ഷാ­ർ­ജയെ­ ശി­ശു­ സൗ­ഹൃ­ദ നഗരമാ­യി­ പ്രഖ്യാ­പി­ച്ചു­


ഷാർജ : ഐക്യരാഷ്ട്രസഭയുടെ ശിശുനിധി (യൂണിസെഫ്) ഷാർജയെ ശിശുസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഷാർജ നടത്തുന്ന പരിശ്രമങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യനഗരമാണ് ഷാർജ. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യു.എൻ കൺവെൻഷൻ പ്രകാരം കുട്ടികളോടുള്ള സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാൻ യൂണിസെഫ് തുടങ്ങിയ സി.എഫ്.സി.സംരംഭത്തിൽ നിർദ്ദേശിക്കുന്ന അന്താരാഷ്ട്ര മാനദണ്ധങ്ങൾ നടപ്പിലാക്കുന്ന നഗരം കൂടിയാണ് ഷാർജ.

ഷാർജ കൺസൾട്ടേറ്റീവ് കൗൺസിലിൽ നടന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അല് ഖാസിമി യൂണിസെഫിന്റെ അംഗീകാരപത്രം ഏറ്റുവാങ്ങി. സാങ്കേതികതയോ ആധുനിക ഉപകരണങ്ങളോ അല്ല, സമൂഹത്തിന്റെ വികസനവും ദിശയും നിർണയിക്കുന്നത് മനുഷ്യരാണ്. അതുകൊണ്ട് സമൂഹത്തിന് കൃത്യമായ അടിത്തറ പാകാൻ ഭാവിതലമുറയെ രൂപപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഷാർജ ഭരണാധികാരി ചടങ്ങിൽ പറഞ്ഞു.

ഈ നേട്ടത്തിനായി പരിശ്രമിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ഈ നേട്ടം നിങ്ങളുടേതാണ്, നിങ്ങൾക്കായി പരിശ്രമം തുടരുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. കുട്ടികൾക്ക് സമൂഹത്തിൽ കൂടുതൽ സ്വാധീനമുണ്ടാകാനും രാജ്യത്തോടുള്ള വിശ്വസ്തത വർദ്ധിപ്പിക്കാനുമാണ് കുട്ടികളുടെ ശൂറ കൗൺസിൽ, യൂത്ത് ശൂറ കൗൺസിൽ എന്നിവ സ്ഥാപിച്ചതെന്നും ഷാർജ ഭരണാധികാരി ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed