നീല്‍ പുരുഷ് കുമാറിന്റെ കൊലപാതകം: പ്രതി പിടിയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ ബിസിനസുകാരനായ തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പുവ്വത്തുകടവില്‍ സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാറി (30) െന്‍റ കൊലപാതകിയെ ബ്രണ്ടിഡ്ജ് പൊലീസ് പിടികൂടി. ട്രോയിയിലെ താമസക്കാരനായ ലിയോണ്‍ ടെറല്‍ ഫ്ലവേഴ്‌സ് (23) ആണ് കൊലപാതകം നടത്തിയതെന്ന് പൈക്ക് കൗണ്ടി പൊലീസ് മേധാവി റസ്സല്‍ തോമസ് പറഞ്ഞു.
കൊലപാതകം കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ട്രോയ് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനൊപ്പം ഗ‍്യാസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് എസ് ബൈ റൈറ്റ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട് ടൈം ജോലിയും ചെയ്തിരുന്ന നീലിനെ, ബുധനാഴ്ച രാവിലെ 6.07ന് കടയില്‍ അതിക്രമിച്ച് കയറിയ ലിയോണ്‍ ടെറല്‍ ഫ്ലവേഴ്‌സ് യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ച് കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെ തന്നെ പ്രതിയെ പിടികൂടിയിരുന്നുവെങ്കിലും എന്നാല്‍ കൂടുതല്‍ അന്വേഷണം നടക്കാനുള്ളത് കാരണം രഹസ‍്യമാക്കിവെക്കുകയായിരുന്നു.
തൊഴില്‍ രഹിതനാണ് പ്രതി. ഇയാളെ പൈക്ക് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2015 ല്‍ 19 കാരനായ മാന്ത്രെല്‍ ജോര്‍ദാനെ വെടിവച്ചുകൊന്ന കേസില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിയുടെ പേരില്‍ നാല് ശിക്ഷകളുണ്ടെന്ന് പൈക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, തോമസ് ആന്‍ഡേഴ്സനും പറഞ്ഞു. അന്ന് പിടിയിലായ പ്രതിയെ, മനഃപൂര്‍വ്വമല്ലാതെയുളള വധമെന്ന് കണ്ടും ശിക്ഷ സമയത്തെ നല്ലപെരുമാറ്റവും പിതാവിന്‍റെ കരുണാപേക്ഷയും പരിഗണിച്ചാണ് ഏപ്രില്‍ 30 ന് പ്രൊബേഷനില്‍ വിട്ടയച്ചതെന്ന് അറ്റോര്‍ണി വ‍്യക്തമാക്കി.
തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് വിവരം ഏജന്‍സികള്‍ പുറത്ത് വിട്ടത്.നീലിന്റെ കുടുംബവും ഇതിന് സാക്ഷികളായിരുന്നു. വരും ദിവസങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ കോടതി നിരീക്ഷിക്കും. ട്രോയ് സര്‍വകലാശാലയില്‍ സൈബര്‍ സുരക്ഷ വിഭാഗത്തില്‍ അവസാന സെമസ്റ്റര്‍ വിദ‍്യാര്‍ഥിയായിരുന്നു നീല്‍. വീട്ടുകാരെ അറിയിക്കാതെയാണ് പാര്‍ട് ടൈം ജോലി ചെയ്തിരുന്നത്. സഹപാഠികള്‍ക്കും അധ‍്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നീലിന്‍റെ സംസ്കാര ശ്രുശ്രുഷ ഞായറാഴ്ച വൈകീട്ട് 3.30ന് ട്രോയ് ഡില്ലാര്‍ഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ നടന്നിരുന്നു. നീലിന്‍റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലാണ്.

