കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബൈ

ദുബൈ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുബൈയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ട്രാം, ജലായന സർവ്വീസുകൾ പുനരാരംഭിച്ചു. പാർക്കുകൾ, ഹോട്ടൽ ബീച്ചുകൾ എന്നിവ തുറന്നു. പാർക്കുകളിൽ ഒരുമിച്ച് അഞ്ചു പേരിൽ കൂടുതൽ അനുവദിക്കില്ല. വാട്ടർ സ്‌പോർട്‌സ്, സൈക്ലിങ് തുടങ്ങിയവയ്ക്കും കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി അനുമതി നൽകി. ഹോട്ടലുകളുടെ ബീച്ചിൽ താമസക്കാർക്ക് കർശന നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. എന്നാൽ പൊതു ബീച്ചുകളിലെ പ്രവേശനത്തിനും പൊതു−സ്വകാര്യ വേദികളിലെ വിരുന്നുകൾക്കും വിലക്ക് തുടരും. നിയന്ത്രണങ്ങൾക്ക് ഘട്ടം ഘട്ടമായാണ് ദുബായിൽ ഇളവുകൾ നൽകുന്നത്.
ജിമ്മുകൾ, ഫിറ്റ്‌നെസ് സെന്ററുകൾ, സ്പാ, നീന്തൽ കുളങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളും തുടരും. സന്ദർശകരുടെ ശരീരോഷ്മാവ് മനസ്സിലാക്കാന്‍ എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്‌കാനറുകൾ ഉണ്ടായിരിക്കണം.
ട്രാം, ജലയാന സർവ്വീസുകൾ പുനരാരംഭിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കി. ട്രാം യാത്രയ്ക്ക് 30 മിനിറ്റ് മുന്പ് സ്റ്റേഷനിൽ എത്തണമെന്ന് ആർടിഎ അറിയിച്ചു. ട്രാമുകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മണി മുതൽ രാത്രി 11 വരെ സർവ്വീസ് നടത്തും. വെള്ളിയാഴ്ച സർവ്വീസ് രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെയാണ്. ജലയാനങ്ങൾ രാവിലെ 8.30 മുതൽ രാത്രി 9 മണി വരെയാണ് സർവ്വീസ് നടത്തുന്നത്.