യുഎഇയിലെ ആദ്യ വനിത ഡീസൽ ടാങ്കർ ഡ്രൈവർ ; താരമായി ഡെലീഷ
ഫെബ്രുവരി 14നായിരുന്നു ഡെലീഷയ്ക്ക് യുഎഇ ഹെവി ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. അതോടെ യുഎഇയിലെ ആദ്യത്തെ വനിത ഡീസൽ ടാങ്കർ ഡ്രൈവറായിത്തീർന്നു തൃശൂർ കണ്ടശ്ശാങ്കടവ് സ്വദേശിനി ഡെലീഷ ഡേവിസ്. നാട്ടുകാരനായ മനീഷ് മനോഹറിന്റെ അജ്മാനിലെ മിഡ് ഏഷ്യ ബൾക് എന്ന ഓയിൽ കമ്പനിയിൽ ഡീസൽ ടാങ്കർ ട്രെയിലറിന്റെ ഡ്രൈവറായി ജോലി ലഭിച്ച് കഴിഞ്ഞ ഒക്ടോബർ 10ന് ദുബായിലെത്തിയ ഈ 24കാരിയ്ക്ക യു.എ.ഇയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 60,000 ലിറ്റർ ഇന്ധനശേഷിയുള്ള 18 ചക്ര ട്രെയിലറാണ് ഇപ്പോൾ ഓടിക്കുന്നത്. കേരളത്തിൽ 10 ചക്രങ്ങളുള്ള 12,000 ലിറ്റർ ടാങ്കറായിരുന്നു ഓടിച്ചിരുന്നത്.
ഡ്രൈവിങ് ലൈസൻസിനായി ദുബായ് ആർടിഎയെ സമീപിച്ചപ്പോൾ, ആദ്യം അമ്പരപ്പായിരുന്നു അവര്‍ക്ക് ആദ്യമായിട്ടായിരുന്നു ഈ മേഖലയിലെ ലൈസൻസിന് ഒരു വനിതയെത്തുന്നത്. ഈ ലൈസൻസിനായി അപേക്ഷാഫോമിൽ ആർടിഎയ്ക്ക് പുതിയൊരു കോളം തന്നെ സൃഷ്ടിക്കേണ്ടി വന്നു. ടാങ്കർ ലോറി ഡ്രൈവിങ് പരിശീലിപ്പിക്കാൻ വനിതാ ഇൻസ്ട്രക്ടർമാരില്ലാത്തതും ആദ്യം പ്രതിസന്ധിയുണ്ടാക്കി. ഒടുവിൽ 16 പുരുഷന്മാർക്കൊപ്പം പരിശീലനം നടത്തി. രണ്ടാമത്തെ 'പരീക്ഷണ'ത്തിലാണ് വിജയം നേടിയത്. താങ്കൾ നല്ല ഡ്രൈവറാണെന്ന് ലൈസൻസ് തരുമ്പോൾ ആർടിഎ അധികൃതർ പറഞ്ഞത് ഈ മേഖലയിൽ ശോഭിക്കാനുള്ള ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.

