യുഎഇ നിർമിച്ച ആദ്യ പേലോഡ് ഭ്രമണപഥത്തിൽ
യുഎഇ നിർമിച്ച ആദ്യ പേലോഡുമായി ഉപഗ്രഹ വിക്ഷേപണം വിജയം. റഷ്യൻ വിക്ഷേപണ കേന്ദ്രമായ വസ്തോച്നിയിൽ നിന്നു സോയൂസ് 2 റോക്കറ്റിലാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ പേലോഡ് ഭ്രമണപഥത്തിലെത്തിച്ചത്. യുഎഇയിലെ സ്റ്റാർട്ടപ്പായ ഒക്യു ടെക്നോളജി ആശയ വിനിമയത്തിനും വിവര കൈമാറ്റത്തിനും ശേഖരണത്തിനുമായി വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ പേലോഡും വെള്ളം ഉപയോഗിച്ച് ഉപഗ്രഹം മുന്നോട്ടു നീക്കാൻ യുകെയിലെ സ്റ്റീംജെറ്റ് വികസിപ്പിച്ച പ്രൊപ്പല്ലറുമാണ് ബഹിരാകാശത്ത് എത്തിച്ച പേലോഡുകൾ.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പൂർണമായും തദ്ദേശീയമായാണ് എംബിആർഎസ്‌സിയുടെ നേതൃത്വത്തിൽ ഉപഗ്രഹം വികസിപ്പിച്ച്. അറബ് രാജ്യങ്ങളിൽ ആദ്യത്തെ പേലോഡ് വിക്ഷേപണമായിരുന്നു ഇന്നലത്തേത്. 550 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹത്തിന്റെ നിയന്ത്രണം എംബിആർഎസ്‌സിയിലെയും റാസൽഖൈമയിലെ അമേരിക്കൻ യുണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകൾക്കായിരിക്കും. ഉപഗ്രഹ നിർമാണത്തിൽ പൂർണമായും ഇമറാത്തികൾ മാത്രമാണ് പങ്കെടുത്തതെന്ന് എംബിആർഎസ്‌സി അറിയിച്ചു.
യുഎൻ ഓഫിസ് ഫോർ ഔട്ടർ സ്പേയ്സ് അഫേഴ്സുമായി സഹകരിച്ചാണ് ബഹിരാകാശ ഗവേഷണ രംഗത്തെ പുതിയ ചുവടുവയ്പ്പിനു എംബിആർഎസ്‌സി തയാറായത്. ബഹിരാകാശ സാങ്കേതിക രംഗത്ത് രാജ്യത്തിന്റെ കരുത്തും പ്രതിബദ്ധതയും വെളിപ്പെടുത്തുന്നതാണ് വിക്ഷേപണ വിജയമെന്ന് എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സാലെം ഹുമൈദ് അൽമാറി പറഞ്ഞു.
sfgsg

