പ്രവാസി ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ വിസാ കാലാവധി തടസ്സമാകില്ല
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് വിസാ കാലാവധി തടസ്സമാകില്ല. മൂന്ന് മാസത്തെയെങ്കിലും വിസാ കാലാവധി ഇല്ലാത്തവർക്ക് വിദേശത്തേക്ക് മടങ്ങാൻ അനുമതി നൽകില്ലെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ യുഎഇയിലേക്ക് മടങ്ങുന്നതിന് ഇത് തടസ്സമാകില്ലെന്ന് യുഎഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി.
മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എല്ലാ താമസ, സന്ദർശകവിസകളും ഈ വർഷം അവസാനം വരെ പുതുക്കി നൽകിയിട്ടുണ്ട് യുഎഇ. ഇക്കാര്യം കോൺസുൽ ജനറൽ ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് യുഎഇയിലേക്ക് മടങ്ങുന്നതിന് വിസാ കാലാവധി ബാധകമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എമിഗ്രേഷൻ വിഭാഗത്തിനുംഎല്ലാ വിമാന കന്പനികൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. രണ്ട് ലക്ഷത്തോളം വിദേശികൾക്ക് മടങ്ങിയെത്താനുള്ള സംവിധാനം തയ്യാറായെന്ന് കഴിഞ്ഞ ദിവസമാണ് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാൻ smartserrvices.ica.gov.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അനുമതി കിട്ടിയാൽ എമിറേറ്റ്സ് ഇത്തിഹാദ് അടക്കമുള്ള വിമാന കന്പനികളിലേതിലെങ്കിലും ടിക്കറ്റെടുക്കാം. കുടുംബവുമായി എത്തുന്നവർക്ക്, അടിയന്തര സാഹചര്യം ബോധ്യപെടുത്താനാകുന്നവർക്ക് എന്നിവർക്കാണ് മുൻഗണന.

