സോഫ്റ്റ് വെയർ തകരാർ : എയർ ഇന്ത്യ വിമാനങ്ങൾ വൈകി
ദുബൈ : സോഫ്റ്റ്വെയർ തകരാർ മൂലം യു.എ.ഇയിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവ്വീസുകൾ വൈകിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. കൊച്ചി, കോഴിക്കോട് സെക്ടർ ഉൾപ്പെടെ ദുബൈയിൽനിന്ന് നാല് വിമാനങ്ങളാണ് എയർ ഇന്ത്യയിലെ സോഫ്റ്റ്വെയർ തകരാർ മൂലം വൈകി സർവ്വീസ് നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12:20ന് മംഗലാപുരത്തേയ്ക്കും 12:40ന് ഡൽഹിയിലേയ്ക്കും പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നാല് മണിയോടെയാണ് യാത്ര തിരിച്ചത്. ഉച്ചയ്ക്ക് 1:30നുള്ള ദുബൈ-കൊച്ചി എയർ ഇന്ത്യ വിമാനവും 2:45നുള്ള ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനവും മണിക്കൂറുകളോളം വൈകി. തകരാർ ഇന്ത്യയിൽനിന്നും വിവിധ രാജ്യങ്ങളിലേയ്ക്കുള്ള ഇരുപത്തഞ്ചോളം വിമാന സർവ്വീസുകളെയാണ് ബാധിച്ചത്.




