കൊവിഡ് പോരാളികൾക്ക് നന്ദി അർപ്പിച്ച് ശൈഖ് ഹംദാന്റെ കത്ത്
ദുബൈ: കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ’ എന്ന് തുടങ്ങുന്ന കത്ത് ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.
ശൈഖ് ഹംദാന്റെ കത്തിന്റെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ., ധൈര്യശാലികളായ മുന്‍നിര പോരാളികളെ... ഞങ്ങളുടെ ഏറ്റവും പ്രയാസമേറിയ സമയത്ത് നിങ്ങൾ വെല്ലുവിളി ഏറ്റെടുത്തു. നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും അർത്ഥങ്ങൾ നിങ്ങൾ പുനർ നിർവ്‍വചിച്ചു. നിങ്ങളുടെ അപാരമായ ധൈര്യം സമൂഹത്തെ സംരക്ഷിക്കുന്നതിന് അജയ്യമായ കോട്ടയാണ് പണിതത്. പകർച്ചവ്യാധിക്കും ഞങ്ങൾക്കും ഇടയിൽ അതിർത്തികൾ സൃഷ്ടിച്ച് നിങ്ങൾ ഇന്നത്തെ ഏറ്റവും മികച്ച സൈനികരായി. ഞങ്ങളുടെ രാജ്യത്തെ രാജ്യത്തെ സംരക്ഷിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഞങ്ങൾക്ക് സുരക്ഷ ഉറപ്പാക്കിയതിന് നിങ്ങൾക്ക് നന്ദി. പുതിയ നായകന്‍മാർക്ക് കടന്നു വരാനുള്ള ഏറ്റവും മികച്ചമാതൃകയാണ് നിങ്ങൾ തീർത്തിരിക്കുന്നത്. നിങ്ങളുടെ ത്യാഗം ഏറെ പ്രചോദനകരവും വിനീതവും ചരിത്രത്തിൽ എന്നേക്കും ഓർമ്മിക്കുന്ന പാരന്പര്യവുമായിരിക്കും. ദൈവകൃപയാൽ നാം ഈ സമയങ്ങളും കടന്നു പോകും. നമുക്ക് ഒന്നിച്ച് നിന്ന് കൂടുതൽ ശക്തരും ദൃഢനിശ്ചയമുള്ളവരുമായി ഭാവി രൂപപ്പെടുത്തുന്നതിനുള്ള യാത്ര തുടരാം.
നിങ്ങളുടെ സഹോദരൻ ഹംദാൻ ബിൻ മുഹമ്മദ്.

