ബിജെപി ഭരണകാലത്തെ എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
കർണാടകയിൽ അധികാരത്തിൽ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോൺഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തിൽ തെറ്റുകാരെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2018 മുതൽ 2023 വരെ കർണാടകത്തിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയർന്നു വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു ‘40% കമ്മീഷൻ’ വിവാദം. ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടർന്നാണ് സംസ്ഥാനത്ത് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ സർക്കാർ പദ്ധതിക്ക് 40% കമ്മീഷൻ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു. തുടർന്ന് ധാരാളം കാരാറുകാർ സമാന ആരോപണങ്ങൾ ഉയർത്തിയത് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി. ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തും.
കൂടാതെ, കൊവിഡ് സമയത്ത് ചാമരാജ്നഗർ ജില്ലാശുപത്രിയിൽ 36 രോഗികൾ ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ വിഷയത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതായി നിലവിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു റാവു നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആ സമയത്ത് കൊവിഡിനെ നേരിടാൻ വാങ്ങിയ ഉപകരണങ്ങളിൽ 3000 കോടിയുടെ അഴിമതി ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നതിലും അന്വേഷണം ഉണ്ടാകും. സംസ്ഥാനത്ത് നാല് മെഡിക്കൽ കോളേജുകൾ നിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.
rttrrtrt

