ജസ്റ്റിസ് ഫോർ ജിഷ

ജിഷയ്ക്കു നീതി ആവശ്യപ്പെടുന്നവരുടെ മുറവിളികളും വിലാപങ്ങളും ആക്രോശങ്ങളുമാണ് നവ മാധ്യമങ്ങൾ നിറയെ. ടെലിവിഷനുകളിൽ നിന്നിറങ്ങി നീതി ചോദിക്കുന്നവർ തെരുവുകളിലും എത്തുന്നുണ്ട്. നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ജിഷയുടെ ദഹിപ്പിച്ച ശരീരത്തിന്റെ ഭസ്മാവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കിക്കഴിഞ്ഞിരിക്കുന്നു. വാങ്ങിയെടുക്കുന്ന നീതി കൊണ്ടു ജിഷയ്ക്കു എന്ത് പ്രയോജനം? മൂന്നു പതിറ്റാണ്ടോളം ദൈർഘ്യമുണ്ടായിരുന്ന ജീവിതം ആകെയും നീതിയ്ക്കായി സഹനം തപസ്സായി ചെയ്ത ഒരു മനുഷ്യ ജീവിയായിരുന്നു ജിഷയെന്നു കണ്ടവരും അറിഞ്ഞവരും ഇപ്പോൾ പറയുന്നത് നാം വായിക്കുന്നു, കേൾക്കുന്നു. ദുര്യോഗങ്ങളുടെ പൊള്ളുന്ന വഴികളിലൂടെ പ്രയാണം തുടരുന്പോൾ ജിഷ നീതിയ്ക്കായുള്ള തൻ്റെ പോരാട്ടം തുടരുകയായിരുന്നു. ആത്മാഭിമാനത്തിനു തരിന്പും കോട്ടം വരുത്താതെയും തല കുനിക്കാതെയും പതറാതെയും. പഠിച്ചു നല്ല ഉദ്യോഗം തേടി സ്വാതന്ത്ര്യം നേടാമെന്നും നീതി പിടിച്ചു വാങ്ങാമെന്നും ജിഷ സ്വപ്നം കണ്ടിരിക്കാം. പക്ഷെ നാം ജിഷയെ തോൽപ്പിച്ചു. ജിഷയ്ക്കും അത്തരം അഭിശപ്ത ജന്മങ്ങൾക്കും ഒരിക്കലും നീതി ലഭിക്കുകയില്ലെന്നു നാം ഉറപ്പു വരുത്തിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി. ഒഴുക്കിനെതിരെ സാഹസത്തിനു ആരെങ്കിലും തുനിഞ്ഞാൽ അവരെ ജാതി പറഞ്ഞു നിരന്തരം അധിക്ഷേപിച്ചും സംവരണത്തെക്കുറിച്ചു പുളിച്ച തമാശകൾ പറഞ്ഞും അതിപ്പോൾ നിറുത്തലാക്കുമെന്നു ഭീഷണിപ്പെടുത്തിയും അപകർഷതാ ബോധത്തിന്റെ ആഴക്കയങ്ങളിലേയ്ക്ക് തള്ളിയിടും. പരിവർത്തനത്തിന്റെയും വിമോചനത്തിന്റെയും പ്രഭാതം അകലെയെന്നു അതിന്റെ പതാക വാഹകർ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ജിഷയ്ക്കു എന്ത് നീതി വാങ്ങിക്കൊടുക്കുവാനാണു നാമെല്ലാം ഇപ്പോൾ തുനിയുന്നതെന്നു മനസ്സിലാവുന്നതേയില്ല.
തെരഞ്ഞെടുപ്പ് തൊട്ടരികെ എത്തിയ സവിശേഷ സാഹചര്യത്തിൽ ആ അപമൃത്യുവിനു വന്നു ഭവിച്ചിരിക്കുന്ന രൂപാന്തരീകരണങ്ങളും തിരഞ്ഞെടുപ്പു നേട്ടം മാത്രം ലാക്കാക്കിയുള്ള വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും എല്ലാം കൂടിച്ചേർന്നു ആ മരണത്തോടു പോലും നീതി കാട്ടാത്തതായിരിക്കുന്നു ജിഷയുടെ മരണ ശേഷ സംഭവ പരിണാമങ്ങൾ. ജനാധിപത്യ വ്യവസ്ഥയുടെ ജീവനാഡിയായ ജനപ്രതിനിധി സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ സ്വഭാവം ഇന്ത്യയിലും കേരളത്തിലും ഏഴു ദശകങ്ങളിൽ പരിണമിച്ചെത്തിയിരിക്കുന്നതു വിചിത്രമായാണ്. രാഷ്ട്രീയ കക്ഷികളുടെ നയങ്ങളോ പരിപാടികളോ കണക്കിലെടുത്തു താരതമ്യം ചെയ്തു വോട്ടു ചെയ്യുവാൻ ആരും മുതിരാറില്ല അതിന്റെ ആവശ്യവുമില്ല എന്ന അവസ്ഥയിലേയ്ക്ക് നയങ്ങളും പരിപാടികളും തത്വസംഹിതകളുടെ പ്രയോഗവും അപ്രസക്തമായിരിക്കുന്നു. സ്ഥാനാർത്ഥിയുടെ ജാതി−മത−കുടുംബ −ധനനിലയുടെ സ്വാധീനവും വ്യക്തി ബന്ധങ്ങളും തിരഞ്ഞെടുപ്പു വിജയത്തിന്റെ വഴികളായിത്തീർന്നു. കല്യാണങ്ങൾക്കും മരണത്തിനും സഞ്ചയനത്തിനും സംബന്ധിക്കുന്നത് രാഷ്ട്രീയ പ്രവർത്തനം ആവുകയും അത് പിന്നീടു മുഖ്യ കർമ്മ പരിപാടിയെന്ന പദവിയിലേയ്ക്ക് കയറ്റം നേടുകയും ചെയ്തിരിക്കുന്നു. അത്തരം പുതിയ അനുശീല
നത്തിന്റെ ഭാഗമാണ് ജിഷയുടെ അമ്മയെ സന്ദർശിച്ചു അനുശോചനം അർപ്പിക്കുവാൻ പോകുന്ന നേതാക്കളുടെ വലിയ നിര. ജീവിതാനുഭവങ്ങളിൽ നിന്നും രൂപമെടുത്ത ഒരു പ്രതിരോധ തന്ത്രം എന്നു അനുമാനിക്കാവുന്ന തരത്തിലെ ‘സ്വഭാവത്തിലെ അസ്വാഭാവികത’ നേരത്തെയുണ്ടായിരുന്ന ആയമ്മയ്ക്ക് സംഭവിച്ച പ്രാണന്റെ നഷ്ടമെന്ന കൊടും പ്രഹരത്തിന്റെ പ്രകന്പനങ്ങളിൽ അവർ ഭ്രാന്തെടുത്തിട്ടാണ് പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ ഉള്ളത്. ഓരോ നേതാവിന്റെ സന്ദർശനവും ഓരോ വലിയ വിസ്ഫോടനവും ജ്വര മൂർച്ഛയിലെ കൊടുങ്കാറ്റും അവരിൽ സൃഷ്ടിക്കുന്നുവെന്നു കണ്ടിട്ടും നേതാക്കൾ അനുശോചനം അർപ്പിക്കുവാൻ എത്തുകയാണ്. ആ കൊടും താപത്തിന്റെ പാണ്ടി ലോറിക്കടിപ്പെട്ടു അനുശോചനങ്ങൾ ചതഞ്ഞു വികൃതമാവുകയും ആശുപത്രിയിലെ ഓരോ സന്ദർശന മുഹൂർത്തവും ഓരോ വികട നാടക രംഗമായിത്തീരുകയുമാണ്. ഡോക്ടർമാർ അരുതെന്നു അഭ്യർത്ഥന ചെയ്തു. വീഡിയോഗ്രാഫറെയും കൂട്ടി വരുന്ന സന്ദർശകർ സ്വയം പരസ്യം ചെയ്യുവാൻ വരുന്നവരാണെന്നു ജില്ലാ കലക്ടർ പറഞ്ഞു. എന്നിട്ടും ഒരു അറുതിയുമില്ല. തിരഞ്ഞെടുപ്പിനു സഹായകമായി എന്തെങ്കിലും വീണു കിട്ടുമോയെന്നു നോക്കിയാണ് അത്യുന്നതങ്ങളിൽ നിന്ന് പോലും നേതാക്കൾ അനുശോചനദാതാക്കളായെത്തുന്നത്.
രാജ്യത്ത് നിലവിലിരിക്കുന്ന വ്യവസ്ഥയോടും അവസ്ഥകളോടും സമരസപ്പെടുകയും അതിനു പോറലൊന്നുമേൽക്കാതെ അതിനെ സംരക്ഷിച്ചു പരിപാലിക്കുകയും വല്ലപ്പോഴും ഉണ്ടാകുന്ന സംഭവങ്ങളോടു നാമ മാത്രമായി പ്രതികരിച്ചു അവസാനിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ആ ആശുപത്രി രംഗങ്ങൾ. രോഷം കൊണ്ടുലഞ്ഞും ഉന്മാദത്തിൽ പിടഞ്ഞും ആയമ്മ ആക്രോശിക്കുന്നതു ഈ സമൂഹത്തിന്റെ നേർക്കാണ്. ഈ സമൂഹത്തിന്റെ നടത്തിപ്പിന്റെ നായകത്വം വഹിക്കുവാൻ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നവരായ നേതൃപ്രഭുക്കൾ കുറേപ്പേർ ആരോരുമില്ലാത്ത, ആരുമല്ലാത്ത തോറ്റു പോയൊരു ദളിത് വൃദ്ധയുടെ മുന്നിൽ സ്തബ്ധരായി നിൽക്കുന്ന രംഗം സത്യത്തിൽ പ്രതീകാത്മകമാണ്. ജനാധിപത്യം അതിൽ ധാരാളം കാവ്യ നീതി ഒളിപ്പിച്ചു വെച്ചിരിക്കുന്നുണ്ട്. കേസന്വേഷണം നന്നായി നടത്തും അല്ലെങ്കിൽ നടത്തിപ്പിക്കും കുറ്റവാളിയെ ഉടനെ പിടിക്കും ഉഗ്ര ശിക്ഷ കൊടുപ്പിക്കും തുടങ്ങി പതിവ് വാഗ്ദാനങ്ങൾ ഒന്നും ജിഷയ്ക്കു വേണ്ടിയാവില്ല. ആറു ദിവസമായി കേൾക്കുന്ന വിലാപങ്ങളിലെയും ചാനൽ ചർച്ചകളിലെയും വായ്ത്താരിയാണ് ഗോവിന്ദച്ചാമിയെ കൊന്നില്ല അയാളെ കൊന്നാൽ പിന്നെ മനുഷ്യർ വധശിക്ഷ ഭയന്നു മേലിൽ ബലാത്സംഗം ചെയ്യില്ല എന്ന്. അങ്ങിനെ വിശ്വസിക്കുന്ന ശുദ്ധ ഗതിക്കാരെ കടും ശിക്ഷാ പ്രഖ്യാപനം തൃപ്തിപ്പെടുത്തിയേക്കാം. വധശിക്ഷ ഭയന്നു ആരെങ്കിലും ബലാത്സംഗത്തിനു മുതിരാതിരുന്നാൽ രക്ഷപ്പെടുന്നത് ജിഷയല്ല വേറെ ആരോ ആണ്. നിയമ വാഴ്ച എല്ലാവർക്കും പ്രബലമല്ലാതിരിക്കുകയും നടപടി ക്രമങ്ങൾ എല്ലായ്പ്പോഴും മുഖം നോക്കിആയിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ശിക്ഷാ വിധിയുടെ കാഠിന്യം കൊണ്ടു കുറ്റകൃത്യങ്ങൾ കുറയും എന്നു കരുതുന്നത് മൗഡ്യമാണ്. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമെത്തുന്ന പ്രബലനു ഏതു കഠിന ശിക്ഷയെയും മറികടക്കുവാൻ സാധിക്കും എന്നതിനാൽ ശിക്ഷയുടെ കാഠിന്യം കുറ്റ കൃത്യങ്ങളെ ഇല്ലാതാക്കുകയില്ല. കനാൽ വക്കിലെ ഒറ്റ മുറിപ്പുരയിലെ ദളിത് പെണ്ണു കൊല്ലപ്പെട്ടപ്പോൾ അവൾ എറണാകുളം ലോ കോളേജിൽ നിയമ വിദ്യാർഥി ആയിട്ട് പോലും തെളിവുകൾ ശേഖരിച്ച രീതിയും പോസ്റ്റ് മോർട്ടം നടപടി ക്രമങ്ങളും ശവസംസ്കാരവും എങ്ങിനെയായിരുന്നുവെന്നു നാം കണ്ടു. അത് ഒരു അളവ് കോലാണ്. സ്വാഭാവികമായ ഒരു പ്രതികരണം. ഉദ്യോഗസ്ഥ പ്രമാണിമാരുടെ കണ്ണിൽ അത്രയുമാണ് ആ പെണ്ണിന്റെ അന്ത്യോപചാര അർഹത. അവർ ഉചിതമായത് ചെയ്തു സംഗതി തീർത്തു.
അടിസ്ഥാനപരമായ സമൂഹഘടന മാറ്റി മറിച്ചാൽ മാത്രം പരിഹാരം ഉണ്ടാകുന്ന ഒരു വിഷയമാണ് ജിഷയുടെയും സമാന സ്ഥിതിയിലുള്ളവരുടെയും ജീവിതങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയെ അതേപോലെ തന്നെ പരിപാലിക്കാൻ പ്രതിജ്ഞ എടുത്ത ഈ നേതാക്കൾക്ക് ജിഷയുടെ അമ്മയോടു ഒന്നും പറയാൻ ആവില്ല. രാജ്യം ഇന്നു തുടർന്നു വരുന്ന വികസനമെന്നു നാമകരണം ചെയ്യപ്പെട്ട ഏർപ്പാട് പൂർവ്വാധികം ഭംഗിയായി വീണ്ടും ചെയ്യും എന്നാണ് മൂന്നു മുന്നണികളുടെയും തിരഞ്ഞെടുപ്പു വാഗ്ദാനം. ഇപ്പോഴത്തെ വികസനത്തിൽ കൊടിയ അഴിമതി കലർന്നിട്ടുണ്ടെന്നും അത് തീരെ ഒഴിവാക്കി പ്രകൃതിയെയും മനുഷ്യരെയും കണക്കിലെടുത്ത് വികസനം നടത്തുമെന്നും എൽ.ഡി.എഫ് പറയുന്നു. (പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണയ്ക്കായി രൂപമെടുത്ത ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നമ്മുടെ മലയോരങ്ങളിൽ സമരത്തീ പിടിച്ചപ്പോൾ ഒപ്പം നിന്നവരായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടികളും. എന്നാൽ പ്രകൃതിയെക്കൂടി കണക്കിലെടുക്കുന്ന വികസനമേ ചെയ്യുവെന്ന എൽ.ഡി.എഫിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്). ചെയ്തു വന്ന ജനസന്പർക്ക പരിപാടിയുടെ രൂപത്തിലെ കരുതൽ വികസനത്തോടൊപ്പം ഇനിയും വർദ്ധിപ്പിക്കും എന്നു യു.ഡി.എഫ്. ഇന്ത്യയെ ഡിജിറ്റൽ ആക്കി സെൽഫി, റ്റ്വീറ്റ് തുടങ്ങിയ ആധുനിക സൈബർ വഴികളിലൂടെ വികസനം നടത്തുമെന്നും അഴിമതിക്ക് പഴുതില്ലാതെ നോക്കുമെന്നുമാണ് എൻ.ഡി.എ വാഗ്ദാനം. ഏതായാലും വികസനം തന്നെയാണ് ജനങ്ങളുടെ നേർക്ക് വരുന്നത്. ആർക്കും അതിൽ നിന്നു രക്ഷപ്പെടാനാവില്ല.
രാജ്യം നവ ഉദാരവത്കരണ സാന്പത്തിക പാത സ്വീകരിച്ചിട്ടു ഇരുപത്തിയഞ്ച് വർഷങ്ങളായി. ധനത്തിന്റെ ക്രയശേഷി അസാധാരണമായി വർദ്ധിച്ച മദ്ധ്യ വർഗം ലോകത്തു ലഭ്യമായ എല്ലാ ഭോഗോപകരണങ്ങളും വാങ്ങി ജീവിതം ആസ്വദിച്ചു അർമ്മാദിക്കുന്നു. ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങളാൽ നേരത്തെ തന്നെ അരികുകളിൽ ആയിരുന്നവർ കൂടുതൽ പ്രാന്തവതകൃതരാവുകയും ജീവിതത്തിന്റെ മുഖ്യ ധാരയിൽ നിന്നും ബഹിഷ്കൃതരാവുകയും ചെയ്യുകയാണുണ്ടായത്. ഇതേ സമയം തന്നെ മലയാളികളുടെ കൂട്ടത്തോടെയുള്ള ഗൾഫ് കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിൽ രൂപപ്പെട്ടു വന്ന ‘മണീയോഡർ ഇക്കണോമി’ നമ്മെ ഒരു സന്പൂർണ്ണ കൺസ്യൂമർ സൊസൈറ്റി (ഉപഭോക്തൃ സമൂഹം) ആയി പരിവർത്തിപ്പിച്ചു. നമ്മുടെ ജീവിതങ്ങളുടെ രൂപവും ഭാവവും ശൈലിയും അപ്പാടെ മാറി. ഇല്ലാതായ വയലുകളിൽ നിന്നും മറ്റു കൃഷിയിടങ്ങളിൽ നിന്നും പാരന്പര്യ തൊഴിലുകളിൽ നിന്നും അപ്രത്യക്ഷമായ പാരന്പര്യ ഗൃഹോപകരണ നിർമ്മാണ ജോലികളിൽ നിന്നും ബഹിഷ്കൃതരായത് ദളിതുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗമാണ്. നേരത്തെ തന്നെ വറുതിയുടെ പിടിയിൽ ആയിരുന്ന അവരുടെ ആഹാര സന്പാദന മാർഗ്ഗമാണ് അടഞ്ഞു പോയതു. ഗൾഫിലേയ്ക്ക് കുടിയേറുവാൻ വേണ്ടി വിസ വാങ്ങുവാൻ ആവശ്യമായ പണത്തിൻ്റെ ആദ്യ നിക്ഷേപം എളുപ്പത്തിൽ വരുതിയിൽ ഇല്ലാത്തതിനാൽ ആകാം ഗൾഫിൽ ദളിതരുടെ അംഗസംഖ്യ വളരെ കുറവാണ്. ബന്ധുക്കളെ കൊണ്ടു വന്നു സഹായിക്കുകയും അങ്ങിനെ കുടുംബ − സമുദായ ശൃംഖല പടർന്നു വ്യാപിച്ചു വളരുകയും ചെയ്യുന്ന ഗൾഫ് പ്രതിഭാസവും ദളിതരിൽ ഉണ്ടായതായി കാണുന്നില്ല. മണിയോഡറുകൾ കേരളത്തിലെ ദളിതരിലേക്കു ഒഴുകുവാൻ അധികം വഴികളില്ലാതെയാണ് വന്നത്. വികസനം എന്ന പേരിൽ നവ മുതലാളിത്തം നമ്മെ ഗ്രസിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ പുതിയ ജീവിത താളത്തിന്റെയും ശൈലിയുടെയും പുതിയ തരം മനുഷ്യ ബന്ധങ്ങളുടെയും സവിശേഷതയിൽ നിന്നും ഉടലെടുത്ത പെരുമാറ്റ സംഹിതയിൽ പഴയ ആണധികാരങ്ങളുടെ പുതിയ നിർവ്വഹണം ലൈംഗിക കടന്നാക്രമണങ്ങളുടെ രൂപത്തിൽ ആകുന്നതു പതിവായി. വരിയുടച്ചു പരിഹരിക്കാവുന്നതിനേക്കാൾ സങ്കീർണ്ണമായ ഒരു സമസ്യയായി അത് വളരുന്നു. പ്രാന്തവത്കൃതരും ദുർബ്ബലരുമായ സാമൂഹ്യ വിഭാഗങ്ങളും സ്ത്രീകളുമാണു ഇരകളാകുന്നത്. ഈ യാഥാർഥ്യങ്ങൾ അറിഞ്ഞിരിക്കുവാൻ ബാദ്ധ്യസ്ഥരാണ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണാധികാരികൾ. അതിനു പരിഹാരം കാണുവാൻ ഉത്തരവാദപ്പെട്ടവർ അവരാണ്.
ആ അർത്ഥത്തിൽ പരിഹാരങ്ങൾ ഉണ്ടാകുന്നതിലെ വീഴ്ചയെ അവർ സമ്മതിക്കണം. അനുശോചനം പറയുവാൻ വരുന്ന അഥിതികളായോ കാഴ്ച്ചക്കാരായോ അല്ല അവർ വരേണ്ടത്. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു പരിഹാരത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ച കഴിവുറ്റ ഭരണാധികാരികളായിട്ടാണ് അവരുടെ സാന്നിദ്ധ്യം ഉണ്ടാകേണ്ടത്. നമ്മുടെ കേന്ദ്ര−സംസ്ഥാന ഭരണാധികാരികൾ പ്രാന്തങ്ങളിലേക്കു തള്ളപ്പെട്ട ജനതയുടെ വിഷയത്തിനു മുൻഗണന നൽകണം. കനാലുകളുടെ വക്കുകളിലും ചേരികളിലും തെരുവുകളിലും അടച്ചുറപ്പില്ലാത്ത ഇഷ്ടികക്കെട്ടുകൾക്കുള്ളിൽ നമ്മുടെ ജനത ജീവിക്കുന്നുണ്ടെന്നും കുഴി കുഴിച്ച കക്കൂസിന്റെ പ്ലാസ്റ്റിക് കടലാസ് വാതിലിനു വെളിയിൽ ആൺപ്രമത്തത ധ്വജ പൂർണ്ണരായി നിൽക്കുന്നുണ്ടെന്നു ഭയന്നാണ് അവരിലെ പെൺ തലമുറകൾ ജീവിതം മുഴുവനും മലമൂത്ര വിസർജ്ജനം ചെയ്യുന്നതെന്നും അറിയണം. ആ പെൺകുട്ടികളോടൊപ്പം വേണം ‘സെൽഫി’ എടുക്കുവാൻ എന്ന നിലയിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു അവരെ ജീവിതങ്ങളിലേക്കു പുനരധിവസിപ്പിക്കണം. സന്പത്തിൻ്റെ വിതരണത്തിൽ കൂടുതൽ ശാസ്ത്രീയത ഉണ്ടാവണം. വികസനം എന്തെന്നു പുനർ നിർവ്വചിക്കണം. സാമൂഹ്യ നീതിയാവണം രാജ്യത്തിന്റെ ലക്ഷ്യവും മുദ്രാവാക്യവും. ജനകീയ ശക്തി ഉണരേണ്ടതു ഭരണാധികാരികളുടെ കർമ്മ പദ്ധതിയ്ക്ക് ഈ ദിശാബോധം നൽകുവാൻ ആകണം. തങ്ങളുടെ പാർട്ടികളുടെ പേരുകളിൽ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പദങ്ങൾ ഇപ്പോഴും പേറി നടക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്ഥിതി സമത്വം എന്ന വാക്ക് അശ്ലീലമല്ലെന്നും അത് പറയുവാൻ ലജ്ജിക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പു കാലത്തെ ഈ സവിശേഷ സന്ധിയിൽ എങ്കിലും ഓർക്കണം. നവ മുതലാളിത്തത്തിന്റെ ഗർഭ ഗൃഹങ്ങളായ യൂറോപ്പിലെ രാജ്യങ്ങളിലും അമേരിക്കയിലും തിരഞ്ഞെടുപ്പു കാലങ്ങളിൽ സാമൂഹ്യ നീതിയും സന്പത്തിന്റെ വിതരണവും വീണ്ടും ചിന്താ വിഷയമാകുന്നതിനു കാതോർക്കണം.
അന്തസ്സായി ജീവിക്കുവാൻ വേണ്ടി പൊരുതി മരിച്ച ജിഷയോടു നീതി ചെയ്യുന്നതു അങ്ങിനെയാകാം.