യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി


യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ പണം തട്ടുകയാണെന്നും അത്തരക്കാരുടെ വലയിൽ വീഴരുതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. എംബസിയുടെ പേര് ഉപയോഗിച്ച് യു.എ.ഇയിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വ്യാജ അക്കൗണ്ടിന്റെ വിവരങ്ങളും ഇതോടൊപ്പം എംബസി പുറത്തുവിട്ടിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ തടസം നേരിടുന്നവരെയാണ് വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പിന് വിധേയരാക്കുന്നത്. ind_embassy_mea.gov@protonmail.com എന്ന ഇമെയിൽ വിലാസവും ≅embassy_help എന്ന ട്വിറ്റർ അക്കൗണ്ടും ഉപയോഗിച്ചാണ് പണം തട്ടുന്നത്. ഇമെയിൽ, ട്വിറ്റർ എന്നിവ വഴി സന്ദേശം അയച്ചാണ് പ്രവാസികളെ കബളിപ്പിക്കുന്നത്. ഈ അക്കൗണ്ടുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

www.indembassyuae.gov.in എന്ന വെബ്‌സൈറ്റിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ വ്യക്തമായി നൽകിയിട്ടുണ്ട്. ഇതല്ലാതെയുള്ള ഒരു അക്കൗണ്ടുകളും എംബസിയുടേതല്ല. എംബസിയുടെ ട്വിറ്റർ അക്കൗണ്ട്, ഫെയ്സ്ബുക്ക് ഐഡി, ഇമെയിൽ വിലാസങ്ങൾ, ഔദ്യോഗിക ഫോൺ നമ്പർ എന്നിവ ഈ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണമെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ അവഗണിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു.

You might also like

Most Viewed