യുഎഇയിൽ പുതുതായി 387 കോവിഡ് കേസുകൾ; 365 പേർ രോഗമുക്തി നേടി
അബുദാബി: യുഎഇയിൽ 24 മണിക്കൂറിനിടെ 387 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47,360 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാളാണ് ഇന്ന് മരിച്ചത്. ആകെ മരണം– 311. അതേസമയം 365 പേർ കൂടി കോവിഡ്–19 ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 35,834 ആയി ഉയർന്നു.
യുഎഇയിൽ കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ആറ് മാസം തടവ് അടക്കമുള്ള ശിക്ഷയാണ് ലഭിക്കുക. കൂടാതെ, കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് 100,000 ദിർഹം പിഴയുമാണ് ശിക്ഷയെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ഫെഡറൽ എമർജൻസി ഡയറക്ടർ സാലെം അൽ സഅബി പറഞ്ഞു.

