൈശാചികത വന്യമൃഗങ്ങളെപ്പോലും നാണിപ്പിക്കും. “ഹൊ” മനുഷ്യന് സ്വന്തം വർഗത്തോട് ഇത്രയും ക്രൂരത കാട്ടാൻ കഴിയുമോ? അതിലുപരി ഒരു സഹജീവിയെ കൺമുന്നിലിട്ട് മൂന്ന് നാല് പേർ കൂടി തല്ലി കൊല്ലുന്നത് കണ്ടിട്ടും ഒന്ന് തടയാനോ, അരുതേ എന്ന് പറയാനോ ഒരു മനുഷ്യൻ പോലും മുന്നോട്ട് വന്നില്ല എന്നിടത്താണ് മലയാളി മനസ്സിന്റെ നിസ്സംഗത അന്പരപ്പോടെ നാം അറിയുന്നത്. ശശികല ടീച്ചർ പറഞ്ഞത് പോലെ ഇതിലൊക്കെ ഇടപെട്ട് ആപത്ത് ക്ഷണിച്ച് വരുത്തുന്നത്, നൗഷാദ് കാണിച്ച പോലുള്ള മണ്ടത്തരമാണെന്ന് ജനങ്ങൾ ഭുരിപക്ഷവും ചിന്തിച്ചു തുടങ്ങിയോ? പക്ഷെ ഷമീറിന്റെ സ്ഥാനത്ത് നമ്മുടെ മകനോ, സഹോദരനോ, മറ്റു വേണ്ടപ്പെട്ടവരോ ആകുന്പോൾ മാത്രമെ നമുക്ക് ആ വേദന മനസ്സിലാകൂ. ജാതിയും മതവും നോക്കി ഇത്തരം അക്രമങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയാൽ നമ്മുടെഅവസ്ഥ എവിടെ എത്തുമെന്ന് ചിന്തിക്കുന്പോൾ ഭയം തോന്നുന്നു. മനസ്സിലായിടത്തോളം നിസ്സാര പ്രശ്നങ്ങളുടെ പേരിലാണ് ഇത്രയും വലിയ ക്രൂരത അവിടെ അരങ്ങേറിയത്. ഒരൽപം പൊറുക്കാനും ക്ഷമിക്കാനുമുള്ള മനസ്സ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നത്.? ഇവിടെ എന്തൊക്കെ ചെയ്താലും ഇത്രയൊക്കെയേ വരാനുള്ളു എന്ന ചിന്തയാണ്, യുവാക്കളെ ക്രിമിനൽ മനോഭാവത്തിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. ഇവർക്ക് ലഭിക്കുന്ന ശിക്ഷ നമ്മുടെ നികുതി പണം ഉപയോഗിച്ച് കുറെ നാൾ ഇവരെ തീറ്റി പോറ്റുക എന്നത് മാത്രമാണ്. ജയിൽ സർവ്വകലാശാലയിൽ നിന്ന് പുറത്തിറങ്ങുന്ന ഇവർ കൊടും ക്രിമിനലുകളായി, സമൂഹത്തിന്ന് കൂടുതൽ ഭീഷണിയായി ഇവിടെ വിരാചിക്കും. അന്ന് ഇവരെ ഏറ്റെടുക്കാനും സംരക്ഷിക്കാനും ഭരണ പ്രതിപക്ഷ ഭേദമന്യേ നമ്മുടെ രാഷ്ട്രിയ പാർട്ടികൾ മൽസരിക്കും. ഇതിനൊരു അന്ത്യമുണ്ടാകണമെങ്കിൽ നമ്മുടെ നിയമ വ്യവസ്ഥിതി മാറണം. കണ്ണിന് കണ്ണ് എന്ന തരത്തിലുള്ള ശിക്ഷാവിധികൾ മാത്രമാണ് നമ്മുടെ നാട് നന്നാകാനുള്ള ഏക പരിഹാരമാർഗം. 

You might also like

Most Viewed