യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസി


 

ന്യൂഡൽഹി: യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിർദേശം. എന്നാൽ സാന്പത്തികമായി ബുദ്ധിമുട്ടിലായവർക്ക് വിമാന ടിക്കെറ്റങ്കിലും നൽകാൻ തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് ഇനിയും നീണ്ടേക്കും എന്നതിനാൽ യു.എ.ഇയിൽ വന്നു കുടുങ്ങിയവർ നാട്ടിലേക്ക് മടങ്ങണം എന്നാണ് എംബസിയും കോൺസുലേറ്റും ആവശ്യപ്പെട്ടത്. നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുന്പോൾ യാത്ര തുടരണമെന്നും എംബസി അറിയിച്ചു. എത്തേണ്ട രാജ്യത്തിന്‍റെ യാത്രനിബന്ധനകൾ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാൻ. വരുന്നവർ കൂടുതൽ പണം കൈയിൽ കരുതുകയും വേണം. യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഇന്നലെ യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറിന് കത്തയച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed