അബുദാബിയിൽ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; വിദേശ പൗരന് അഞ്ച് ലക്ഷം ദിര്‍ഹം പിഴ
വിമാനത്തില്‍ ബോബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ വിദേശിക്ക് അബുദാബി കോടതി അഞ്ച് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് പൗരനായ ഇയാളെ പിഴ ഈടാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭീഷണി കാരണം വിമാന സര്‍വീസ് റദ്ദാക്കേണ്ടി വന്നിരുന്നു. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മാഞ്ചസ്റ്ററിലേക്ക് പോകേണ്ട വിമാനത്തിലെ യാത്രക്കാരനായിരുന്നു പ്രതി. എന്നാല്‍ ഇയാള്‍ വിമാനത്തില്‍ കയറാന്‍ വിസമ്മതിക്കുകയും വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ജീവനക്കാരോട് പറയുകയുമായിരുന്നു. ഇതോടെ അബുദാബി വിമാനത്താവളത്തിലെ സെക്യൂരിറ്റി ടീം കുതിച്ചെത്തി യാത്രക്കാരെയെയും ജീവനക്കാരെയുമെല്ലാം വിമാനത്തില്‍ നിന്ന് അടിയന്തിരമായി പുറത്തിറക്കി.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. ബാഗേജുകളും കാര്‍ഗോയും തിരിച്ചിറക്കി അവയെല്ലാം വിശദ പരിശോധനയ്‍ക്ക് വിധേയമാക്കുകയും ചെയ്‍തു. ബോംബ് കണ്ടെത്തുന്നതനുള്ള പ്രത്യേക സ്‍ക്വാഡ് സ്ഥലത്തെത്തി വിമാനത്തിനുള്ളില്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. നീണ്ട സുരക്ഷാ നടപടിക്രമങ്ങള്‍ കാരണം വിമാനം ഒടുവില്‍ റദ്ദാക്കേണ്ടി വന്നു. ഇത് യാത്രക്കാര്‍ക്കും വിമാനക്കമ്പനിക്കും സാമ്പത്തിക നഷ്‍ടമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ശിക്ഷാ നിയമം 31ലെ 324-ാം വകുപ്പ് പ്രകാരം അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.

