കോവിഡ്: യുഎഇയിൽ 352 പേർക്ക് രോഗമുക്തി; 271 പുതിയ രോഗികൾ


അബുദാബി: യുഎഇയിൽ 352 പേർ കോവിഡ് 19 മുക്തരായി. ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 49,621 ആയി. കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ആകെ മരണസംഖ്യ–340. പുതുതായി 271 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും ഇതോടെ രോഗബാധിതരുടെ എണ്ണം 57193 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കവേണ്ടെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

സമൂഹത്തിലെ എല്ലാ അംഗങ്ങളും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും സാമൂഹിക അകലങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യുഎഇയിൽ ജനജീവിതം സാധാരണ നിലയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന വേളയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണ്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed