യു.എ.ഇ. നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നൽകുന്നു
ദുബായ്: പതിമ്മൂന്നുമേഖലകളിലായി 122 വാണിജ്യ ഇടപാടുകളിൽ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാൻ ചൊവ്വാഴ്ച ചേർന്ന യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാനമായ മേഖലകളിൽ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നൽകുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അധ്യക്ഷതയിൽചേർന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ഇക്കാര്യം ശൈഖ് മുഹമ്മദ് തന്നെയാണ് പിന്നീട് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
പുനരുപയോഗ ഊർജം, ബഹിരാകാശം, കൃഷി, നിർമാണം, വ്യവസായം തുടങ്ങിയവയാണ് നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം ലഭിക്കുന്ന മേഖലകൾ. സൗരോർജപാനലുകളുടെ നിർമാണം, പവർ ട്രാൻസ്ഫോർമർ, ഹൈബ്രീഡ് പവർ പ്ലാൻുകൾ തുടങ്ങിയവയിൽ വിദേശികൾക്ക് നൂറുശതമാനം നിക്ഷേപം നടത്താം.
ഇ-കൊമേഴ്‌സ് ട്രാൻസ്പോർട്ട്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും. വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും ലളിതമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.
ഹോസ്പിറ്റാലിറ്റി, ഭക്ഷ്യമേഖല, വാർത്താവിതരണവും വിനിമയവും, ശാസ്ത്രസാങ്കേതികപ്രവർത്തനങ്ങൾ, ഗവേഷണത്തിനുള്ള ലബോറട്ടറികൾ, വിദ്യാഭ്യാസമേഖല, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിച്ചിട്ടുണ്ട്. എത്രത്തോളം നിക്ഷേപം ആവാമെന്ന് പ്രാദേശിക ഗവൺമെന്റുകൾക്ക് തീരുമാനിക്കാം. രാജ്യത്തെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.

