അന്ന പറയുന്നത്...


ഹോംങ്കോംഗ് നഗരത്തിലൂടെ, മനോഹരമായ നഗരവും അതിന് ചുറ്റുമുള്ള കടലിടുക്കുകളും കടന്ന് ബസ് മുന്നോട്ട് പോകുന്പോൾ അന്ന ചൈനീസ് ശൈലിയിലുള്ള ഇംഗ്ലീഷിൽ ഹോംങ്കോംഗിനെ കുറിച്ചുള്ള വിവരണം തുടങ്ങി. അന്ന ഹോംങ്കോംഗിലെ ഒരു ടൂർ ഗൈഡാണ്. 

ചൈന ചൈനക്കാരുടേതാണ് എന്ന് വിശ്വസിക്കുന്ന ഹോംങ്കോംഗിൽ നിന്ന് സായിപ്പൻമാർ ഔദ്യോഗികമായി പടിയിറങ്ങിപ്പോയത് 1997ൽ മാത്രമാണ്. ബ്രീട്ടിഷ് ഭരണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും കണ്ടറിഞ്ഞ അന്ന പറയുന്നത് ഹോംങ്കോംഗിലെ ജനങ്ങൾ ഭയക്കുന്നത് ഈ സ്ഥലം ചൈനയുടെ ഭരണത്തിന്റെ കീഴിലായാലുള്ള ഭീകരതയോർത്തിട്ടാണ്. ഇപ്പോൾ ഹോംങ്കോംഗിലുള്ള ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവർക്ക് നഷ്ടപ്പെടുമെന്നും ഒപ്പം പാർട്ടിയുടെ കീഴിൽ വ്യവസായികൾക്ക് കൂടുതൽ നികുതിയും, ഒപ്പം ചട്ടക്കൂടുകളും ഉണ്ടാക്കുമെന്ന് ഭയന്ന് സന്പന്നരായ ഒരു ഭൂരിഭാഗം കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്ക് കുടിയേറി. സന്പന്നരായ ഒരു വിഭാഗം നാട് വിട്ട് കൂട് തേടി പാർക്കാൻ പറ്റിയ സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് കണ്ട ചൈന ഒരു അന്പത് വ‍ർഷം കൂടി ഹോംങ്കോംഗിലെ നിലവിലുള്ള നിയമവ്യവസ്ഥകൾ മാറ്റില്ലെന്ന് ഉറപ്പ് നൽകി. 

ഇന്ന് ഏറ്റവുമധികം സന്ദർശകർ വിവിധ രാ‍‍‍‍‍‍‍‍ജ്യങ്ങളിൽ നിന്ന് എത്തുന്ന ലോകത്തെ രണ്ടാമത്തെ നഗരമാണ് ഹോംങ്കോംഗ്. ഒരു വർഷം ശരാശരി അഞ്ചരക്കോടിയിലധികം വിദേശികൾ ഹോംങ്കോംഗിലെത്തുന്നു. ഇത് ചൈനയുടെ കീഴിലായതിനാൽ  കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനവും നിയമവും വന്നാൽ അത് ടൂറിസത്തെ ബാധിക്കുമെന്നും അത് വഴി ലഭിക്കുന്ന വരുമാനം ഇല്ലാതാകുമെന്നും ചൈന ഭയക്കുന്നുണ്ട്. 

ഹോംങ്കോംഗ് ആണ് ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരം. മൊത്തം സ്ഥലത്തിന്റെ മുപ്പത് ശതമാനം മാത്രമേ ഇപ്പോഴും വീടുകൾ നിർമ്മിച്ചിട്ടുള്ളൂ. കുന്നിൻ ചെരിവുകളിൽ അറുപത് മുതൽ നൂറ്റിപതിനാല് നിലകൾ വരെയുള്ള കെട്ടിടങ്ങൾ. ഒരു കെട്ടിടത്തിൽ ഏകദേശം 400 കുടുംബങ്ങൾ പാർക്കുന്നു. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലെ ഫ്ളാറ്റുകൾക്ക് എട്ട് കോടി മുതൽ പന്ത്രണ്ട് കോടി രൂപ വരെ വില വരും. പ്രശസ്ത സിനിമാ നടൻ ജാക്കിച്ചാന്റെ വീടിന് മുന്നിലൂടെ ബസ് നീങ്ങിയപ്പോൾ, വീടിനെ നോക്കി അന്ന കൈകൊണ്ട് ഹായ് പറഞ്ഞു. എന്നിട്ട് ചിരിച്ചുകൊണ്ട് ജാക്കിച്ചാൻ തന്റെ അടുത്ത സുഹൃത്താണെന്ന് തമാശയോടെ പറഞ്ഞു. 

ഹോട്ടലിന്റെ തൊട്ടു പിറകിലായി കടലിന്റെ അരികിലായി നീണ്ട നടപ്പാതയുണ്ട്. അതിൽ ചില സ്ഥലത്ത് ജാക്കിച്ചാന്റെ കൈപ്പത്തി സിമന്റിൽ അമർത്തിയ അടയാളം കാണാം. പല സന്ദർശകരും അതിന്റെ ഫോട്ടോ പകർത്തുന്നതും കാണാമായിരുന്നു. 

ഒരു കാലത്ത് ബ്രീട്ടീഷ്കാരുടെ സർക്കാറിന് നികുതി കൊടുക്കുവാൻ പണമില്ലാതെ വന്നപ്പോൾ കോഴിമുട്ട നികുതിയായി നൽകിയിരുന്ന ഹോംങ്കോംഗ് നഗരം ഇന്ന് സന്പന്നരുടെ നഗരമാണ്.   ഇന്റർകോണ്ടിനെന്റൽ സ്ട്രാന്റ് ഫോർഡ് ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാൻ പോയപ്പോൾ അവിടെ ഇരുപത് വർഷത്തിലധികമായി ഷെഫ് ആയി ജോലി ചെയ്യുന്ന ഒരു കോഴിക്കോടുകാരനെ കണ്ടുമുട്ടി. കുടുംബസമേതം ഹോംങ്കോംഗിൽ താമസിക്കുന്ന ഇയാൾ അതീവ സന്തുഷ്ടവാനാണ്. ആഴ്ചയിൽ രണ്ട് ദിവസം അവധി. നല്ല ശന്പളം.  നല്ല ജനങ്ങൾ. ചിലയിടങ്ങളിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉണ്ടെങ്കിൽ പോലും ഇന്ത്യാക്കാരുടെ എണ്ണം മറ്റ് വിദേശീയരെക്കാൾ കുറവാണ്.

ഹോംങ്കോംഗ് നഗരത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ നേരം ഇരുട്ടണം. കടലരികിൽ ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങൾ വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. എല്ലാ ദിവസവും എട്ട് മണിയാകുന്പോൾ ഈ കെട്ടിടങ്ങളുടെ മുകളിൽ ഘടിപ്പിച്ച ലേസർ ലൈറ്റുകൾ പ്രകാശിച്ച് തുടങ്ങും. കടൽക്കരയിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറിൽ കൂടി മനോഹരമായ സിംഫണി ഒഴുകി വരുന്നതിനനുസരിച്ച് ലേസർ ലൈറ്റുകൾ മിന്നി തുടങ്ങും. മുന്പ് ഈ ഷോയിൽ പങ്കെടുക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് ഇലക്ട്രിക് ബില്ലിൽ ഉണ്ടായ സബ്സി‍‍‍‍ഡി അടുത്ത കാലത്തായി സ‍ർക്കാ‍ർ നിർത്തി. അതുകൊണ്ട് തന്നെ ഇപ്പോൾ പ്രധാനപ്പെട്ട ചില കെട്ടിടങ്ങൾ ഒഴിച്ച് മറ്റ് പലരും ലേസർ ഷോയിൽ പങ്കെടുക്കുന്നില്ല. 

ഇവിടെ ഭരണാധിപന്റെ ഡെസിഗ്നേഷൻ, സി.ഇ.ഒ എന്നാണ്. ചൈനീസ് ഭരണത്തിന്റെ കീഴിലുള്ള സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ റീജിയൺ ആയിട്ടാണ് ഹോംങ്കോംഗ് ഇപ്പോൾ നിലനിൽക്കുന്നത്. സി.വൈ ലെനി എന്ന നിലവിലെ സി.ഇ.ഒവിനെ തിരഞ്ഞെടുത്തിരിക്കുന്നത് ചൈനയുടെ കൈപിടിയിൽ ഒതുങ്ങുന്ന 1200 പേർ അടങ്ങുന്ന ഒരു കമ്മിറ്റിയാണ്. സാധാരണ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അധികാരമില്ലെന്നും ചൈനയുടെ പാർട്ടി ലോബി തന്നെയാണ് ഹോംങ്കോംഗിനെയും ഭരിക്കുന്നതെന്ന് പറയുന്പോൾ അന്നയുടെ കണ്ണുകളിൽ ദേഷ്യവും, അമർഷവും പ്രകടമായിരുന്നു. ചൈനയെയും അവിടുത്തെ സർക്കാരിനെയും ഭയക്കുന്നവർ ഒന്നും പുറത്ത് പറയാത്തതും ഈ ഭയം കാരണം തന്നെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed