കുരയ്ക്കുന്ന പ്രശ്നത്തിന് ഒരു പൂള് തേങ്ങ!


ബഹ്റിനിലെ മുൻ ഇന്ത്യൻ അംബാസഡർമാരിലൊരാളായ ശ്രീ ബാലകൃഷ്ണ ഷെട്ടിയാണ് ആഫ്രിക്കയിൽ കൂടി യാത്ര ചെയ്യുന്പോൾ കുരങ്ങിന്റെ ഇറച്ചി ഭക്ഷിച്ച കഥ ഒരു സൗഹൃദ സംഭാഷണത്തിനിടക്ക് പറഞ്ഞത്. റോഡരികിൽ ജീവനുള്ള കുരങ്ങുമായി നിൽക്കുന്ന കച്ചവടക്കാർ യാത്രക്കിടയിൽ ചെറിയൊരു ബ്രേക്കിന് നിർത്തുന്ന വാഹനങ്ങളുടെ ചുറ്റും ഓടിക്കൂടും. പിന്നീട് വില പേശലിന് ശേഷം കാശ് കൊടുത്താൽ ഉടൻ യാത്രക്കാരുടെ മുന്പിൽ നിന്ന ജീവനുള്ള കുരങ്ങിന്റെ തലയുടെ മുകൾ ഭാഗത്ത് ഒരു ചെറിയ ചുറ്റിക കൊണ്ട് അടിക്കും. പിന്നീട് മൂർച്ചയുള്ള ഒരു കത്തിയെടുത്ത് തലഭാഗം പകുതിയായി മുറിക്കും. പിന്നീട് തലഭാഗം തുറന്ന് കുരങ്ങിന്റെ തലച്ചോർ ഒരു സ്പൂണെടുത്ത് ഇളക്കി യാത്രക്കാർക്ക് നേരെ നീട്ടും. കണ്ണ് തുറിച്ച് കിടക്കുന്ന വാനരന്റെ തലയുടെ മുകൾ ഭാഗം ഒരു മൂടി പോലെ അടച്ചിട്ടാണ് നൽകുക. വിശന്നുവരുന്ന യാത്രക്കാർ സസന്തോഷം സ്പൂണ് കൊണ്ട് വാനരന്റെ തലച്ചോറ് പച്ചയായി വിഴുങ്ങും.

ജോൺ അലൻ സംവിധാനം ചെയ്ത ‘Faces  of Death’ എന്ന സിനിമയിൽ ഒരു റെസ്റ്റോറന്റിൽ കടന്നുവരുന്ന അമേരിക്കൻ ടൂറിസ്റ്റുകളുടെ വിരുന്ന് മേശകളുടെ നടുവിൽ ഒരു കുരങ്ങിനെ ഇരുത്തി തീൻമേശയ്ക്ക് ചുറ്റുമിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ചുറ്റിക കൊണ്ട് തലക്കടിച്ച് ഭക്ഷിക്കുന്ന രംഗമുണ്ട്. പക്ഷെ, അത് വെറുമൊരു സിനിമാക്കഥ മാത്രമാണെന്ന് വിശ്വസിച്ചിരുന്ന എന്നെ തിരുത്തിയത് ശ്രീ ബാലകൃഷ്ണ ഷെട്ടിയായിരുന്നു. 

ഇത്തരം പല വാർത്തകൾ കേൾക്കുന്പോഴും അറിയുന്പോഴും മാംസബുക്കുകളായ വ്യക്തികളുടെ മുഖം വരെ ഒന്ന് ചുളിയും. കോഴിയേയും, ആടിനേയും, പന്നിയേയും മാനിനേയും മുതൽ പോത്തിനെ വരെ നിർത്തിപൊരിച്ച് വെട്ടി വിഴുങ്ങുന്നവർ പാന്പിനെയും, പട്ടിയേയും, പൂച്ചയേയും, വെട്ടി വിഴുങ്ങുന്ന ചൈനക്കാരെയും, നേപ്പാളികളേയും, ആഫ്രിക്കക്കാരെയും, കൊറിയക്കാരേയും അറപ്പോടെ വെറുപ്പോടെ നോക്കി പരിഹസിക്കുന്നു.

ഇന്ത്യാ മഹാരാജ്യത്ത് അച്ചനും അമ്മയും ഇല്ലാതെ, ചോദിക്കാനും, പറയാനും ഉത്തരവാദിത്വപ്പെട്ടവരില്ലാതെ, ഏത് നിമിഷവും തലയിൽ കൊലക്കയർ വീഴുമെന്ന ഭീഷണിയുടെ, നിഴലിൽ ജീവിക്കുന്ന 30 ലക്ഷത്തിലധികം പട്ടികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു അഞ്ചു ശതമാനം പട്ടികൾക്ക് ഇന്ത്യാ മഹാരാജ്യത്തിലെ അനീതിയും, കൊള്ളയും, ബലാത്സംഗരംഗങ്ങളും കണ്ട് ഭ്രാന്ത് പിടിക്കുന്നു. അതിൽ ചിലർ മനുഷ്യനെന്ന സഹജീവികളെ ഇടയ്ക്ക് ഒന്ന് കടിക്കും. ചിലപ്പോൾ കടിച്ച് പറിച്ചും പ്രതികാരം തീർക്കുന്നു.

മറ്റുള്ള 95 ശതമാനം പട്ടികൾക്കും ഭ്രാന്ത് പകരുമെന്ന ഭീതിയിൽ മനുഷ്യർ ബാക്കി വരുന്ന ശ്വാനൻമാരെ  തലയ്ക്കടിച്ചും, വാലിൽ പിടിച്ച് ആകാശത്തിൽ ചുഴറ്റി നിലത്തടിച്ചും പൃഷ്ടഭാഗത്ത് ഇഞ്ചക്ഷൻ നൽകിയും കൊല്ലുന്നു. മനുഷ്യർക്ക് ഭ്രാന്ത് പിടിച്ചാൽ ആദ്യം നമ്മൾ ഭ്രാന്തിന് ചികിത്സിക്കുന്നു. എന്നിട്ടും ഭേദമായിട്ടില്ലെങ്കിൽ ചങ്ങലയ്ക്കിടുന്നു. പക്ഷെ, ഭ്രാന്തന്മാരുടെ ബന്ധുക്കളെ ചങ്ങലക്കിടുന്നില്ല. അവർക്കും ഭ്രാന്ത് വരാമെന്ന് കരുതി ചികിത്സിക്കുന്നില്ല.

ഏതോ ഒരു താറാവിന് ആദ്യമഴ പെയ്ത് തല തുവർത്താൻ മറന്നു പനി വന്നപ്പോൾ 5 ലക്ഷം വരുന്ന കുടുംബങ്ങളെ ചുട്ട് കൊന്ന ഭീകരരാണ് നാം.

നമ്മുടെ ജീവന് ഭീഷണിയായി മുന്പിൽ നിൽക്കുന്ന ഏത് ജീവിയേയും സ്വയരക്ഷയ്ക്കായി കൊല്ലുക മാത്രമാണ് നമ്മൾ ചിന്തിക്കുന്ന ഏക പ്രതിവിധി. പക്ഷെ, കൊല്ലുന്നതിന് മുന്പ് അവർ ശരിക്കും ഭീഷണിയാണോയെന്നും, കൊല്ലാതെ പ്രതിരോധിക്കുവാൻ വഴിയുണ്ടോ എന്നും നാം ചിന്തിക്കണം.

ബഹ്റിനിലേയ്ക്ക് കടൽ മാർഗ്ഗം കടന്ന് പറന്ന കേരളത്തിൽ നിന്നുള്ള കാക്കകളെ ബഹ്റിൻ മുനിസിപ്പാലിറ്റി അധികൃതർ എയർ ഗൺ വെച്ചു കൊല്ലാറുണ്ട്. ബഹ്റിൻ എന്ന ഈ രാജ്യത്ത് ജീവിച്ചു വരുന്ന ഒരു ചെറിയ കിളിയെ കാക്കകൾ കൊന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയപ്പോഴാണ് അത്തരം നടപടിയ്ക്ക് സർക്കാർ തുടക്കമിട്ടത്. ഇതിലൊരു ന്യായമുണ്ട്.

കേരളമടക്കമുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ സംസ്കാരികമായി വികസിക്കുകയാണ്. ഒരു രാജ്യത്തിന്റെ സാംസ്ക്കാരത്തിന്റെ വളർച്ചയറിയണമെങ്കിൽ ആ രാജ്യത്തിലെ ജനങ്ങൾ മൃഗങ്ങളോട് പെരുമാറുന്ന രീതി നോക്കിയാൽ മനസ്സിലാകും എന്ന് പറഞ്ഞത് മഹാത്മാവായ മഹാത്മാ ഗാന്ധിയാണ്.

റോഡിലൂടെ അലഞ്ഞ് തിരിയുന്ന ചാവാലി പട്ടിയെ നോക്കി കല്ലെറിയുന്ന ബാല്യത്തിൽ‍ നിന്നും അവയ്ക്ക് ടിഫിൻ കരിയറിലെ ഭക്ഷണം പകുത്ത് നൽകുന്ന പുതുതലമുറയെയാണ് നാം ഇന്ന് കാണുന്നത്.

ബഹ്റിനിലെ തെരുവുപട്ടികളെ തിരഞ്ഞ് പിടിച്ച് സാർ ഗ്രാമത്തിലെ ഒരു വലിയ ഒഴിഞ്ഞ പറന്പിലേക്ക് മാറ്റി സംരക്ഷിക്കുന്നത് ഡോഗ് ഫാദർ എന്നറിയപ്പെടുന്ന ടോണി എന്ന സായിപ്പാണ്. ഇന്ത്യയിൽ സർക്കാറിന് ചെയ്യാൻ പറ്റുന്നത് പട്ടികളുടെ പ്രത്യുൽപ്പാദന ശേഷി നശിപ്പിക്കുകയും ഒപ്പം ടോണിയെപ്പോലുള്ള പ്രകൃതി സ്നേഹികൾക്ക് ഓരോ ജില്ലയിലും കുറച്ച് പുറന്പോക്ക് സ്ഥലം അനുവദിക്കുക എന്ന മാർഗ്ഗവുമാണ്.

ഇത് രണ്ടും പ്രായോഗികമാകുന്നില്ലെങ്കിൽ പട്ടിപിടുത്തക്കാരെ, ശാസ്ത്രീയമായി പട്ടികളെ പിടിക്കുവാനും കൊല്ലാനും പരിശീലിപ്പിക്കുക. പിന്നീട് ആരോഗ്യവകുപ്പിന്റെ സാക്ഷ്യപത്രത്തോടെ പട്ടിയിറച്ചി വെട്ടിമുറിച്ച് പായ്ക്കറ്റിലാക്കി ചൈന, കൊറിയ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റ്മതി ചെയ്യുക. രാസവസ്തുക്കൾ കുത്തിവെച്ച കോഴിയെയും കീടനാശിനി തെളിച്ച പച്ചക്കറിയും തിന്നുന്നതിനേക്കാൾ ആരോഗ്യത്തിന് ഗുണകരവും, പുഷ്ടിയും ലഭിക്കുന്ന മാംസമാണിതെന്ന് ചൈനക്കാർ ആണയിട്ട് പറയുന്നു.

ഇനി നേപ്പാളിൽ നിന്നും നാഗാലാന്റിൽ നിന്നും ചൈനയിൽ നിന്നും കേരളമടക്കമുള്ള സംസ്ഥാനത്തിൽ തന്പടിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. വരും ദിവസങ്ങളിൽ ജനസംഖ്യകൂടിക്കൂടി വരുന്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വരെ ജനസംഖ്യകൂടുതലുള്ള രാജ്യങ്ങൾ നിലവിളിച്ച് തുടങ്ങുന്പോൾ തെരുവിൽ പോയിട്ട് മൃഗശാലയിൽ വരെ ഒരു പട്ടിയെ കാണുമോ എന്നതും സംശയം തന്നെ. ഏതായാലും കൊന്നാൽ പാപം തിന്നാൽ തീരും... കൊല്ലുന്നത് വെറുതെ എന്ന് തോന്നുന്നുവെങ്കിൽ തിന്നുകയോ തിന്നിക്കുകയോ ചെയ്യുക. അതാണ് പ്രകൃതി നിയമം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed