പെരുന്നാൾ അവധി : ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധന
മനാമ : കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാൾ അവധി ദിനങ്ങളിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം ഒന്പത് ശതമാനം ഉയർന്നതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. അഞ്ച് ദിവസത്തെ അവധിയിൽ 142,725 യാത്രക്കാരാണ് യാത്ര ചെയ്തത്. വിമാന സർവ്വീസുകളിലും സമാനമായ കുതിപ്പാണ് ഉണ്ടായത്.
പെരുന്നാൾ അവധി ദിനങ്ങളിൽ 1331 അധിക വിമാന സർവ്വീസുകൾ നടന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതലാണ് ഇത്. എന്നാൽ ഈദ് അവധി ദിനങ്ങളിൽ വന്ന യാത്രക്കാരുടെ തിരക്കിനെ വളരെ കാര്യക്ഷമമായി തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചതായി ബഹ്റൈൻ ഇന്റർനാഷ്ണൽ എയർപോർട്ട് കന്പിനിയുടെ ചീഫ് എയർപോർട്ട് ഓപ്പറേഷൻസ് ഓഫീസർ മൈക്കൽ ഹോഹെൻ ബെർഗർ പറഞ്ഞു. വിമാനത്താവളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി കൂടുതൽ കന്പനികൾ സർവ്വീസുകൾ ആരംഭിച്ചതിന്റെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്നും അദേഹം കൂട്ടിച്ചേർത്തു.
അതേ സമയം അവധിയുടെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ കിംഗ് ഫഹദ് കോസ്്വേ വഴി 160,506 യാത്രക്കാർ സൗദിയിലേക്കും, സൗദിയിൽ നിന്നും 199,021 പേർ ബഹ്റൈനിലേക്കും യാത്ര ചെയ്തു. പെരുന്നാൾ ദിനങ്ങളിൽ എത്തിയ സന്ദർശകരുടെ തിരക്ക് ഹോട്ടൽ വ്യവസായ രംഗത്തുള്ളവർക്കും ഏറെ ഗുണകരമായിട്ടുണ്ട് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ഇത്തവണത്തെ പെരുന്നാൾ അവധിയിൽ ബഹ്റൈനിലേക്ക് എത്തിയ സന്ദർശകരുടെ തിരക്ക് ബഹ്റൈനിലെ ടൂറിസം വിഭാഗത്തിന് അനുകൂലമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




