പൈറസി കെ പീച്ചേ കോൻ ഹെ?

രാജു നാരായണ സ്വാമി ബഹ്റിനിൽ വന്ന സമയത്താണ് പറഞ്ഞത് ഇന്ത്യയിലെ വിദ്യാസന്പന്നരിൽ പത്തിൽ എട്ടുപേരും മോഷ്ടാക്കളാണെന്ന്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ദ്ധ പഠനം തുടരുന്ന സ്വാമി സൂചിപ്പിച്ചത് ബിൽ ഗേറ്റ്സടക്കമുള്ള സന്പന്നരുടെ ഉൽപ്പന്നങ്ങൾ മോഷ്ടിച്ച് ഉപയോഗിക്കുന്ന ഒരു ഭൂരിഭാഗത്തിനെയാണ്.
‘പ്രേമം’ എന്ന മാതാപിതാക്കളെ ഭയപ്പെടുത്തുന്ന ഹൊറർ ചിത്രത്തിന്റെ ‘ഒറിജിനൽ വ്യാജന്മാർ’ ഇന്റർനെറ്റിലും കടത്തിണ്ണയിലും കണ്ടെത്തിയപ്പോൾ സംവിധായകനായ നിർമ്മാതാവ് ആദ്യം തന്തയ്ക്ക് വിളിച്ചത് ‘അമ്മയെ’യാണ്.! അമ്മയിലെ നക്ഷത്രങ്ങളും വാലുകളെയും ഉൽക്കകളെയും അടുത്ത് പരിചയമുള്ള സംവിധായകനായ നിർമ്മാതാവ് വാലിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് ചെന്നി‘ത്തല’യെ തന്നെ കണ്ട് പരാതി ബോധിപ്പിച്ചത്.
പരാതി കേട്ട പാതി, കേൾക്കാത്ത പാതി തിരുവനന്തപുരത്തെ മീശ മുളയ്ക്കാത്ത രണ്ട് തിരുട്ട് വ്യാജ പ്രതികളെ കൂട്ടിലിടച്ച് മന്ത്രി പാട്ട് പാടി.
ഇവിടെ ചോദ്യം നന്പർ വൺ: ഒറിജിനൽ ചോർത്തിയത് ആരാണ്? ഓപ്ഷൻ (എ) സെൻസർ ബോർഡ്, (ബി.) വിസ്മയ സിനിമാക്സ്, (സി), ഫോർ ഫ്രെയിംസ്?
ചോദ്യം നന്പർ രണ്ട്: സംവിധായകനും നിർമ്മാതാവും താരസംഘടനകളോട് കാര്യം പറയാതെ പോലീസിൽ പരാതി കൊടുത്തതിന് പിന്നിലുള്ള ചേതോവികാരം? എ.) ബി. ഉണ്ണികൃഷ്ണനെ വിശ്വാസമില്ലാത്തത് കൊണ്ട്, ബി.) പ്രിയദർശനെ വിശ്വാസമില്ലാത്തതു കൊണ്ട്, സി.) സെൻസർ ബോർഡിനെ വിശ്വാസമില്ലാത്തത് കൊണ്ട്.
ഉത്തരം നന്പർ സി ആയിരുന്നുവെങ്കിൽ സ്വാഭാവികമായിട്ടും നിർമ്മാതാവ് കൂട്ടിനായ് ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും സിന്ദാബാദ് വിളിക്കാനായ് കൂട്ടിന് വിളിച്ചേനേ...
അപ്പോൾ കള്ളൻ കപ്പലിൽ തന്നെ എന്ന് സി.ഐ.ഡി മൂസയടക്കമുള്ളവർ സ്വകാര്യം പറയുന്നു. ‘പ്രേമം’ 30 കോടി രൂപയിലധികം കലക്ഷൻ വാരിയെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. വ്യാജൻ പുറത്തിറങ്ങിയില്ലായിരുന്നുവെങ്കിൽ സംഭവം ഒരു അഞ്ച് കോടി കൂടി വാരിയേനേ.
ഇവിടെ ചോദ്യം ഇതാണ്. കോടിക്കണക്കിന് മൂല്യമുള്ള ഒരു പടത്തിന്റെ ‘റഷസ്സ്’ സ്റ്റുഡിയോവിൽ നൽകുന്പോൾ അതിന്റെ വ്യാജൻ തടയാൻ മാർഗ്ഗങ്ങൾ എന്തെല്ലാം.
1. എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോയുമായുള്ള എ്രഗിമെന്റിൽ പ്രസ്തുത പടത്തിന്റെ പകർപ്പ് ആ സ്റ്റുഡിയോവിൽ നിന്നാണ് പുറത്തെത്തിയത് എന്ന് തെളിഞ്ഞാൽ പടത്തിന്റെ മൊത്തം പ്രതീക്ഷിക്കുന്ന വരുമാനവും സ്റ്റുഡിയോ നഷ്ടപരിഹാരമായി നൽകണം എന്ന് എഴുതിപിടിപ്പിക്കണം.
2. സെൻസർ ബോർഡിന് നൽകുന്ന കോപ്പിയിൽ പ്രൊഡക്ഷൻ കന്പനിയുടെ ലോഗോ വാട്ടർമാർക്കായി വെയ്ക്കുക. അവിടെ നിന്നും സിനിമയുടെ പകർപ്പ് ലീക്കായാൽ ഉത്തരവാദിത്തം സെൻസർ ബോർഡിനാണെന്ന് സിനിമ സംഘടനകൾ ഓർമ്മിപ്പിക്കുക.
3. ഒരു കോടി രൂപ ബാങ്കിൽ വെയ്ക്കുവാൻ പോകുന്പോൾ പലരും രണ്ട് സെക്യൂരിറ്റി സ്റ്റാഫിനെ കൂടെ നിർത്തും. അതുപോലെ സ്റ്റുഡിയോവിൽ എഡിറ്റേഴ്സും മറ്റുള്ളവരും പുറത്ത് പോകുന്പോൾ അവരുടെ ദേഹം പരിശോധിച്ച് യു.എസ്.ബി, സി.ഡി എന്നിവ കൂടെ കൊണ്ടു പോകുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സെക്യൂരിറ്റിയെ വെയ്ക്കുക.
4. എഡിറ്റിംഗ് സൈറ്റിൽ, സ്റ്റുഡിയോവിൽ ഇന്റർനെറ്റ് കണക്ഷൻ അനുവദിക്കരുത്. പലരും ഇത്തരം സ്റ്റുഡിയോവിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്യുന്നത്, അവിടെ ഉപയോഗിക്കുന്ന പല സോഫ്റ്റ്്വെയറുകളും വ്യാജ ഉത്പന്നങ്ങളോ പരീക്ഷണാടിസ്ഥാനത്തിലോ പ്രവർത്തിക്കുന്നവയായിരിക്കുന്നതുകൊണ്ടാണ്.
5. നിർമ്മാതാവ് തന്റെ കൂടെ ഒരു കന്പ്യൂട്ടർ വിദഗ്ദ്ധനെ കൂട്ടുകയും ഓരോ ദിവസവും എഡിറ്റ് ചെയ്ത ‘rushes’ സെയ്്വ് ചെയ്യുന്ന ഹാർഡ് ഡിസ്ക്ക് കൂടെയെടുക്കുകയും സ്റ്റുഡിയോവിലെ മുഴുവൻ ഫയലുകളും ഡിലീറ്റും ചെയ്യുക.
വിവര സാങ്കേതിക വിദ്യയിൽ വിവരമുള്ള പ്രഗത്ഭ കന്പനികളിലേക്ക് കരാർ കൊടുത്താൽ സംഭവം സ്റ്റുഡിയോവിൽ നിന്ന് ലീക്കാവാതെ നോക്കാനുള്ള ദൗത്യം അവർ ഏറ്റെടുക്കും. കോടികൾ മുടക്കി പടമെടുക്കുന്പോൾ കുറച്ച് ലക്ഷങ്ങൾ ഇതിനായ് മുടക്കിയാൽ മാത്രം മതി.
ശ്രീജിത്ത് ദിവാകരൻ എന്ന മാധ്യമ പ്രവർത്തകന്റെ ‘അൻവർ റഷീദിനെ പിന്തുണയ്ക്കുന്ന ഒരു ടൊറാന്റോ ഫാനിന് പറയാനുള്ളത് എന്ന േലഖനത്തിലൂടെ വിരൽ ചൂണ്ടുന്നത് സിനിമയിലെ മെഗാ സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളുമുള്ള ഒരു കോക്കസിനെതിരെയാണ്.
ഒരു കാര്യം ഉറപ്പാണ്. മമ്മൂട്ടി മുട്ടുകയാണ്. തുറക്കാത്ത ഹിറ്റുകളെന്ന സ്വപ്നത്തിന്റെ കവാടത്തിന് മുന്പിൽ നിരന്തരം മുട്ട് മടക്കി മുട്ടുകയാണ്. ഇനിയും മോഹിച്ച് തീരാത്ത മോഹൻലാലകട്ടെ നിരാശയോടെ നോക്കുന്നത് താൻ ലക്ഷ്യം വെച്ച രാഷ്ട്രീയ കസേരയിൽ, സിനിമയിൽ നിന്ന് ഗോപിയായ സുരേഷ് ഗോപിയുടെ കസേരയിലാണ്. പുട്ടിന് തേങ്ങ പോലെ മലയാള സിനിമയുടെ അവശ്യ ഘടകമായ ദിലീപാകട്ടെ കാണികളെ പൊട്ടിച്ചിരിപ്പിച്ച് അണിയറയിൽ കരയുന്നു.
സിനിമാ ലോകം അന്നും ഇന്നും മോഷ്ടാക്കളുടെ സ്വർഗ്ഗരാജ്യമാണ്. കൊറിയൻ കഥകളും സ്പാനിഷ് സംഗീതവും സായിപ്പിന്റെ ഗ്രാഫിക്സും മോഷ്ടിക്കുന്നവർ ഒരു ഭാഗത്ത്. നായികയാകാൻ കൊതിച്ച് വരുന്ന സുന്ദരികളുടെ മാനം മോഷ്ടിക്കുന്നവർ വേറൊരു ഭാഗത്ത്. പാവപ്പെട്ട കലാകാരൻമാരുടെ കഴിവുകൾ വിറ്റ് കാശാക്കുന്നവർ വേറൊരു ഭാഗത്ത്. അങ്ങിനെ കട്ടും മുടിച്ചും കാശുണ്ടാക്കിയവരുടെ ഗ്ലാമർ ലോകത്ത് നിന്നും റിട്ടയർ ചെയ്യാൻ സമയമായി എന്ന തിരിച്ചറിഞ്ഞവർ മീശയും ചുരുട്ടി കൂളിംഗ് ഗ്ലാസും െവച്ച് കടന്ന് വരുന്ന നിവിൻപോളിമാരെ ഭയപ്പെടുന്നുണ്ട്.
ഏതായാലും പടം കട്ടെടുത്തവരും, ഇന്റർനെറ്റിൽ ഇട്ടവരും കണ്ടവരും കടക്കാരും കിട്ടിയ ലാഭത്തിന്റെ ഒരു പങ്ക് സിൽക്ക് സ്മിതയുടെയും റാണി പത്മിനിയുടെയും പേരിൽ ഒരു അവാർഡുണ്ടാക്കി ഷക്കീല പോലുള്ള നടിമാർക്ക് നൽകുക. കട്ടാൽ പാപം കൊടുത്താൽ തീരും എന്നാണ് പുതുമൊഴി.