നോർക്ക കെയർ പദ്ധതിക്ക് തുടക്കം : പ്രവാസികളെ ചേർത്തുപിടിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ഷീബ വിജയൻ
തിരുവനന്തപുരം I ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച് നാടിന്‍റെ പുരോഗതിക്കായി വലിയ സംഭാവന നല്കുന്നവരാണ് പ്രവാസി സമൂഹമെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവും നാടിന്‍റെ വികസനത്തിന് വലിയ സഹായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്കായുളള "നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഒട്ടേറെ ഇൻഷുറൻസ് പദ്ധികളുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം നിരക്കിന്‍റെ കുറവ് ഈ പദ്ധതിയുടെ ആകർഷണമാണ്. മറ്റൊരു പ്രത്യേകത കേരളത്തിൽ അഞ്ഞൂറിലധികം ആശുപത്രികളിലൂടെ ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നുവെന്നതാണ്. നിലവിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കും.
AZAAadsads