മിസ്റ്റർ ഋഷിരാജ് സിംഗ്, പ്ലീസ് സ്റ്റാന്ററ്റീസ്

വൈദ്യുതി മോഷ്ടിക്കുന്നവനെ ഷോക്കടിപ്പിച്ച് ഭയപ്പെടുത്തണം. വെള്ളം മോഷ്ടിച്ച് ഉപയോഗിക്കുന്നവനെ വെള്ളം കുടിപ്പിച്ച് ശ്വാസം മുട്ടിക്കണം. റോഡിൽ അശ്രദ്ധയോടെ വണ്ടിയോടിച്ച് അപകടം വരുത്തുന്നവനെ ഇടിച്ച് നിരപ്പാക്കണം. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമായ നിയമങ്ങൾ പാലിക്കാത്തവരെ അതാത് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ നിലയ്ക്ക് നിർത്താൻ കഴിവുള്ളവരെ നാം ബഹുമാനിക്കണം, ആദരിക്കണം.
അതുകൊണ്ട് തന്നെയാണ് ഞാനടക്കമുള്ളവർ മീശയും ചുരുട്ടി കണ്ണും ഉരുട്ടി വന്ന ഋഷി തുല്യമായ മനസ്സുള്ള ഋഷിരാജ് സിംഗിനെ സർക്കാർ ഉദ്യോഗസ്ഥരുടെ രാജാവ് എന്ന് വിളിച്ച് പുകഴ്ത്തിയത്.
രമേശ് ചെന്നിത്തല എന്ന നേതാവിനോട് എനിക്ക് വലിയ ബഹുമാനമൊന്നുമില്ല. ഒരു ശരാശരി രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു റേറ്റിംഗ് ഇതുവരെ ഇദ്ദേഹത്തിന്റെ സേവനത്തിന്റെ അടിസ്ഥാനത്തിൽ ഒരു മലയാളിയും നൽകുകയില്ല...
ഇതുവരെ, തലയും പൊക്കി നെഞ്ചും വിരിച്ച് ഇത്തിരി അഹങ്കാരത്തോടും ഒത്തിരി അഭിമാനത്തോടും നടന്നിരുന്ന ഋഷിരാജ് സിംഗ് നടത്തിയ വേട്ടകൾ ഓരോന്നും ടി.വിയിലൂടെ കണ്ടും പറയിച്ചും കേട്ടും അറിഞ്ഞപ്പോൾ തോന്നിയ ആദരവും സ്നേഹവും പറഞ്‍ഞറിയിക്കുവാൻ പറ്റാത്തതാണ്.
സത്യത്തിന് േവണ്ടി ആഗ്രഹിക്കുന്ന, നീതി പ്രതീക്ഷിക്കുന്ന, സുതാര്യമായ ഭരണം കാംക്ഷിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം ചിന്തിച്ചതും ഇതുപോലെ തന്നെയായിരിക്കും.
ഇവിടെ ഒരു ഭൂരിപക്ഷത്തിന്റെ മനസ്സിൽ ഒരു മാനസികമായ അടുപ്പം ഋഷിരാജ് സിംഗിനോട് തോന്നിയിട്ടുണ്ട്. ഓരോ മേഖലയിലും അദ്ദേഹം തന്റെ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുന്പോൾ സർക്കാർ വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് തട്ടിത്തെറിപ്പിച്ച് സർക്കസ് കളിപ്പിക്കുന്പോൾ അവർ വേദനിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങിൽ കാണിച്ച ധാർഷ്ട്യം എന്റെ ഔചിത്യബോധത്തിന് നിരക്കാത്തതാണ്. പോലീസ്, കോടതി, മിലട്ടറി എന്നീ സംവിധാനങ്ങൾ നിലനിന്നു പോകുന്നത് ഒരു പ്രത്യേക ചട്ടക്കൂട്ടിലാണ്, അവിടെ ഓരോ ഉദ്യോഗസ്ഥരുടെ പദവിയും അധികാരവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുവേദിയിൽ വി.ഐ.പി വന്നാൽ വരെ സല്യൂട്ട് ചെയ്യണമെന്ന ആവശ്യം പ്രോട്ടോകോൾ പ്രകാരം പറഞ്ഞിട്ടില്ലെങ്കിൽ അത് ഡി.ജി.പി വ്യക്തമാക്കണം. അങ്ങിനെയാണെങ്കിൽ ഇനി ഒരു മന്ത്രിമാരെ കണ്ടാലും സല്യൂട്ട് അടിക്കേണ്ടയെന്ന് എല്ലാ പോലീസുകാരോടും നിർദ്ദേശിക്കണം. തനിക്ക് ഇഷ്ടപ്പെടുന്ന നേതാവിന് മാത്രം നീട്ടി അടിക്കുന്ന ഒരു ഒലിപ്പീര് സംഭവമാകരുത് സല്യൂട്ട്. ഡി.ജി.പിയോട് ഋഷിരാജ് സിംഗ് മന്ത്രി വേദിയിൽ എത്തിയത് അറിഞ്ഞില്ല എന്ന വിശദീകരണത്തിന് പകരം പ്രോട്ടോകോൾ അത് ആവശ്യപ്പെടുന്നില്ല എന്ന് നെഞ്ചും വിരിച്ച് പറയുകയാണ് വേണ്ടത്.
സാധാ പോലീസ് കോൺസ്റ്റബിൾ, സീനിയർ പി.സിയെയും, സീനിയർ പി.സി ഹെഡ് കോൺസ്റ്റബിളിനെയും, ഹെഡ് കോൺസ്റ്റബിൾ എ.എസ്.ഐയെയും, എ.എസ്.ഐ എസ്.ഐയും, എസ്.ഐ സി.ഐയെയും പിന്നീട് മുകളിലുള്ള ഡി.എസ്.പി, എ.എസ്.പി എന്നിവരെയും സല്യൂട്ട് അടിച്ച് ബഹുമാനിക്കുന്ന കാഴ്ച നാം കാണുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അങ്ങിനെയാണെങ്കിൽ ഇവരുടെ തലപ്പത്തിരിക്കുന്ന മന്ത്രിയെ സല്യൂട്ട് അടിച്ച് ബഹുമാനിക്കുന്നത് തന്നെയാണ് ശരി.
ഇത്രയും കഴിവുള്ള ഒരു ഉദ്യോഗസ്ഥൻ എന്തിനാണ് രമേശ് ചെന്നിത്തലയെപ്പോലുള്ള ഒരു നേതാവിനെ ബഹുമാനിക്കണം എന്ന വികാരപരമായ ചിന്തയാണ് നമ്മുടെ ലോജിക്കിനെ ഭരിക്കുന്നത്. ഇവിെട രമേശ് ചെന്നിത്തലയെ പോലെ ഒരു വ്യക്തിയെ വോട്ടും കൊടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തിരുത്തിയ കേരളത്തിലെ വോട്ടർമാരാണ് യഥാർത്ഥ പ്രതികൾ.
സിംഗ് ചെയ്തത് ശരിയെന്നു കരുതുന്നവർ, ഇനി ഋഷിരാജ് സിംഗിനെ മാനസികമായി ഇഷ്ടമില്ലാത്ത ഏതെങ്കിലും ഒരു കോൺസ്റ്റബിൾ അദ്ദേഹത്തിനെ കാണുന്പോൾ സല്യൂട്ട് അടിക്കാതിരുന്നെങ്കിൽ അതും ശരിയാണെന്ന് കരുതേണ്ടി വരും.
പോലീസിലും മിലിറ്ററിയിലും കോടതിയിലുമുള്ള ഇത്തരം ആചാരങ്ങൾ മാറ്റരുത്. മാറ്റിയാൽ ആ ഡിപ്പാർട്ട്മെന്റിനുള്ള ബഹുമാനം നഷ്ടപ്പെടും. ജനത്തിന് അതിലുള്ള വിശ്വാസവും നഷ്ടപ്പെടും.
ലഹളകൾ നടക്കുന്ന സ്ഥലങ്ങളിൽ, പട്ടാളമിറങ്ങിയാൽ ഒരു മാർച്ച് നടത്താറുണ്ട്. വരിവരിയായി സല്യൂട്ട് അടിച്ച് നടക്കുന്ന പട്ടാളക്കാരെ കാണുന്പോൾ തന്നെ പലരുടെയും മനസ്സ് ഒന്ന് പിടയ്ക്കും. മുന്പിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതിനനുസരിച്ച് നടക്കുകയും നീങ്ങുകയും സല്യൂട്ട് അടിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു കൂട്ടത്തെ കാണുന്പോൾ ഒരുകാര്യം ഉറപ്പാകും. പട്ടാളത്തലവൻ കൊല്ലാൻ പറഞ്ഞാൽ അവർ കൊല്ലും. ഇടിക്കാൻ പറഞ്ഞാൽ ഇടിക്കും. ആ ഭയമാണ് കലാപകാരികൾ വരെ ഭയപ്പെടുന്നത്.
വർഷങ്ങളായി നമ്മൾ വിദ്യാലയത്തിൽ അദ്ധ്യാപകൻ കടന്നു വരുന്പോൾ എഴുന്നേറ്റ് നിൽക്കുന്നു. ഗുഡ്മോർണിംഗ് പറയുന്നു. ഇതൊന്നും എവിടെയും എഴുതി വെച്ചിട്ടില്ലെങ്കിലും അത് നമ്മൾ തുടരുന്നത് ഒരു നല്ല നടപ്പിന്റെ ഭാഗമായിട്ടാണ്.
ഋഷിരാജ് സിംഗിന് ചെയ്യാൻ പറ്റുന്നത് പ്രോട്ടോകോൾ പ്രകാരം സല്യൂട്ട് ചെയ്യണമെന്ന് ആവശ്യമില്ലെങ്കിൽ അത് പറ്റില്ല എന്ന് തുറന്ന് പറഞ്ഞ് നിയമപരമായി നീങ്ങുക. അതല്ല ജനാധിപത്യ സംവിധാനത്തിലും നേതാക്കളിലും വിശ്വാസമില്ലെങ്കിൽ ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങുക. ഇനി ഇതും രണ്ടും പറ്റില്ലെങ്കിൽ കാല് രണ്ട് അടുപ്പിച്ച് അറ്റൻഷനായി നിന്ന് മനസ്സിൽ മന്ത്രിയെ വിളിക്കുവാൻ പറ്റുന്ന എല്ലാ തെറിയും വിളിച്ച് ഇടതു കൈ ശരീരത്തിൽ ഒട്ടിപ്പിടിച്ച് വലത് കൈ ആകാശത്തിൽ ചുഴറ്റി ഉച്ചത്തിൽ പറയുക. യെസ് സാർ! സല്യൂട്ട്.